സഖാവിന്റെ മുൻമുനിയൂർ കുട സ്‌നേഹം ബിന്ദു മറക്കില്ല, കൊട്ടാരക്കരയും

പി ആർ ദീപ്തി
Published on Jul 22, 2025, 10:17 PM | 1 min read
കൊല്ലം: ‘മുൻമുനിയൂർ’ കുടയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ സമരനായകന്റെ വിളി വീണ്ടും എത്തിയത് ബിന്ദു പ്രകാശിന് ഇന്നും ഒളിമങ്ങാത്ത ഓർമയാണ്. 2015ൽ ആണ് അത്. ഉമ്മന്നൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്‌ഘാടനംചെയ്യാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി എസ്. ബിന്ദു അന്ന് ഉമ്മന്നൂർ സിഡിഎസ് ചെയർപേഴ്‌സണാണ്.
വിലയന്തൂർ ശിവ ആക്ടിവിറ്റി ഗ്രൂപ്പ് ആരംഭിച്ച സംരംഭമായ ‘മുൻമുനിയൂർ’ കുട നിർമാണ യൂണിറ്റ് അതിനകം സംസ്ഥാനത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പഞ്ചായത്തിലെത്തിയ വി എസ് സംരംഭത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഒപ്പം ‘മുൻമുനിയൂർ’ എന്ന പേരിനെക്കുറിച്ചും. മൂന്നു മുനിമാർ തപസ്സിരുന്ന മുനിയൂരിൽനിന്നാണ് പേരിന്റെ ഉത്ഭവമെന്നു പറഞ്ഞതോടെ ചരിത്രത്തെക്കുറിച്ച് ഓർമകൾ ഉണ്ടായിരിക്കണമെന്ന് സ്വതസിദ്ധമായ ശൈലിയിലൂടെ വി എസ് ഓർമിപ്പിച്ചു. അക്കാര്യം ഇന്നും തെളിമയോടെ ഓർത്തെടുക്കുകയാണ് ഉമ്മന്നൂർ പഞ്ചയത്ത്‌അംഗം കൂടിയായ ബിന്ദു.
വി എസ് വീട്ടിലെത്തിയതോടെ ചുവന്ന കാലൻകുട കണ്ട ഭാര്യ വസുമതിക്കും ഇതുപോലൊന്നു വേണമെന്നായി. അധികം വൈകാതെ വി എസ് വാളകത്ത് മറ്റൊരു ചടങ്ങിനെത്തി. ‘ഒരു കുട കൂടി കിട്ടുമോ' എന്നായി ഒപ്പം വേദിയിലുണ്ടായിരുന്ന സിപിഐ എം നേതാവ് പി കെ ജോൺസണിനോടുള്ള ചോദ്യം. ഉടൻ എത്തിക്കാമെന്നു മറുപടി. ബിന്ദു പ്രകാശ് വേദിയിലെത്തി വി എസിനു ചുവന്ന കുട സമ്മാനിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ കുട ഏറ്റുവാങ്ങുന്ന രംഗം ബിന്ദുവിന് മറക്കാനാകില്ല, കൊട്ടാരക്കരയ്‌ക്കും. ജനനായകന് കുട കൈമാറിയ ചിത്രം വീട്ടിലെ ചുമരിൽ ചില്ലിട്ട് സൂക്ഷിക്കുന്ന ബിന്ദുവിന്റെ വാട്‌സാപ് പ്രൊഫൈൽ ചിത്രവും അതുതന്നെയാണ്.








0 comments