"വി എസിനെ കണ്ടതും എല്ലാംമറന്ന് അഭിവാദ്യമേകി"; കയർപിരിക്കും കൈക്കരുത്ത്

കെ എസ് ലാലിച്ചൻ
Published on Jul 23, 2025, 02:39 AM | 1 min read
മുഹമ്മ : വി എസിന്റെ വിയോഗവാർത്ത ടിവിയിൽ കാണുന്നതിനിടെ വീട്ടിലിരുന്ന് മുഷ്ടിചുരുട്ടി ഹൃദയാഭിവാദ്യമേകുന്ന വൈറൽ ചിത്രത്തിലെ വയോധിക ഇവിടെയുണ്ട്. 90 വയസായ കയർപിരിതൊഴിലാളി ആലപ്പുഴ കഞ്ഞിക്കുഴി ഒമ്പതാം വാർഡിലെ വരകാടിക്കാരുടെ സരോമ്മ എന്ന സരോജിനിയാണ് മുഷ്ടിചുരുട്ടിയ വിപ്ലവം എന്ന തലവാചകത്തിൽ ഹിറ്റായ ചിത്രത്തിലെ നായിക.
അയൽവാസി നെടുംചിറയിൽ അനീഷിന്റെ വീട്ടിൽ ടിവി വാർത്ത കാണുകയായിരുന്നു. കേൾവികുറഞ്ഞ സരോമ്മ ടിവിയുടെ അടുത്തേക്ക് നീങ്ങിനിന്നു, മുഷ്ടിചുരുട്ടി നിൽക്കുന്ന വി എസിനെ കണ്ടതും എല്ലാംമറന്ന് അഭിവാദ്യമേകി. പിന്നിലിരുന്ന അനീഷ് ഈ രംഗം ഫോണിൽ പകർത്തി സുഹൃത്ത് വിനീതിന് അയച്ചുകൊടുത്തു. വിനീത് ഇത് സ്റ്റോറിയായും സ്റ്റാറ്റസായും ഇട്ടതോടെ നിരവധിപേർ ഈ ചിത്രം പങ്കുവച്ചു.
"ഇന്നലെ വൈകുന്നേരംമുതൽ കണ്ടതിൽ ഏറ്റവും മനോഹരമായ ചിത്രം' എന്നാണ് മുഖപുസ്തകത്തിൽ ചിത്രം പങ്കുവച്ച് ബിനീഷ് കോടിയേരി കുറിച്ചത്. പ്രമുഖ മാധ്യമപ്രവർത്തകരടക്കം ചിത്രം പങ്കിട്ടു. തോപ്പുവെളി പുത്തൻചിറയിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യയാണ് സരോജിനി.
ഇന്നും പാർടി പരിപാടികളിൽ സജീവമാണ്. ഒരുവർഷം മുമ്പുവരെ പുന്നപ്ര–വയലാർ മാരാരിക്കുളം വാർഷികദിനത്തിൽ മാരാരിക്കുളത്ത് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ പ്രകടനത്തിന്റെ മുൻനിരയിൽ വലിയകൊടി പിടിച്ച് സരോമ്മ നിന്നു. മുദ്രാവാക്യം നിർത്തിയാൽ സരോമ്മ ചൂടാകുമായിരുന്നു. വയലാറിൽ പോയി പുഷ്പാർച്ചന നടത്തുന്നതും മുടക്കാറില്ലായിരുന്നു. ഒത്തിരിതവണ വി എസിനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസംഗം ഇഷ്ടമാണെന്നും സരോമ്മ പറഞ്ഞു.








0 comments