30 September Saturday

വൈക്കം സത്യാഗ്രഹം: സ്‌മരണയും സമകാലികതയും; സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി. ഇളയിടംUpdated: Monday May 8, 2023

സുനിൽ പി. ഇളയിടം

സുനിൽ പി. ഇളയിടം

ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവിന്റെ മുഹൂർത്തമായിരുന്നു വൈക്കം സത്യഗ്രഹം. അക്കാലം വരെ രണ്ടു ദിശകളായി ഒഴുകിയിരുന്ന രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമൂഹിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളെ വൈക്കം സത്യഗ്രഹമാണ് കൂട്ടിയിണക്കിയത്.

സാമൂഹികനീതിയും സാമൂഹിക ജനാധിപത്യവും ഉറപ്പുവരുത്താത്ത രാഷ്ട്രീയസ്വാതന്ത്ര്യം നിരർത്ഥകമായിരിക്കുമെന്ന് അത് പ്രായോഗികമായി തെളിയിച്ചു. നവോത്ഥാന ശ്രമങ്ങളെ സാമുദായികമായ പരിഷ്കരണ താത്പര്യങ്ങൾക്കപ്പുറത്ത് രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളുമായി കൂട്ടിയിണക്കി. ജാതിമർദ്ദനങ്ങൾക്കും ജാതീയ വിവേചനങ്ങൾക്കും എതിരായ സമരം കേവലം ജാതിവിരുദ്ധസമരമല്ലെന്നും അത് അടിസ്ഥാനപരമായി വിപുലമായ ഒരു മനുഷ്യാവകാശപ്രശ്നം തന്നെയാണെന്നും തെളിയിച്ചു. ജാതിയെക്കുറിച്ചുള്ള ഗാന്ധിയുടെ ബോധ്യങ്ങളെത്തന്നെ പിൽക്കാലത്ത് തിരുത്താൻപോന്ന ശക്തിയായി വൈക്കം സത്യഗ്രഹം മാറിത്തീരുകയും ചെയ്തു.

ചരിത്രപരമായ ഈ അനന്യത ഉൾക്കൊണ്ടിരിക്കെത്തന്നെ ചരിത്രപരമായ ചില വൈരുധ്യങ്ങളും വൈക്കം സത്യഗ്രഹത്തിൽ നമുക്ക് കാണാനാവും. പരിമിതമായ ചില ലക്ഷ്യങ്ങൾ മാത്രമുണ്ടായിരുന്ന ഒരു സമരം അതിവിപുലമായ സാമൂഹിക ഫലമുളവാക്കുന്നതിന്റെ ചരിത്രമാണ് വൈക്കം സത്യഗ്രഹം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ക്ഷേത്രപ്രവേശനം എന്ന ആവശ്യം പോലും സമരത്തിനു പിന്നിലുണ്ടായിരുന്നില്ല. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള നടവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവർണ്ണർക്കും വേണമെന്ന, താരതമ്യേന എത്രയോ ലഘുവായ ഒരാവശ്യമാണ് അതുന്നയിച്ചത്. എത്രയും പരിമിതമായ ആ ലക്ഷ്യം പോലും പൂർണ്ണമായി സാക്ഷാത്കരിക്കാൻ ആ സമരത്തിന് കഴിഞ്ഞുമില്ല.

വടക്കും തെക്കും പടിഞ്ഞാറുമുള്ള വഴികളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്കുള്ള വഴി സവർണ്ണർക്കുമാത്രം സഞ്ചരിക്കാവുന്ന ഒന്നായി സത്യഗ്രഹത്തിനു ശേഷവും അവശേഷിച്ചു. എങ്കിലും പരിമിതമായ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ആ സമരം ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ യുഗനിർണ്ണായക സന്ദർഭങ്ങളിലൊന്നായി മാറി. അതിനെക്കാൾ പലമടങ്ങ് തീവ്രവും വിപ്ലവകരവുമായ മുദ്രാവാക്യങ്ങൾ മുൻനിർത്തിയ നിരവധി സമരങ്ങളെക്കാൾ വലിയ സ്വാധീനം വൈക്കം സത്യഗ്രഹത്തിന് ഉളവാക്കാൻ കഴിഞ്ഞു. മുദ്രാവാക്യത്തിന്റെയും ഉന്നയിക്കുന്ന ആവശ്യങ്ങളുടെയും തീവ്രതയോ, അവയുടെ ഫലപ്രാപ്തിയുടെ തോതോ അല്ല ഒരു സമരത്തെ അന്തിമമായി നിർണ്ണയിക്കുന്നതെന്ന പാഠം കൂടി അത് നമ്മെ പഠിപ്പിക്കുന്നു.ദേശീയപ്രസ്ഥാനത്തിന്റെ പരിഗണനയിൽ ജാതിവിവേചനങ്ങൾക്കെതിരായ നീക്കങ്ങൾ പ്രമേയരൂപത്തിലും മറ്റും ഇടം പിടിച്ചിട്ട് കാലം കുറച്ചായിരുന്നു. 1916-ൽ ആനിബസന്റിന്റെ നേതൃത്വത്തിൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം ക്ഷേത്രപ്രവേശനവും അയിത്തോച്ചാടനവും പ്രധാന കാര്യപരിപാടികളിലൊന്നായി അംഗീകരിച്ചിരുന്നു. എങ്കിലും അവയെ മുൻനിർത്തിയുള്ള സമരങ്ങളൊന്നും വികസിച്ചുവരുകയുണ്ടായില്ല. ഇക്കാലത്താണ് ടി.കെ. മാധവൻ ജാതിവിവേചനത്തിനെതിരായ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തിരുവിതാംകൂറിലും പ്രജാസഭയിലുമെല്ലാം നേതൃത്വം നൽകുന്നത്. വൈക്കത്തെ വഴിനടപ്പവകാശപ്രശ്നം പ്രജാസഭയിൽ ഉന്നയിക്കാനുള്ള ശ്രമങ്ങളെ അത് മതപരമായ പ്രശ്നങ്ങളാണെന്ന മുദ്ര ചാർത്തി തടയുകയാണ് ദിവാനും അധികാരികളും ചെയ്തത്. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അവർ ഈ നാടുവിട്ടു പോവുകയാണോ വേണ്ടത് എന്ന ടി.കെ. മാധവന്റെ ചോദ്യത്തോട് അങ്ങനെയായാലും പ്രശ്നമില്ല എന്ന മറുപടിയാണത്രേ ദിവാൻ രാഘവയ്യ നൽകിയത്!
 
ടി കെ മാധവൻ

ടി കെ മാധവൻ


1921 സെപ്തംബർ 23-ന് ടി.കെ. മാധവൻ അന്ന് തിരുനെൽവേലിയിലുണ്ടായിരുന്ന ഗാന്ധിയെ ചെന്നുകണ്ടു. വൈക്കത്തെ വഴിനടപ്പവകാശം എന്ന പ്രശ്നം ഗാന്ധി മുന്നോട്ടുവയ്ക്കുന്ന അയിത്തോച്ചാടനത്തിന്റെ സ്വാഭാവികമായ തുടർച്ചയാണെന്ന് ഗാന്ധിയെ ബോധ്യപ്പെടുത്തുന്നതിൽ ടി.കെ. മാധവൻ വിജയിച്ചു. ഇതിനു പിന്നാലെ 1923 ലെ കാക്കിനഡ കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രതിനിധിയായി സംബന്ധിച്ച ടി.കെ. മാധവൻ ഇക്കാര്യം അവിടെ ഉന്നയിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു. സമ്മേളനാധ്യക്ഷനായിരുന്ന മൗലാന മുഹമ്മദലിയെയും സി.ആർ. ദാസ്, രാജഗോപാലാചാരി തുടങ്ങിയവരെയും നേരിൽക്കണ്ട് സംസാരിച്ച് അവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയതിനു ശേഷമാണ് ടി.കെ. മാധവൻ കാക്കിനഡ സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നേടിയെടുത്തത്.

അതിനു മുമ്പുതന്നെ തിരുവിതാംകൂറിലെ പൊതുസമൂഹത്തെ ഈ ആവശ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വരാനുതകുന്ന നിലയിൽ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് അദ്ദേഹം നിരന്തരം പറയുകയും എഴുതുകയും ചെയ്തിരുന്നു. ഇങ്ങനെ സാമൂഹികാവബോധത്തെയും രാഷ്ട്രീയപ്രസ്ഥാനത്തെയും പാകപ്പെടുത്തിയതിനു ശേഷമാണ് വൈക്കം സത്യഗ്രഹത്തിന്റെ സമരമുഖം തുറക്കാൻ ടി.കെ. മാധവൻ തയ്യാറായത്. 1922 ജനുവരി 24-ന് കൊച്ചിയിൽ ചേർന്ന കോൺഗ്രസ്സ് സമിതി കൈക്കൊണ്ട തീരുമാനങ്ങളിൽ മൂന്നാമത്തെയും അഞ്ചാമത്തെയും തീരുമാനങ്ങൾ വൈക്കം സത്യഗ്രഹത്തിൽ പ്രാധാന്യമുള്ളവയാണ്. കോൺഗ്രസ്സിന്റെ ചരിത്രകാരൻ കൂടിയായ ബാരിസ്റ്റർ എ.കെ. പിള്ള തന്റെ ഗ്രന്ഥത്തിൽ അക്കാര്യം എടുത്തുപറയുന്നുണ്ട്.

കോൺഗ്രസ്സിന്റെ സമരകാര്യപരിപാടികൾ വിശദീകരിക്കാനായി കെ.പി. കേശവമേനോനും എ.കെ. പിള്ളയും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ഹസ്സൻകോയ മൊല്ലയും ഉൾപ്പെടുന്ന ഒരു സംഘം പര്യടനം നടത്തണം എന്നതായിരുന്നു ഒന്ന്. അയിത്തോച്ചാടനത്തെ പ്രധാന കാര്യപരിപാടിയായി ഏറ്റെടുത്ത് പ്രചാരണവും സമരവും സംഘടിപ്പിക്കണം എന്നത് മറ്റൊന്നും. ഇതിനായി കെ. കേളപ്പൻ, ടി.കെ. മാധവൻ, ശങ്കരൻ നമ്പൂതിരിപ്പാട്, കണ്ണന്തോട്ടത്ത് വേലായുധമേനോൻ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകിയതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യതീരുമാനം അനുസരിച്ച് താനും കേശവമേനോനും മറ്റും ഉൾപ്പെടെയുള്ളവർ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും സന്ദർശിച്ചതായും നഗരങ്ങളിലും ഉൾനാടുകളിലുമെല്ലാം അതിന് വലിയ സ്വീകരണം ലഭിച്ചതായും എ.കെ. പിള്ള രേഖപ്പെടുത്തുന്നു.
 

ആനി ബസന്റ്

ആനി ബസന്റ്


ഈ പര്യടനത്തിന്റെ ഭാഗമായാണ് 1924 ഫെബ്രുവരി 28-ന് വൈക്കത്ത് ചേർന്ന പുലയമഹാസമ്മേളനത്തിൽ കെ.പി. കേശവമേനോൻ എത്തുന്നത്. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള നടവഴികളിൽ സ്ഥാപിച്ച തീണ്ടൽപ്പലകകളെക്കുറിച്ചും അതിലൂടെ വഴിനടക്കാൻ അവർണ്ണർക്ക് അവകാശം നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും മനസ്സിലാക്കിയ കേശവമേനോൻ പിറ്റേന്നുതന്നെ വലിയൊരു ജാഥയായി ചെന്ന് ആ വിലക്ക് ലംഘിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ വിലക്ക് ഔദ്യോഗികമല്ലെന്നും സവർണ്ണരുമായി സംസാരിച്ച് അതിൽ നീക്കുപോക്കുണ്ടാക്കാമെന്നുമുള്ള ഒത്തുതീർപ്പുനിർദ്ദേശത്തെ തുടർന്ന് ആ ശ്രമം നീട്ടിവയ്ക്കുകയാണ് ചെയ്തത്. മാർച്ച് പകുതി കഴിഞ്ഞ് കേശവമേനോൻ വീണ്ടും വൈക്കത്തെത്തി. അതിനു മുൻപ് സവർണ്ണപ്രമാണിമാരുമായി നടത്തിയ ചർച്ചകൾ വിജയം കണ്ടിരുന്നുമില്ല. അതോടെയാണ് മാർച്ച് മുപ്പതിന് സമരമാരംഭിക്കാൻ തീരുമാനമായത്.

തിരുവിതാംകൂറിലെ പൊതുവഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് 1865-ലും 1884-ലും ഉത്തരവുകൾ വന്നിരുന്നുവെങ്കിലും അതിന് ഏതെങ്കിലും വിധത്തിലുള്ള ഫലപ്രാപ്തി കൈവന്നില്ല. അവർണ്ണരുടെ വഴിനടപ്പവകാശപ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ കുമാരനാശാൻ അടക്കമുള്ളവർ നടത്തിയ ശ്രമങ്ങളെ അത് ‘മതപരമായ വിഷയ’മാണെന്ന പേരിൽ അട്ടിമറിക്കുകയാണ് ദിവാൻ രാഘവയ്യയും ഭരണകൂടവും ചെയ്തതും. വൈക്കത്തെ നടവഴികളിൽ നാരായണഗുരു മുതൽ അയ്യങ്കാളിവരെയുള്ളവർക്ക് സഞ്ചാരവിലക്കിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തിനാധാരമായ സഞ്ചാരവിലക്കിനെതിരെ പ്രതിഷേധം പടരുന്നതിന് അതും കാരണമായിട്ടുണ്ടാവണം.

‘ഇവിടം മുതൽ ക്ഷേത്രസങ്കേതമാകയാൽ ഈഴവർ, പുലയർ മുതലായ തീണ്ടൽജാതിക്കാർ പ്രവേശിക്കാൻ പാടില്ല’ എന്ന് പ്രസ്താവിക്കുന്ന തീണ്ടൽ പലകകൾ വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള നടവഴികളിൽ സ്ഥാപിക്കപ്പെട്ടത് 1905 ലാണ്. കോട്ടയം പേഷ്കാറായിരുന്ന കെ.പി. ശങ്കരമേനോനാണ് ഇത് സ്ഥാപിച്ചതെന്ന് ചരിത്രപണ്ഡിതൻമാർ സൂചിപ്പിക്കുന്നു. ഇതേ ശങ്കരമേനോനാണ് പ്രഖ്യാതമായ മലയാളി മെമ്മോറിയലിലെ ആദ്യപേരുകാരൻ എന്നത് നമ്മുടെ നവോത്ഥാനപ്രക്രിയയിലെ ആഭ്യന്തരവൈരുധ്യങ്ങളെയും വിള്ളലുകളെയും വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്.


ഒത്തുതീർപ്പുനിർദ്ദേശങ്ങൾ ഫലിക്കാതെ വന്ന സാഹചര്യത്തിൽ 1924 മാർച്ച് 30-ന് സമരം തുടങ്ങാൻ തീരുമാനമായി. വൈക്കത്തും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. സമരക്കാർ വിപുലമായ ഒരു ജാഥയായി ചെന്ന് തീണ്ടൽപ്പലകകളെ മറികടന്നുപോവുക എന്ന സമരരീതി അതോടെ മാറ്റി. പകരം മൂന്നു പേർ വീതമുള്ള ബാച്ചുകളായി തീണ്ടൽ പലകകൾ മറികടക്കാൻ ശ്രമിക്കുക എന്ന സമരരീതി സ്വീകരിച്ചു. ആദ്യദിവസം കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നവരാണ് അതിനായി ഒരുങ്ങിയത്.

അവർ അറസ്റ്റുചെയ്യപ്പെടുകയും ആറുമാസത്തേക്ക് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഏപ്രിൽ ആദ്യവാരം അല്പം ദിവസങ്ങൾ ഗാന്ധിയുടെ നിർദ്ദേശം മാനിച്ച് സമരം നടന്നില്ല. ഇതിനിടയിൽ കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, ടി.കെ. മാധവൻ തുടങ്ങിയവർക്കെല്ലാം പൊലീസ് നോട്ടീസ് നല്കി. വൈക്കത്തുകാരല്ലാത്തവർ സ്ഥലംവിട്ടുപോകണമെന്ന ഉത്തരവിറങ്ങി. ഏപ്രിൽ ഒൻപതിന് കേളപ്പൻ, കേശവമേനോൻ, കെ. വേലായുധമേനോൻ തുടങ്ങിയവർ അറസ്റ്റുചെയ്യപ്പെട്ടു. കേശവമേനോനും ടി.കെ. മാധവനും ഏ.കെ. പിള്ളയും കെ. കേളപ്പനും കെ. വേലായുധമേനോനും ഉൾപ്പെടെയുള്ളവർ തടവിലടയ്ക്കപ്പെടുകയും ചെയ്തു.

സമരത്തിന്റെ ആദ്യദിവസങ്ങളിലെ അറസ്റ്റ് ഭരണകൂടം ഏറെനാൾ തുടർന്നില്ല. പകരം സത്യഗ്രഹികളെ തീണ്ടൽപ്പലകയ്ക്കു സമീപത്തു തടയുക എന്ന രീതിയായി. സമരക്കാരും സത്യഗ്രഹികളും മുഖാമുഖം നിൽക്കുന്ന സമരമായി അത് മാറി. പൊലീസുകാർ ബാച്ചുകളായാണ് സമരക്കാരെ തടഞ്ഞത്. 1924 ഏപ്രിൽ 24-ന് കൃഷ്ണൻ, പാച്ചൻ എന്നിവർക്കൊപ്പം സമരത്തിനെത്തിയ ടി.വി. ചാത്തുക്കുട്ടിനായരെ പൊലീസ് തടഞ്ഞപ്പോൾ പിൻവാങ്ങിയില്ല. ‘ഒന്നുകിൽ അറസ്റ്റ് അല്ലെങ്കിൽ മുന്നോട്ട്’ എന്ന നിലപാടുമായി അദ്ദേഹം നിന്നിടത്തു നിന്നു. മൂന്നു ദിവസം നീണ്ട ആ സമരത്തിനൊടുവിൽ ചാത്തുക്കുട്ടിനായർ ബോധഹീനനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 1924-ലെ മഹാപ്രളയത്തിന്റെ കാലത്തും സമരം തുടർന്നു. സത്യഗ്രഹികൾ വെള്ളത്തിൽനിന്ന് സമരം നടത്തി. പൊലീസുകാർ തോണിയിൽ ചെന്ന് അവരെ തടഞ്ഞു. കടുത്ത പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലൂടെ സമരം മുന്നേറി.

വൈക്കം സത്യഗ്രഹത്തിന്റെ മൗലികമായ സവിശേഷതകളിലൊന്ന് അതിന് കൈവന്ന അഖിലേന്ത്യാപ്രാധാന്യമാണ്. ഗാന്ധിയും പെരിയാർ രാമസ്വാമിനായ്ക്കരും മുതൽ വിനോബഭാവെയും സ്വാമി ശ്രദ്ധാനന്ദയും വരെയുള്ളവർ അതിൽ പങ്കുചേരാനെത്തി. ഗാന്ധിയുടെയും രാമസ്വാമിനായ്ക്കരുടെയും പങ്കാളിത്തം ഒരു പ്രാദേശിക സമരം എന്നതിൽ നിന്ന് ദേശീയതലത്തിലാകെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി അതിനെ മാറ്റിത്തീർത്തു.

സത്യഗ്രഹത്തിന് പിന്തുണയുമായി പഞ്ചാബിൽ നിന്ന് അകാലികൾ എത്തിയതും ശ്രദ്ധേയമായി. സമരവേദിയിലെ ഭക്ഷണശാല കൈകാര്യം ചെയ്തത് അവരായിരുന്നു. ഗാന്ധിയുടെ സമരമാർഗങ്ങളോടും അയിത്തോച്ചാടന ശ്രമങ്ങളുടെ പരിമിതികളോടും കഠിനമായ എതിർപ്പുകൾ ഉയർത്തിയ അംബേദ്കറും വൈക്കം സത്യഗ്രഹത്തെ ഗൗരവപൂർവം പരിഗണിക്കുകയുണ്ടായി. ആ നിലയിൽ സർവതലസ്പർശിയായ രാഷ്ട്രീയപ്രാധാന്യവും ശ്രദ്ധയും കൈവന്നതും, പ്രാദേശികതയുടെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നതുമായ ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. അതേ അളവിൽ പ്രാധാന്യം കൈവന്ന മറ്റൊരു സമരം കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇല്ലെന്നുതന്നെ പറയാം.

സത്യഗ്രഹത്തെ സവിശേഷമാക്കിയ മറ്റൊരു ഘടകം നാരായണഗുരുവിന്റെ പങ്കാളിത്തമായിരുന്നു. 1924 സെപ്തംബർ 27-ന് ഗുരു വൈക്കത്തെത്തി. അന്നും പിറ്റേന്നും ഗുരു അവിടെയുണ്ടായിരുന്നു. സത്യഗ്രഹത്തിന് സമ്പൂർണ്ണമായ പിൻതുണയാണ് ഗുരു നൽകിയത്. ഗുരു സ്ഥാപിച്ച വേലൂർ മഠമാണ് സമരത്തിന്റെ ഓഫീസായി പ്രവർത്തിച്ചുപോന്നത്. വൈക്കത്തെത്തിയ ഗുരു സമരത്തിന് ആയിരം രൂപ സംഭാവനയായി നല്കി. ധനസമാഹരണത്തിനായി ശിവഗിരിയിൽ സംഭാവനപ്പെട്ടി വയ്ക്കുകയും ചെയ്തു. തന്റെ പ്രധാന അനുയായിയായ സത്യവ്രതസ്വാമിയെയും കോട്ടുകോയിക്കൽ വേലായുധനെയും സമരത്തിന് ആവശ്യമായ സഹായങ്ങൾ ഏർപ്പെടുത്തിക്കൊടുക്കാൻ ചുമതലപ്പെടുത്തിയിട്ടാണ് ഗുരു മടങ്ങിയത്. ഗുരു നേരിട്ട് പങ്കാളിയായ മിക്കവാറും ഒരേയൊരു രാഷ്ട്രീയസമരകേന്ദ്രം വൈക്കത്തേതാവണം. രാഷ്ട്രീയനീതിയും സാമൂഹ്യനീതിയും അവിടെ അത്രത്തോളം ഇഴുകിച്ചേർന്നിരുന്നു.

ഇതുപോലെതന്നെ ശ്രദ്ധേയമായ മറ്റൊരു സംഭവമായിരുന്നു സവർണ്ണജാഥ. 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭൻ, എ.കെ. പിള്ള, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങിയ ജാഥയാണത്. ക്ഷേത്രവും വഴികളും അവർണ്ണ വിഭാഗത്തിൽ പെട്ടവർക്കും തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് 25000 പേർ ഒപ്പിട്ട നിവേദനം ജാഥയുടെ അവസാനഘട്ടത്തിൽ റാണിക്ക് സമർപ്പിച്ചു. വൈക്കത്തു നിന്നുള്ള സവർണ്ണജാഥയ്ക്കു സമാനമായി തെക്കുനിന്ന് ഇ.എം. നായിഡു, എം. ശിവതാണുപിള്ള, എം.പി. നായർ തുടങ്ങിയവർ നയിക്കുന്ന ജാഥയും തിരുവനന്തപുരത്തേക്കു നീങ്ങി. രണ്ടു ജാഥകളും ഒരുമിച്ചാണ് തിരുവനന്തപുരത്തെത്തിയത്.

തുടർന്ന് കടൽത്തീരത്ത് ചേർന്ന മഹായോഗവും വളരെ ശ്രദ്ധേയമായിരുന്നു. സാമുദായികമായ പരിഗണനകൾക്കപ്പുറം പോകുന്ന രാഷ്ട്രീയസമരങ്ങളും അതിനടിത്തറയൊരുക്കുന്ന ജനകീയ മതനിരപേക്ഷതയും രൂപപ്പെട്ടുവരുന്നതിന്റെ അടയാളം കൂടിയായിരുന്നു അത്. കൊളോണിയൽ ആധുനികതയുടെ പരിഷ്കരണ ശ്രമങ്ങൾക്കപ്പുറത്തേക്ക് നവോത്ഥാന-ദേശീയ ആധുനികതയുടെ സമരമുഖങ്ങൾ തുറന്നുവരുന്നതിനെ വൈക്കം സത്യഗ്രഹം സാക്ഷ്യപ്പെടുത്തി.

ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെയും സത്യഗ്രഹത്തിന്റെയും ആദ്യപരീക്ഷണശാലയായിരുന്നു വൈക്കം സത്യഗ്രഹം. തീർത്തും അഹിംസാത്മകമായിട്ടാണ് 603 ദിവസവും സമരം നടന്നത്. എങ്കിലും അതിനെതിരെ സവർണ്ണപ്രമാണിമാർ കടുത്ത ആക്രമണങ്ങളാണ് കെട്ടഴിച്ചുവിട്ടത്. സവർണ്ണഗുണ്ടകളുടെ ആക്രമണത്തിനിരയായി ചിറ്റേടത്ത് ശങ്കുപ്പിള്ള രക്തസാക്ഷിയായി.

സമരവളണ്ടിയർമാരായ പെരുമ്പളം ആമച്ചാടി തേവൻ, മൂവാറ്റുപുഴക്കാരനായ രാമൻ ഇളയത് എന്നിവരുടെ കണ്ണിൽ സവർണ്ണ അക്രമികൾ ചുണ്ണാമ്പു തേച്ച് അവരുടെ കാഴ്ച നഷ്ടപ്പെടുത്തിയാണ് അതവസാനിച്ചത്. ഇത്തരത്തിലുള്ള കടുത്ത ആക്രമണങ്ങൾക്കു നടുവിലും സത്യഗ്രഹം അഹിംസാത്മകമായി മുന്നേറി എന്നത് ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെ മികവായി പരിഗണിക്കപ്പെടുകയും ചെയ്തു.

ഗാന്ധിയുടെ സമരരീതിയുടെ വിജയം എന്നതോടൊപ്പം അതിലെ വിള്ളലുകൾ തെളിഞ്ഞുവന്ന സന്ദർഭവുമായിരുന്നു വൈക്കം സത്യഗ്രഹം. സത്യഗ്രഹത്തെ ഹിന്ദുമതത്തിനകത്തെ പരിഷ്കരണശ്രമം മാത്രമായാണ് ഗാന്ധിജി കണ്ടത്. ബാരിസ്റ്റർ ജോർജ്ജ് ജോസഫ് അടക്കമുള്ളവർ സമരത്തിൽ പങ്കാളികളാകുന്നതിനെ ഗാന്ധി എതിർത്തു. അതുപോലെ കേരളത്തിലെ ഒരു പ്രശ്നത്തിൽ അകാലികളും മറ്റും പങ്കുചേരുന്നതിനോടും ഗാന്ധി യോജിച്ചില്ല. അകാലികൾ മടങ്ങിപ്പോകണമെന്ന ഗാന്ധിയുടെ ആവശ്യം മാനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവർ പഞ്ചാബിലേക്ക് മടങ്ങി. ആ നിലയിൽ ജനകീയസമരങ്ങളെ രാഷ്ട്രീയമായി വികസിക്കാൻ അനുവദിക്കാതെ ഇടുങ്ങിയ അതിർത്തികളിൽ അവയെ തളച്ചുനിർത്തുന്ന ഗാന്ധിയുടെ സമീപനത്തിന്റെ ആവിഷ്കാരം കൂടിയായി വൈക്കം സത്യഗ്രഹം മാറിത്തീർന്നു.


1925 മാർച്ച് ഒൻപതിനാണ് ഗാന്ധി വൈക്കത്തെത്തിയത്. അന്ന് ബോട്ട്ജെട്ടിയിൽ ചേർന്ന വലിയ യോഗത്തെ ഗാന്ധി അഭിസംബോധന ചെയ്തു. മാർച്ച് പത്തിന് ഗാന്ധി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന ഇണ്ടൻതുരുത്തി മനയിലെത്തി സംഭാഷണം നടത്തി. രാമദാസ് ഗാന്ധി, മഹാദേവ് ദേശായ്, സി. രാജഗോപാലാചാരി, അല്ലാഡി കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവരെല്ലാം ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സവർണ്ണരുടെ പ്രതിനിധികളായി നീലകണ്ഠൻ നമ്പ്യാതിരിയെക്കൂടാതെ വടക്കുംകൂർ രാജ, വഴുതനക്കാട്ടു രാജ, എം.കെ. രാമൻപിള്ള, പി.പി. കൃഷ്ണപിള്ള തുടങ്ങിയവരും.

വൈശ്യനായതുകൊണ്ട് ഗാന്ധിയെ മനയ്ക്കുള്ളിൽ പ്രവേശിപ്പിച്ചില്ല. മനയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തിരുന്നാണ് ഗാന്ധി നമ്പ്യാതിരിയും സംഘവുമായി സംസാരിച്ചത് (ഈ ഇണ്ടൻതുരുത്തി മന പിൽക്കാലത്ത് വൈക്കത്തെ ചെത്തുതൊഴിലാളിയൂണിയൻ ഓഫീസായി!). സംഭാഷണം എവിടെയും എത്തിയില്ല. ഗാന്ധിയുടെ വാദങ്ങളെ ധർമ്മശാസ്ത്രങ്ങളും മറ്റും ഉദ്ധരിച്ച് നമ്പ്യാതിരിയും സംഘവും ചെറുത്തു. ചില ഒത്തുതീർപ്പുനിർദ്ദേശങ്ങൾ അവർക്കു മുമ്പാകെ വച്ച് ഗാന്ധി മടങ്ങി. വാസ്തവത്തിൽ ഗാന്ധിയുടെ ഒത്തുതീർപ്പുനിർദ്ദേശങ്ങൾ തീർത്തും അപര്യാപ്തവും സമരത്തിന്റെ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കാൻ പോന്നവയുമായിരുന്നു. എങ്കിലും നമ്പ്യാതിരിയും സംഘവും അവപോലും പരിഗണിക്കാതിരുന്നതുകൊണ്ട് സമരം വിട്ടുവീഴ്ചയില്ലാതെ തന്നെ തുടർന്നു.

പിന്നീട് തിരുവിതാംകൂറിലെ പൊലീസ് കമ്മീഷണറായിരുന്ന പിറ്റുമായി ഗാന്ധിതന്നെ നടത്തിയ നിരന്തരമായ കത്തിടപാടുകൾ വഴിയാണ് സമരം ഒത്തുതീർപ്പിലേക്കെത്തിയത്. അതനുസരിച്ച് അഹിന്ദുക്കൾ സഞ്ചരിക്കുന്നതും ക്ഷേത്രത്തിന്റെ തെക്കും വടക്കും പടിഞ്ഞാറുമുള്ളതുമായ വഴികളിലൂടെ അവർണ്ണർക്കുംകൂടി സഞ്ചരിക്കാൻ അനുവാദമായി. കിഴക്കേ നടയിലെ വഴി അപ്പോഴും സവർണ്ണർക്ക് മാത്രമായി ഒഴിച്ചുനിർത്തി. ക്ഷേത്രത്തിന് ആവശ്യമായ സ്ഥലം മതിൽകെട്ടി വേർതിരിക്കും എന്നും അവിടെ കവാടങ്ങൾ പണിയും എന്നും തീരുമാനമായി. ഇതിനെത്തുടർന്ന് 603 ദിവസങ്ങൾ നീണ്ട വൈക്കം സത്യഗ്രഹം 1925 നവംബർ 23-ന് അവസാനിച്ചു. ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പുശ്രമങ്ങളിൽ ടി.കെ. മാധവനെയും രാമസ്വാമിനായ്ക്കരെയും പങ്കെടുപ്പിച്ചില്ല എന്ന വിമർശനം അക്കാലത്ത് ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒത്തുതീർപ്പ് വ്യവസ്ഥകൾ ഭാഗികവും അപൂർണ്ണവുമായിത്തീർന്നതിന്റെ കാരണമായും അത് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത്രയെല്ലാം പരിമിതികൾക്കു ശേഷവും വൈക്കം സത്യഗ്രഹം ഭാവികാലത്തിന് വലിയ പാഠങ്ങൾ ബാക്കിവച്ചാണ് അവസാനിച്ചത്. സമരവേളയിൽ രൂപപ്പെട്ട മതനിരപേക്ഷവും ജനകീയവുമായ ഐക്യമാണ് അതിലൊന്ന്. ബാരിസ്റ്റർ ജോർജ് ജോസഫ്, ഭജേഭാരതം മാത്തുണ്ണി, ഹസ്സൻകോയപൂമുല്ല, ഫാദർ വെട്ടിക്കാപ്പിള്ളി, കുരുവിള മാത്യു, അബ്ദുറഹ്മാൻകുട്ടി എന്നിങ്ങനെ വ്യത്യസ്ത മതപാരമ്പര്യങ്ങളിൽ പുലരുന്ന എത്രയോ പേർ വൈക്കം സത്യഗ്രഹത്തിൽ പങ്കാളികളായി. ഗാന്ധിയുടെ വിലക്കിനും അവരെ തടയാനായില്ല.

വ്യത്യസ്ത മത–ജാതി വിഭാഗങ്ങളിൽ പെട്ടവർ ഒരുമിച്ചു നിന്ന് ജാതിവിരുദ്ധമായ ഒരു സമരത്തെ ജനകീയ-രാഷ്ട്രീയ സമരമായി വികസിപ്പിക്കുന്നതിന്റെ മാതൃക കൂടിയായി വൈക്കം സത്യഗ്രഹം മാറി. ജാതിവിരുദ്ധ സമരം സാമുദായികതയ്ക്ക് അപ്പുറത്തേക്ക് രാഷ്ട്രീയമായി പരിഗണിക്കപ്പെടുന്ന നിലയുണ്ടായി. അതുപോലെ പിന്നാലെ വന്ന നിരവധി സമരങ്ങളുടെ പ്രഭവമായും വൈക്കം സത്യഗ്രഹം മാറിത്തീർന്നു. ഗുരുവായൂർ സത്യഗ്രഹം (1931), ശുചീന്ദ്രം സത്യഗ്രഹം (1926), കൽപ്പാത്തി സമരം (1926), പാലിയം സമരം (1948) തുടങ്ങിയവയ്ക്കും ക്ഷേത്രപ്രവേശനവിളംബരം പോലുള്ള പ്രഖ്യാപനങ്ങൾക്കും വഴിതുറന്നുകൊടുത്തത് വൈക്കം സത്യഗ്രഹത്തിന്റെ ഊർജ്ജമാണ്.

അതോടൊപ്പം തിരുവിതാംകൂറിൽ പിന്നീടു വികസിച്ചുവന്ന സംയുക്ത രാഷ്ട്രീയസഭയ്ക്കും അതിന്റെ തുടർച്ചയായി വന്ന സ്റ്റേറ്റ് കോൺഗ്രസ്സിനും വഴിയൊരുക്കാനും വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞതായി ചരിത്രപഠിതാക്കൾ വിലയിരുത്തിയിട്ടുണ്ട്. ആ നിലയിൽ മനസ്സിലാക്കിയാൽ, ഭാഗിക വിജയം മാത്രം കൈവരിച്ച ഒരു സമരം ചരിത്രത്തിന്റെ വിശാലചക്രവാളത്തിലാകെ ജനാധിപത്യത്തിന്റെ വെളിച്ചം പടർത്തുന്നതിന്റെ ചിത്രമാണ് വൈക്കം സത്യഗ്രഹം ബാക്കിവയ്ക്കുന്നത്.

ഫാസിസത്തിന്റെ ഇരുട്ട് ചുറ്റും പടരുന്ന കാലത്ത് വൈക്കം സത്യഗ്രഹം നമുക്കു നൽകുന്ന സന്ദേശമെന്താണ്? രണ്ടു കാര്യങ്ങളാണ് ഇതിൽ പ്രധാനമെന്ന് ഞാൻ കരുതുന്നു. ഒന്നാമതായി ബ്രാഹ്മണ്യത്തിന്റെ വിഭജനയുക്തികൾക്കെതിരെ വിഭാഗീയതകൾക്കപ്പുറമായി ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതു നമ്മോടു പറയുന്നു. അതോടൊപ്പം സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളെ ചേർത്തുനിർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരത്തിലുള്ള ഐക്യത്തിലൂടെ മാത്രമേ ഈ രാജ്യത്തിന്റെ മതനിരപേക്ഷതയെ നമുക്ക് സംരക്ഷിക്കാനാവൂ എന്നും.-

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top