ad
Deshabhimani

ത്യാ​ഗികൾക്ക് വീരവണക്കം

martyrsveeravanakkam
avatar
എൻ എസ്‌ സജിത്‌

Published on Apr 02, 2025, 10:23 AM | 2 min read

മധുര: ആകാശത്തേക്ക്‌ ആയിരക്കണക്കിനു മുഷ്ടികൾ ഉയർന്നു. ഒപ്പം കാതടിപ്പിക്കുന്ന മുദ്രാവാക്യങ്ങളും. വിപ്ലവാവേശത്തിന്റെ പുതിയ ജ്വാലകൾ പടർത്തി തമിഴ്‌നാടിന്റെ വിവിധ ജില്ലകൾ താണ്ടിയെത്തിയ അഞ്ച്‌ ദീപശിഖ സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്റെ ആരംഭം കുറിച്ച്‌ തമുക്കം മൈതാനത്തിലെ പി രാമമൂർത്തി നഗറിൽ സംഗമിച്ചു. നാടിനും സഹജീവികൾക്കും വേണ്ടിയുള്ള പോരാട്ടത്തിനിടെ വർഗശത്രുക്കൾ കൊലപ്പെടുത്തിയ സഖാക്കളുടെ ദീപ്‌തസ്‌മരണകൾക്ക്‌ മരണമില്ലെന്നു പ്രഖ്യാപിച്ചാണ്‌ മധുരയിലെ സിപിഐ എം പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ദീപശിഖകൾ സംഗമിച്ചത്‌. മധുരയിലെ മുതിർന്ന സിപിഐ എം നേതാക്കളുടെയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെയും മാധ്യമ പ്രവർത്തകൻ എൻ റാമിന്റെയും സാന്നിധ്യം ചടങ്ങിന്‌ ഗാംഭീര്യമേകി.

സ്വാതന്ത്ര്യസമരസേനാനിയും തൊഴിലാളി നേതാവുമായ ശിങ്കാരവേലുവിന്റെ വടക്കൻ ചെന്നൈയിലെ സ്‌മൃതികുടീരത്തിൽനിന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മുൻ എംഎൽഎയുമായ കെ ബാലഭാരതിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ കറുപ്പുരാജ ഏറ്റുവാങ്ങി. സേലം ജയിലിൽ പൊലീസുകാർ കൊലപ്പെടുത്തിയ കർഷക നേതാക്കളുടെ സ്‌മരണകൾ ജ്വലിപ്പിച്ച്‌ പി ദില്ലിബാബുവിന്റെ നേതൃത്വത്തിൽ എത്തിച്ച ദീപശിഖ എൻ അമൃതം ഏറ്റുവാങ്ങി. ബ്രിട്ടീഷ്‌ ഭരണകൂടം തൂക്കിക്കൊന്ന കോയമ്പത്തൂർ ചിന്നയ്യംപാളയത്തെ നാലു മിൽത്തൊഴിലാളികളുടെ സ്‌മൃതികുടീരത്തിൽനിന്ന്‌ സി പത്മനാഭന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ എ ലാസറും വിദ്യാർഥി നേതാക്കളായ സോമുവിന്റെയും സെംബുവിന്റെയും തൂത്തുക്കുടിയിലെ സ്‌മൃതികുടീരത്തിൽനിന്ന്‌ കെ ജി ഭാസ്‌കറിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ പ്രൊഫ. അരുണനും ഏറ്റുവാങ്ങി. മധുര രക്തസാക്ഷികളുടെ സ്‌മൃതികുടീരങ്ങൾ താണ്ടിവന്ന ദീപശിഖ ആർ വിജയരാജനും എസ്‌ കെ പൊന്നുത്തായിയും എൻ ശ്രീനിവാസന്‌ കൈമാറി.

തമിഴ്‌നാട്ടിലെ പരമ്പരാഗത കലാരൂപങ്ങളായ ഒയിലാട്ടം, പൊയ്‌ക്കാൽ നൃത്തം, തപ്പാട്ടം എന്നിവയുടെ അകമ്പടിയോടെ ദീപശിഖകൾ വേദിയിലേക്ക്‌ ആനയിച്ചു. തമിഴ്‌നാട്ടിലെ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും ദളിതരെയും പ്രതിനിധാനം ചെയ്യുന്ന രക്തസാക്ഷികളുടെ മണ്ണിൽനിന്നാണ്‌ ദീപശിഖകൾ എത്തിയതെന്നത്‌ അഭിമാനകരമാണെന്ന്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു. നാടിനും ജനങ്ങൾക്കും വേണ്ടിയാണവർ പോരാടി മരിച്ചത്‌. ആ ദേശാഭിമാനത്തെക്കുറിച്ച്‌ ഇന്ന്‌ രാജ്യം ഭരിക്കുന്നവർക്ക്‌ അറിയില്ല. നമ്മുടെ കാലുകളിൽ ഒന്ന്‌ മുന്നേറുന്നത്‌ മുതലാളിത്ത ചൂഷണത്തിനെതിരെ പോരാടാനും മറ്റേകാൽ സാമൂഹിക അടിച്ചമർത്തലിന്‌ എതിരെയും ആണെന്നുള്ള സീതാറാം യെച്ചൂരിയുടെ വാക്കുകൾ ബൃന്ദ അനുസ്‌മരിച്ചത്‌ സദസ്സ്‌ ആവേശത്തോടെയാണ്‌ സ്വീകരിച്ചത്‌. ചടങ്ങിൽ സ്വാഗതസംഘം സെക്രട്ടറി സു വെങ്കടേശൻ എംപി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കനകരാജ്‌ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home