മരണത്തോടും പോരാടി 29 ദിവസം

തിരുവനന്തപുരം: മർദനങ്ങൾക്കുമുന്നിൽ കീഴടങ്ങാത്ത വി എസ് അച്യുതാനന്ദൻ എന്ന പോരാളി അവസാനം രോഗത്തിനുമുന്നിലും നടത്തിയത് പോരാട്ടംതന്നെയായിരുന്നു. ഹൃദയാഘാതംവന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ 29 ദിവസം രോഗത്തോട് പോരടിച്ചാണ് വി എസ് എന്ന സൂര്യൻ മാഞ്ഞത്.
പക്ഷാഘാതംവന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജൂൺ 23 മുതൽ 2 കീഴടങ്ങാതെ മരണത്തോട് പോരാടുകയായിരുന്നു.
മരുന്നുകളോട് കൃത്യമായി പ്രതികരിച്ച്, മനസ്സിന്റെ ഊർജം 102 വയസ്സ് പിന്നിട്ട ശരീരം നിലനിർത്തി. അബോധാവസ്ഥയിലും ശരീരം ചികിത്സകളോട് പ്രതികരിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചതായിരുന്നു പല നിമിഷങ്ങളും. ചികിത്സ മാറ്റമില്ലാതെ തുടർന്നു. എസ്‌യുടിയിലെ ഡോക്ടർമാരുടെ പ്രത്യേകസംഘത്തിനായിരുന്നു ചികിത്സാ ചുമതലയെങ്കിലും ഗവ. മെഡിക്കൽ കോളേജിൽനിന്നുള്ള പ്രത്യേക സംഘവും ചികിത്സ നിരീക്ഷിച്ചു.
തിങ്കളാഴ്‌ച രാവിലെ രക്തസമ്മർദം പെട്ടെന്ന് കുറഞ്ഞു. ഉച്ചയോടെ സ്ഥിതി മോശമാകുകയായിരുന്നു. പകൽ 3.20ഓടെ ഡോക്ടർമാർ ആ ശ്വാസം നിലച്ചതായി അറിയിച്ചു.
നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തി
ഒരുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കൾ രാവിലെ രക്തസമ്മർദം അൽപം കുറഞ്ഞു. ഉച്ചയ്‌ക്കുശേഷം പെട്ടെന്ന് സ്ഥിതി വഷളായി.
വിദഗ്‌ധസംഘം അവസാനശ്രമംകൂടി നടത്തി. മെഡിക്കൽ ബോർഡ് അംഗങ്ങളും എത്തി. അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ളയും ആശുപത്രിയിലേക്ക് എത്തി. കുടുംബാംഗങ്ങളും നേതാക്കളുമുൾപ്പെടെ മെഡിക്കൽ ബോർഡുമായി കൂടിക്കാഴ്‌ച നടത്തി. 3.20 ഓടെ വി എസ് എന്ന സമരപോരാളി വിടപറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും ആശുപത്രിയിലുണ്ടായിരുന്നു.
വി എസിന്റെ നില ഗുരുതരമാണെന്ന വാർത്ത പരന്നതോടെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. കൊല്ലത്തായിരുന്ന സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും തിരുവനന്തപുരത്തേക്ക് തിരിച്ചു.
നേതാക്കൾ, മന്ത്രിമാർ, എംഎൽഎമാർ, സാധരണക്കാരായ പ്രവർത്തകർ.. എന്നിവരെല്ലാം പട്ടത്തെ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, പി സതീദേവി, പുത്തലത്ത് ദിനേശൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് നേതാവ് വി എം സുധീരൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ്, എം വി ജയരാജൻ, സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും എത്തി.
വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം
പുന്നപ്ര– വയലാർ സമരപോരാളികൾ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലെ മണ്ണിൽ വിഎസ് അച്യുതാനന്ദനും അന്ത്യവിശ്രമം. ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷമാണ് സംസ്‌കാരം.
തിങ്കൾ വൈകിട്ടോടെ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ച മൃതദേഹം രാത്രിയോടെ ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ ‘വേലിക്കകത്ത്’ വീട്ടിൽ എത്തിക്കും. ചൊവ്വ രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിനുവയ്‌ക്കും. ഇവിടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രാമൊഴി. ഇവിടെ പൊതുദർശനത്തിന് അവസരമൊരുക്കും.ഉച്ചയ്‌ക്കുശേഷം ദേശീയപാതവഴി വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധൻ രാവിലെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കും.










0 comments