31 May Sunday

കൊറോണാ വൈറസ് : ഇത് ഐക്യദാർഢ്യത്തിനുള്ള സമയമാണ്...വിജയ് പ്രഷാദ് എഴുതുന്നു

വിജയ് പ്രഷാദ്Updated: Thursday Feb 13, 2020

'ഒരു ഡോക്ടറോ നഴ്സോ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്ന സമയത്ത് എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്.  ജനങ്ങളെ സേവിച്ചുകൊള്ളാം എന്നതാണത്. ഇതുതന്നെയാണ് കൊറോണക്കെതിരെയുള്ള പോരാട്ടത്തിലും അവരെ നയിക്കേണ്ടതെന്ന് ഴാങ് വെൻഹോങ് പറഞ്ഞു.

ഈ അടിയന്തിര സാഹചര്യത്തിൽ ഒട്ടും സമയം പാഴാക്കാനില്ലാത്തതിനാൽ വുഹാൻ യൂണിയൻ ആശുപത്രിയിലെ 31 നഴ്‌സുമാർ തങ്ങളുടെ നീളമുള്ള മുടി മുറിച്ചുകളഞ്ഞത് മറ്റൊരുദാഹരണം. തങ്ങളുടെ ഷിഫ്റ്റുകൾക്ക് തയ്യാറെടുക്കാനുള്ള സമയം ലാഭിക്കാൻ അവർ സ്വമേധയാ എടുത്ത തീരുമാനമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിട്ടുള്ള യുവ ഡോൿടർമാർ ആശുപത്രികളിൽ ഷിഫ്റ്റുകളായി പ്രവർത്തിക്കാൻ കൂട്ടം കൂട്ടമായെത്തി'...വിജയ് പ്രഷാദ് എഴുതുന്നു.

2019 ഡിസംബർ. ലോകത്തെ ഒരു ആരോഗ്യ അടിയന്തരാവസ്ഥ എന്ന പ്രതിസന്ധിയിലേക്ക് നയിച്ച നോവൽ കൊറോണാ വൈറസ് (2019- nCoV/novel corona virus)  ചൈനയിലെ വുഹാൻ (Wuhan)  പ്രവിശ്യയിലെ നിരവധി മനുഷ്യരിലേക്ക് ആദ്യമായി പടർന്നുകയറിയത് ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു. ഉറപ്പിച്ച് പറയാനാവില്ലെങ്കിലും വുഹാനിലെ, ഹുവാനൻ (Huanan) കടൽവിഭവ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നുപിടിച്ചത് എന്ന് പ്രാഥമിക നിഗമനങ്ങൾ സൂചിപ്പിക്കുന്നു. കൊറോണാ വൈറസിന്റെ ഈ പുതിയ ഇനം ആദ്യദിവസങ്ങളിൽ തന്നെ നൂറോളം ആളുകളെ ബാധിച്ചു. എന്നാൽ വളരെപ്പെട്ടെന്ന്‌ ഈ പുതിയ ഇനം വൈറസ്സിനെ കണ്ടു പിടിക്കുകയും അതിനെതിരെയുള്ള പ്രതിരോധചികിത്സാ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു ചൈന. രോഗം ശരീരത്തിൽ പ്രത്യക്ഷമാവുന്നതിന് മുൻപുള്ള ഇൻക്യുബേഷൻ പീരിയഡിലും വൈറസ് മറ്റുള്ളവരിലേക്ക് പടരും എന്ന അതീവ ഗുരുതരമായ സാഹചര്യമുണ്ടായിരുന്നതിനാൽ രാജ്യത്തെ മുപ്പത് പട്ടണങ്ങളിൽ ലെവൽ1 അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ഒരു കോടിയിലധികം ജനസംഖ്യയുള്ള വുഹാൻ പ്രവിശ്യയിൽ quarantine (അകത്തേയ്‌ക്കും പുറത്തേയ്‌ക്കുമുള്ള യാത്ര തടഞ്ഞുകൊണ്ടുള്ള നടപടി) പ്രഖ്യാപിക്കുകയും ചെയ്‌തു. ലോകത്തെമ്പാടുമായി വൈറസ് ബാധയുള്ളവരുടെ എണ്ണം പതിനായിരത്തോടടുത്തതോടെ 2020 ജനുവരി 30ന് ലോകാരോഗ്യ സംഘടന  (WHO)  ഔദ്യോഗികമായി 'ആഗോള ആരോഗ്യ അടിയന്തരാവസ്ഥ' (Global Health Emergency)    പ്രഖ്യാപിച്ചു.

ലോകത്ത് അതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരിനം വൈറസ് വുഹാനിൽ പടർന്നുപിടിച്ചതിന്റെ അടുത്ത ദിവസങ്ങളിൽതന്നെ കണ്ടു പിടിക്കുകയും, കൂടുതൽ പരിശോധനകൾക്കും, പ്രതിരോധത്തിനും ചികിത്സയ്ക്കും സഹായിക്കും വിധമുള്ള ഗവേഷണങ്ങൾക്കും വേണ്ടി അതിന്റെ ജനിതക ഘടനയുടെ രൂപരേഖ   (genome sequence)  വരച്ചെടുക്കുകയും, അത് ലോകാരോഗ്യ സംഘടനയടക്കമുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്ത ചൈനയുടെ വേഗതയും സാങ്കേതിക മികവും പ്രശംസയർഹിക്കുന്നതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അധാനം ഗെബ്രിയേസസ് (Tedros Adhanom Ghebreyesus) 2020 ജനുവരി 30ലെ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. പല തരത്തിലും ചൈനയ്ക്ക് ലോകത്തിനു മുൻപിൽ ഒരു പുത്തൻ സ്റ്റാൻ‌ഡേർഡ് തന്നെ സ്ഥാപിക്കാൻ കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാഭത്തെക്കാൾ ജനങ്ങൾക്ക് പ്രാധാന്യം നൽകേണ്ടത് എങ്ങനെ എന്നറിയാത്ത മുതലാളിത്ത വ്യവസ്ഥയെ അപേക്ഷിച്ച്, ഇത്തരമൊരു പകർച്ചവ്യാധിയെ നേരിടുന്നതിൽ ചൈനീസ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കുള്ള മേന്മയെപ്പറ്റി, പുതുതായി രൂപീകരിച്ച ഖിയാവോ കളക്റ്റീവ് (Qiao Collective) ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെദ്രോസ് ഗെബ്രിയേസസ് പത്രസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞത് ഇതാണ്:

“ഇത് ഭയത്തിനുള്ള സമയമല്ല, വസ്തുതകളുടേതാണ്.
ഇത് അഭ്യൂഹങ്ങൾ പരത്തേണ്ട സമയമല്ല, ശാസ്‌ത്രചിന്തയുടെയും പ്രവർത്തനങ്ങളുടെയും സമയമാണ്.
കളങ്കപ്പെടുത്തലുകളുടേതല്ല, ഐക്യദാർഢ്യത്തിന്റെ സമയമാണിത്.”

(This is the time for facts, not fear.
This is the time for science, not rumours.
This is the time for solidarity, not stigma.)

അതേസമയം, കൊറോണാ പ്രതിസന്ധി ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ഉലയ്‌ക്കുമെന്നും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ അമേരിക്കയിലേക്ക് കടന്നുവരികയും ചെയ്യുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയാണ് യു.എസ്. വാണിജ്യ സെക്രട്ടറി വിൽബർ റോസ്സ് ചെയ്തത്. ഇത് വെളിവാക്കുന്നത് ഹൃദയശൂന്യത മാത്രമല്ല. പലതരത്തിലും കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്നത്തെ ലോക സമ്പദ്‌വ്യവസ്ഥയെപ്പറ്റിയുള്ള യു.എസ്. വാണിജ്യ സെക്രട്ടറിയുടെ ധാരണക്കുറവു കൂടിയാണ് ഇവിടെ വ്യക്തമാവുന്നത്. കാറുകൾക്കും കമ്പ്യൂട്ടറുകൾക്കും മാത്രമല്ല യു.എസ്. ചൈനീസ് ഉത്‌പാദനമേഖലയെ ആശ്രയിക്കുന്നത്. യു.എസിന്റെ മരുന്ന് വ്യവസായം ഉപയോഗിക്കുന്ന 80% മരുന്നു ചേരുവകളും (active pharmaceutical ingredients, APIs)ഉത്പാദിപ്പിക്കപ്പെടുന്നത് ചൈനയിലും ഇന്ത്യയിലുമായാണ്. അമേരിക്കയിൽ ഉപയോഗിക്കുന്ന വൈറ്റമിൻ സി മരുന്നുകളിൽ 90 ശതമാനവും ചൈനയിൽ ഉത്പ്പാദിപ്പിക്കപ്പെടുന്നവയാണ്. വാസ്തവത്തിൽ യു.എസ്. വാണിജ്യ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിക്കുന്നപോലെ ചൈന ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ അത് പരോക്ഷമായി അമേരിക്കയെക്കൂടി പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വിതരണ ശൃംഖലയുടെ മൊത്തം പ്രതിസന്ധിയായി മാറുമെന്നുള്ളതാണ് വാസ്തവം. ഐക്യദാർഢ്യത്തിനായുള്ള ഗബ്രിയേസസിൻറെ ആഹ്വാനമാണ് നാം ഉൾക്കൊള്ളേണ്ടത്, വ്യാപാര യുദ്ധങ്ങളോട് ഭ്രാന്തമായ അഭിനിവേശം കാട്ടുന്ന സാമ്രാജ്യത്വ ശക്തികളുടെ ശത്രുതാ മനോഭാവമല്ല.

ഉറക്കമില്ലാതെ ഇരുപത്തിനാലു മണിക്കൂറും ജാഗ്രതയോടെ രോഗികളെ പരിചരിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളെയും മുൻ‌നിര പ്രവർത്തകരെയും കൃതജ്ഞതയോടെയാണ് ഗെബ്രിയേസസ് തന്റെ പ്രസ്‌താവനയിൽ പരാമർശിച്ചത്. രണ്ടു നിലകളിലായി മുപ്പതോളം തീവ്ര പരിചരണ യൂണിറ്റുകളും ആയിരം കിടക്കകളും ഉള്ള വുഹാനിലെ ഹുവോഷെൻഷാൻ (Huoshenshan) ആശുപത്രി പത്തു ദിവസത്തിനുള്ളിലാണ് പണിതുതീർത്ത് രോഗികൾക്കായി തുറന്നുകൊടുത്തത്. 1600 കിടക്കകൾ സജ്ജീകരിച്ച ലെയ്ഷെൻഷാൻ (Leishenshan)  ആശുപത്രിയും പണിതുതീർത്തത് അതേ സമയത്തിനുള്ളിലാണ്.

രോഗത്തിന്റെ തീവ്രത അറിഞ്ഞുകൊണ്ടുതന്നെ ചൈനയിലെ മറ്റു പ്രവിശ്യകളിലെ ഡോക്ടർമാരും നഴ്‌സുമാരും, പ്രത്യേകിച്ച് യുവ ഡോക്ടർമാർ, സ്വമേധയാ വുഹാനിലെത്തി തങ്ങളുടെ സേവനം ലഭ്യമാക്കാൻ തയ്യാറായി. ഡോൿടർമാരിലും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിട്ടുള്ളവർ കൊറോണയ്‌ക്കെതിരായ പ്രവർത്തനങ്ങളുടെ മുൻ‌നിരയിലുണ്ടാവണം എന്ന് ഷാങ്‌ഹായ്‌ മെഡിക്കൽ ട്രീറ്റ്‌മെൻറ് എക്സ്പെർട്ട് ടീമിലെ ചീഫ് ഡോക്ടറായ ഴാങ് വെൻഹോങ്  (Zhang Wenhong) നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.

ഒരു ഡോക്ടറോ നഴ്സോ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്ന സമയത്ത് എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്.  ജനങ്ങളെ സേവിച്ചുകൊള്ളാം എന്നതാണത്. ഇതുതന്നെയാണ് കൊറോണക്കെതിരെയുള്ള പോരാട്ടത്തിലും അവരെ നയിക്കേണ്ടതെന്ന് ഴാങ് വെൻഹോങ് പറഞ്ഞു.

ഈ അടിയന്തിര സാഹചര്യത്തിൽ ഒട്ടും സമയം പാഴാക്കാനില്ലാത്തതിനാൽ വുഹാൻ യൂണിയൻ ആശുപത്രിയിലെ 31 നഴ്‌സുമാർ തങ്ങളുടെ നീളമുള്ള മുടി മുറിച്ചുകളഞ്ഞത് മറ്റൊരുദാഹരണം. തങ്ങളുടെ ഷിഫ്റ്റുകൾക്ക് തയ്യാറെടുക്കാനുള്ള സമയം ലാഭിക്കാൻ അവർ സ്വമേധയാ എടുത്ത തീരുമാനമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിട്ടുള്ള യുവ ഡോൿടർമാർ ആശുപത്രികളിൽ ഷിഫ്റ്റുകളായി പ്രവർത്തിക്കാൻ കൂട്ടം കൂട്ടമായെത്തി.

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാസ്ക് നിർമ്മാണ കമ്പനികൾ റെക്കോർഡ് നിരക്കിലാണ് ഉത്പാദനം നടത്തുന്നത്. പ്രതിസന്ധിയിൽ വിലകൂട്ടി അവസരം മുതലെടുക്കാൻ അനുവദിക്കാതെ കമ്പോളത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കമ്പോളത്തെക്കാൾ ജനങ്ങൾക്കാണ് പ്രാമുഖ്യം എന്നത് വ്യക്തമാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ചൈന നടത്തുന്നത്.

റോയൽ കുട്ടീഞ്ഞോ ജെറ്റ് ഇഞ്ചെൿറ്റർ ഉപയോഗിച്ച് വാക്സിനേഷൻ നൽകുന്നു. സെനഗൽ, 1973

റോയൽ കുട്ടീഞ്ഞോ ജെറ്റ് ഇഞ്ചെൿറ്റർ ഉപയോഗിച്ച് വാക്സിനേഷൻ നൽകുന്നു. സെനഗൽ, 1973


ആഗോള ആരോഗ്യ പ്രതിസന്ധിയെപ്പറ്റിയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റുകളുടെ മെഡിക്കൽ സോളിഡാരിറ്റിയെപ്പറ്റിയുമുള്ള ചിന്തകൾ ഞങ്ങളുടെ (ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച്) ചർച്ചകളുടെ ഭാഗമാണ്.

ലോകത്ത് ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാകുന്നിടത്തെല്ലാം ഐക്യദാർഢ്യവുമായി ഓടിയെത്തുന്നവരാണ് സോഷ്യലിസ്റ്റ് രാജ്യമായ ക്യൂബയിലെ ഡോക്ടർമാർ. ക്യൂബയിലെ പതിനായിരക്കണക്കിന് ആതുരസേവകരാണ് വിവിധ രാജ്യങ്ങളിലായി, പ്രത്യേകിച്ചും വികസ്വരഅവികസിത രാജ്യങ്ങളിൽ സേവനമർപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ ആരോഗ്യപ്രവർത്തനങ്ങളിൽ സ്വയം സമർപ്പിച്ചിരുന്ന ആയിരക്കണക്കിന് ക്യൂബൻ ഡോക്ടർമാരെയാണ് ബ്രസീലിലെയും ബൊളീവിയയിലെയും പുതുതായി വന്ന യാഥാസ്ഥിതികവലതുപക്ഷ സർക്കാരുകൾ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറത്താക്കിയത്. ഈ രാജ്യങ്ങളിലെ വ്യാവസായികകാർഷിക മേഖലകളിലെ തൊഴിലാളികൾക്ക് ലഭ്യമാകുന്ന വൈദ്യസേവനങ്ങളുടെ അടിസ്ഥാനശിലയായി മാറിയവരായിരുന്നു ഈ പുറത്താക്കപ്പെട്ട ക്യൂബൻ ഡോൿടർമാർ.

ടൈം മാഗസിൻ 2014 വർഷത്തെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുത്തത് എബോളയ്‌ക്കെതിരെ പോരാടിയ ആതുര സേവകരെയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള ഒരു മഹാവ്യാധിയായി പടർന്നുപിടിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനെത്തിയ ഒരു പ്രധാന വിഭാഗം ക്യൂബയിൽ നിന്നുള്ള വൈദ്യ സമൂഹമായിരുന്നു. മൊത്തം 256 ഡോക്ടർമാരും നഴ്‌സുമാരുമായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ആ സംഘത്തിലുണ്ടായിരുന്നവരിൽ എബോള ബാധിതനായ ഡോക്ടർ ഫെലിക്സ് ബായെസിന്റെ (Felix Baez) അർപ്പണമനോഭാവത്തെ ഇവിടെ ഓർത്തെടുക്കാതിരിക്കാൻ കഴിയില്ല. രോഗവിമുക്തി നേടി ക്യൂബയിൽ തിരിച്ചെത്തിയിട്ടും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയെറാ ലിയോണിൽ പ്രവർത്തിക്കുന്ന തന്റെ സഖാക്കളെ സഹായിക്കാൻ മടങ്ങിപ്പോകണമെന്നായിരുന്നു അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു മാസത്തിനു ശേഷം സിയെറാ ലിയോണിലെ പോർട്ട് ലോക്കോയിലെ എബോളാ പ്രതിരോധ പ്രവർത്തനങ്ങളിലേയ്‌ക്ക് അദ്ദേഹം മടങ്ങിപ്പോവുകയും ചെയ്‌തു.

ഡോക്ടർ ഫെലിക്സിനെപ്പോലെതന്നെ പരാമർശിക്കപ്പെടേണ്ട മറ്റൊരു വ്യക്തിത്വമാണ് വുഹാനിലെ പൾമണറി ആശുപത്രിയിലെ  ICU ഡയറക്ടറായ ഡോക്ടർ ഹു മിങ്. ആദ്യ ദിവസങ്ങളിൽത്തന്നെ കൊറോണ ബാധിച്ചിരുന്നു അദ്ദേഹത്തിന്. രോഗവിമുക്തി നേടിയതിനു ശേഷം യാതൊരു ഭയവുമില്ലാതെ അദ്ദേഹം വീണ്ടും രോഗികളെ പരിചരിച്ചുകൊണ്ടു തന്റെ ചുമതല നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വാർത്ഥതാല്പര്യങ്ങൾക്കതീതമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർ ഫെലിക്സിനെയും ഡോക്ടർ ഹുവിനെയും പോലെയുള്ള സോഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് ലോകത്തിന് ആവശ്യം.

ഡോ. പി.വി. രാമചന്ദ്ര റെഡ്ഡി പീപ്പിൾസ് പോളിക്നിക്ക് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ കരാട്ടെ പരിശീലനത്തിൽ. ചിത്രത്തിന് കടപ്പാട്: നെല്ലൂർ പീപ്പിൾസ് പോളിക്നിക്ക്.

ഡോ. പി.വി. രാമചന്ദ്ര റെഡ്ഡി പീപ്പിൾസ് പോളിക്നിക്ക് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ കരാട്ടെ പരിശീലനത്തിൽ. ചിത്രത്തിന് കടപ്പാട്: നെല്ലൂർ പീപ്പിൾസ് പോളിക്നിക്ക്.


പക്ഷേ യു.എസ്. ഭരണകൂടം, ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ക്യൂബൻ ഡോക്ടർമാരുടെ  ലോകത്തെമ്പാടുമുള്ള സേവനങ്ങളെ ‘മനുഷ്യക്കടത്തെന്ന്’ (human trafficking)   വിളിച്ച് അപകർത്തിപ്പെടുത്താൻ ശ്രമിക്കുകയാണു ചെയ്‌തത്. ഇതിന്റെ തനിപ്പകർപ്പ് ക്യൂബൻ ഡോക്ടർമാരെ പുറത്താക്കിയ ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോവിൽനിന്നും കേൾക്കാവുന്നതാണ്. ബ്രസീലിലെ പാവപ്പെട്ട ജനങ്ങൾക്ക് സേവനം നൽകിയിരുന്ന ക്യൂബൻ ഡോക്ടർമാരുടെ സേവനത്തെ 'അടിമവേല' (slave labour)  എന്നാണ് തീവ്രവലതുപക്ഷക്കാരനായ ബോൾസനാരോ വിശേഷിപ്പിച്ചത്. സോഷ്യലിസ്റ്റ് പ്രതിബദ്ധതയെ അടിമത്തം എന്ന് അധിക്ഷേപിക്കുവാൻ ബോൾസാനാറോവിന്റെ യാഥാസ്ഥിതികവലതുപക്ഷ പ്രത്യയശാസ്ത്രം അദ്ദേഹത്തെ പ്രേരിപ്പിക്കുന്നിടത്ത് ലോകത്തെക്കുറിച്ചുള്ള രണ്ടു കാഴ്ചപ്പാടുകളുടെ അന്തരം തന്നെയാണ് വ്യക്തമാകുന്നത്.

ഇത് കണക്കിലെടുത്താണ്  ട്രൈകോണ്ടിനെന്റൽ ഈ മാസം (2020 ഫെബ്രുവരി) “People’s Polyclinics: The Initiative of the Telugu Communist Movement” എന്ന വിഷയത്തിൽ ഒരു Dossier. പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞങ്ങളുടെ ഇരുപത്തിയഞ്ചാമത് മാസിക Dossier ആണ് ഇത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തെലുങ്ക് ഭാഷാ മേഖലകളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആതുര സേവന മേഖലയിലെ സംഭാവനകളെക്കുറിച്ചാണ് ഈ ചെറുപുസ്‌തകം. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് മെഡിക്കൽ പ്രൊഫഷണലുകളുടെ ഭീകരമായ കുറവ് ഇന്ത്യയിൽ പ്രകടമായിരുന്നു. കാര്യമായ ഒരു ആരോഗ്യപരിപാലന വ്യവസ്ഥ പോലും അന്ന് നിലനിന്നിരുന്നില്ല എന്നു പറയാം. 7200 ഇന്ത്യക്കാർക്ക് ഒരു ഡോക്ടർ എന്നതായിരുന്നു അന്നത്തെ അനുപാതം. അതോടൊപ്പം അതിരൂക്ഷമായ ദാരിദ്ര്യവും ശോചനീയമായ സാക്ഷരതാ നിരക്കും (11 %).

ഈ സാഹചര്യം പരിഗണിച്ചാണ് കമ്മ്യൂണിസ്‌റ്റുകാരായ ഒരു പറ്റം ഡോക്ടർമാർ തെലുങ്ക് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കർഷകർക്കും തൊഴിലാളികൾക്കും ചികിത്സ ലഭ്യമാക്കാൻ വേണ്ടി ക്ലിനിക്കുകളും ആശുപത്രികളും തുടങ്ങിയത്. നെല്ലൂർ പീപ്പിൾസ് പോളിക്ലിനിക് ആണ് ഇതിൽ എടുത്തുപറയേണ്ട ഒന്ന്. ചികിത്സയ്‌ക്കപ്പുറം, ഈ പോളിക്ലിനിക്കുകളുടെ നേതൃത്വത്തിൽ ഉൾനാടുകളിലും ചെറു പട്ടണങ്ങളിലും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായി ആതുര സേവകരെ പരിശീലിപ്പിക്കുകയും ചെയ്‌തിരുന്നു. പോളിക്ലിനിക്കിന്റെ സ്ഥാപകരിൽ ഒരാൾ തനിക്ക് മുഴുവൻ സമയ വിപ്രവപ്രവർത്തനങ്ങളിൽ ഇറങ്ങണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ പി. സുന്ദരയ്യ കൊടുത്ത മറുപടി, ജനങ്ങളുടെ ഡോക്ടറാവുക എന്നതുതന്നെ ഒരു വിപ്ലവ പ്രവർത്തനമാണ് എന്നതായിരുന്നു.


ഇടതുപക്ഷ ചിന്താഗതിക്കാരായ ഒട്ടനവധി ആതുരസേവകരാണ് പണത്തിനു പ്രശസ്തിക്കും പിറകിൽ പോകാതെ തങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്കുമുൻപിൽ സമർപ്പിച്ചിട്ടുള്ളത്. അവരുടെ സേവനങ്ങൾ ചെറിയ തോതിലെങ്കിലും ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തെ പ്രതിരോധിക്കാൻ സഹായകരമായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളിലേയ്‌ക്ക് തുറന്നുവച്ചിരിക്കുന്ന ഒരു ജാലകമാണ് മേൽപ്പറഞ്ഞ Dossier.

ഡോക്ടർ ഴാങ് വെൺഹോങ്, ഡോക്ടർ ഫെലിക്സ് ബായെസ്, ഡോക്ടർ പി.വി. രാമചന്ദ്ര റെഡ്‌ഡി എന്നിവരെല്ലാം ആവേശകരമായ പ്രതിബദ്ധതയാണ് ഉയർത്തിപ്പിടിക്കുന്നത്.

ഇവരെപ്പോലെ തന്നെ ഓർത്തെടുക്കേണ്ട മറ്റൊരു പേരാണ് ഇറാഖി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇറാഖി വുമൺസ് ലീഗിന്റെയും നേതാക്കളിലൊരാളായിരുന്ന ഡോക്ടർ നസീഹാ അൽദുലൈമി  (Naziha al-Dulaimi). 1940കളിൽ ബാഗ്ദാദിലെ മെഡിക്കൽ കോളേജിൽ പഠിച്ച ഡോ. അൽദുലൈമി, ഇറാഖിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഇറാഖിൽ ബ്രിട്ടന്റെ സൈനികസാന്നിധ്യം തുടർന്നും ഉറപ്പുവരുത്തുന്ന 1948ലെ ആംഗ്ലോഇറാഖി ഉടമ്പടി പുതുക്കുന്നതിനെതിരെയുള്ള പോരാട്ടത്തിൽ അവർ പങ്കാളിയായി. കോളേജിൽ പഠിച്ചിറങ്ങിയതിനു ശേഷം അവർ റോയൽ ആശുപത്രിയിലും പിന്നീട് കർഖ് ആശുപത്രിയിലും ജോലി ചെയ്‌തു. ബാഗ്‌ധാദിലെ ഷവാക്ക (Shawakah) ജില്ലയിൽ സൗജന്യമായി ഒരു മെഡിക്കൽ ക്ലിനിക് തുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിയതിന്റെ ശിക്ഷയായി അധികാരികൾ അവരെ പലവട്ടം സ്ഥലം മാറ്റി. സുലൈമാനിയ, കർബല, ഉമ്ര എന്നിങ്ങനെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്‌ക്കായിരുന്നു സ്ഥലം മാറ്റം. പക്ഷെ സ്ഥലം മാറ്റം കിട്ടിച്ചെന്ന നാടുകളിലെല്ലാം സൗജന്യ ക്ലിനിക്കുകൾ തുടങ്ങി കൂടുതൽ ജനങ്ങളെ സേവിക്കാനുള്ള അവസരങ്ങളാക്കി അതിനെ മാറ്റിയെടുക്കുകയാണ് ഡോ. അൽദുലൈമി ചെയ്‌തത്. ദക്ഷിണ ഇറാഖിൽ പടർന്നുപിടിച്ച ബെജെൽ (Bejel) ബാക്ടരീയയ്‌ക്കെതിരെയുള്ള (കുട്ടികളെ പ്രത്യേകിച്ചും സാരമായി ബാധിക്കുന്ന ഒന്നാണിത്) പ്രതിരോധപ്രവർത്തനങ്ങളിലും ഡോക്ടർ അൽദുലൈമിയുടെ സേവനം വിലമതിക്കാത്തതാണ്.
ഡോ. നസീഹാ അൽദുലൈമി

ഡോ. നസീഹാ അൽദുലൈമി


1958ലെ വിപ്ലവത്തിന് ശേഷം അൽദുലൈമി ഇറാഖിൽ നഗരസഭകളുടെ ചുമതലയുള്ള മന്ത്രി ആയി സേവനമനുഷ്ഠിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ബാഗ്ദാദ് നഗരത്തിൽ ശോചനീയമായ സ്ഥിതിയിൽ കഴിഞ്ഞിരുന്ന ചേരി നിവാസികൾക്കായി ഭവനപൊതുമരാമത്ത് പ്രവർത്തനങ്ങൾ നടത്തിയത്. ആ പ്രദേശം പിൽക്കാലത്ത് വിപ്ലവ (Thawra)  നഗരം എന്നറിയപ്പെട്ടു. ഫെമിനിസ്റ്റ് സ്വഭാവമുള്ള 1959ലെ സിവിൽ അഫയേഴ്‌സ് നിയമങ്ങളും ഇവരുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുള്ളവയാണ്. ബാഥ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ നാടുകടത്തപ്പെട്ടുവെങ്കിലും ജീവിതാവസാനം വരെ ജനങ്ങളുടെ ഡോക്ടറായും ഒരു കമ്മ്യൂണിസ്റ്റ് ആയും അവരുടെ ജീവിതം തുടർന്നു.

ഒരു കാര്യമുറപ്പാണ്. അൽദുലൈമി ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ വുഹാനിലെയും വുഹാൻ സ്ഥിതി ചെയ്യുന്ന ഹുബെയ്‌ പ്രവിശ്യയിലെയും കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടങ്ങളിലും അവരെ നമുക്ക് കാണാമായിരുന്നു.

വിപ്ലവാത്‌മക വൈദ്യശാസ്‌ത്രത്തെപ്പറ്റി  (revolutionary medicine)  ചെ ഗെവാര ഓഗസ്റ്റ് 1960ൽ ഹവാനയിൽ നടത്തിയ ഒരു പ്രസംഗമുണ്ട്. കൂടുതൽ ശമ്പളം കിട്ടുന്നതുവരെ ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാവാതിരുന്ന ഒരു കൂട്ടം ഡോക്ടർമാരെക്കുറിച്ച് അദ്ദേഹം ആ പ്രസംഗത്തിൽ പരാമർശിച്ചു. ഇത് സ്വാഭാവികമാണ്, മുതലാളിത്ത യുക്തി നമ്മുടെ മനുഷ്യത്വത്തിനു തന്നെയാണ് തടസ്സം നിൽക്കുന്നത് എന്നാണ് അദ്ദേഹം അവരുടെ ചെയ്‌തിയെ വിലയിരുത്തി അഭിപ്രായപ്പെട്ടത്.

ഇതിനു പരിഹാരമായിട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്‌തുകൊണ്ട് ചെ പറഞ്ഞു, മായാജാലം കൊണ്ടെന്ന പോലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ഇരുനൂറോ മുന്നോറോ കർഷക കുടുംബങ്ങളിൽ നിന്നുള്ളവർ ഡോൿടർമാരായി പഠിച്ചിറങ്ങിയാലോ? വിപ്ലവ ക്യൂബ, അതിന്റെ പൊതുസ്വത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് മെഡിക്കൽ വിദ്യാഭ്യാസം സൌജന്യമാക്കിയാൽ ഇതു സാധ്യമാവില്ലേ?

സ്വേച്ഛാധിപത്യ ഭരണകൂടം നിലനിന്നിരുന്ന കാലത്ത്, 1953ൽ അടച്ചുപൂട്ടിയ ഹവാനാ യൂണിവേഴ്സിറ്റി മെഡിക്കൽ സ്‌കൂൾ വിപ്ലവാനന്തരം 1959ൽ വീണ്ടും തുറന്നുപ്രവർത്തിപ്പിച്ചു. നേരത്തെ അവിടെയുണ്ടായിരുന്ന 161 പ്രൊഫസർമാരിൽ 23 പേർ മാത്രമാണ് അമേരിക്കയിലേക്ക് കുടിയേറാതെ അവിടെ ബാക്കിയുണ്ടായിരുന്നത്. 1051:1 എന്നതായിരുന്നു ക്യൂബയിലെ രോഗിഡോൿടർ അനുപാതം.

വിപ്ലവ ക്യൂബ കർഷക കുടുംബങ്ങളിൽ നിന്നുള്ളവരെ പഠിപ്പിച്ച് ഡോൿടർമാരാക്കി. അവർ അപാരമായ അർപ്പണമനോഭാവത്തോടെ ലോകമെങ്ങും പോയി ക്യൂബയുടെ മെഡിക്കൽ മിഷനുകളുടെ ഭാഗമായി. അങ്ങനെ ക്യൂബയുടെ മെഡിക്കൽ രംഗത്തെ കഴിവുകൾ ലോകമെമ്പാടുമെത്തി. ഇന്ന് 121 ക്യൂബൻ പൗരന്മാർക്ക് ഒരു ഡോക്ടർ എന്നതാണ് അനുപാതം. യു.എസിൽപ്പോലും ഈ അനുപാതം 384 പേർക്ക് ഒരു ഡോക്ടർ എന്ന തോതിലാണ്.

ക്യൂബയിലെയും, പോളിക്ലിനിക്കുകളിലെയും, ചൈനയിലെയും ആരോഗ്യപ്രവർത്തകർ ചെ ഗെവാര പറഞ്ഞതുപോലെ, “ഐക്യദാർഢ്യത്തിൻറെ പുത്തനായുധങ്ങ”ളാ‍ണ്.

ഇത് തൊട്ടുകൂടായ്‌മക്കുള്ള സമയമല്ല; ചേർത്തുനിർത്താനുള്ള സമയമാണ്.

(Tricontinental Institute for Social Research-ന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ആണ് ലേഖകൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ ആറാമത് ന്യൂസ്‌ലെറ്റർ ആണിത്. പരിഭാഷപ്പെടുത്തിയത്: അജിത് ഇ.എ)


പ്രധാന വാർത്തകൾ
 Top