പരിഭാഷാ സംവിധാനം ഉഷാർ ; ഹിന്ദിയിലുള്ള ചർച്ച മലയാളത്തിൽ ഒഴുകിയെത്തും

മലയാള പരിഭാഷ നടത്തുന്ന അഡ്വ. കെ അനിൽകുമാറും നിതീഷ് നാരായണനും
കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാൾ : പാർടി കോൺഗ്രസിൽ കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചർച്ച പുരോഗമിക്കുന്നു. ഛത്തീസ്‌ഗഡിൽനിന്നുള്ള ആർ വി ഭാരതിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഹിന്ദിയിലാണ് ഭാരതിയുടെ സംസാരം. കേരളത്തിൽനിന്നുള്ള പ്രതിനിധികൾക്ക് ഹിന്ദി പലപ്പോഴും വെല്ലുവിളിയാണ്. എന്നാൽ, മധുര കോൺഗ്രസിൽ ആ പ്രശ്‌നമില്ല. ഹെഡ്‌സെറ്റ് വച്ചാൽ ഹിന്ദിയിലുള്ള ചർച്ച നല്ല മലയാളത്തിൽ ഒഴുകിയെത്തും.
പാർലമെന്റിലും മറ്റുമുള്ള തത്സമയ പരിഭാഷാ സാങ്കേതികവിദ്യ ആദ്യമായി പാർടി കോൺഗ്രസിൽ സിപിഐ എം പരീക്ഷിച്ചു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പരിഭാഷ സാധ്യമാണ്. തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള സാങ്കേതിക–-പശ്ചാത്തലസൗകര്യ സമിതി പ്രത്യേക ആപ് വികസിപ്പിച്ചത്.
മലയാള പരിഭാഷയുടെ ചുമതല സംസ്ഥാന കമ്മിറ്റിഅംഗം കെ അനിൽകുമാറിനും നിതീഷ് നാരായണനുമാണ്. പാർടി കോൺഗ്രസിലെ ചർച്ചയുടെ രഹസ്യസ്വഭാവം കണക്കിലെടുത്താണ് ആപ് വികസിപ്പിച്ചതെന്ന് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിഅംഗം ചിന്തൻ പറഞ്ഞു. കോൺഗ്രസ് ചേരുന്ന ഹാളിനുള്ളിൽ മാത്രമേ ആപ് പ്രവർത്തിക്കൂ.











0 comments