മധ്യപ്രദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും പൊലീസ് കാവലുണ്ട് എന്നതാണ് ദയനീയമായ കാര്യം
ന്യൂനപക്ഷവേട്ടയുടെ പരീക്ഷണശാല

ജസ്‌വിന്ദർ സിങ് സിപിഐ എം മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി

എൻ എസ് സജിത്
Published on Apr 05, 2025, 12:17 AM | 1 min read
മധുര : ‘ജബൽപുരിൽ കഴിഞ്ഞ ദിവസം മലയാളി പുരോഹിതർക്കുനേരെ വിഎച്ച്‌പി ക്രിമിനലുകൾ നടത്തിയ ആക്രമണം ന്യൂനപക്ഷങ്ങൾക്കെതിരെ വർഷങ്ങളായുള്ള അതിക്രമങ്ങളുടെ തുടർച്ചയാണ്. മധ്യപ്രദേശിൽ പൊതുവിൽ മുസ്ലിങ്ങളാണ് സംഘപരിവാർ അതിക്രമത്തിന്റെ ഇരകൾ. എന്നാൽ, ആദിവാസി മേഖലകളിൽ അവർ ലക്ഷ്യം വയ്‌ക്കുന്നത് ക്രൈസ്‌തവരെയാണ്. ക്രൂരതകൾ ചെറുക്കാൻ സിപിഐ എം സജീവമായി രംഗത്തുണ്ട് ’– -സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ജസ്‌വിന്ദർ സിങ് ‘ദേശാഭിമാനി’യോട്‌പറഞ്ഞു.
ബാബ്‌റി മസ്‌ജിദ് തകർത്തിടത്ത് നിർമിച്ച രാമക്ഷേത്രം പ്രധാനമന്ത്രി ഉദ്‌ഘാടനംചെയ്‌ത 2024 ജനുവരി 22ന് തന്നെയാണ് സംഘപരിവാർ ജബുവയിൽ ക്രിസ്‌ത്യൻ പള്ളി തകർത്തത്. പള്ളിയുടെ ചുവരുകളിൽ ജയ്‌ശ്രീറാം എന്ന് എഴുതിവച്ചു. മറ്റൊരു ക്രിസ്‌തീയ ദേവാലയത്തിനു മുകളിൽ കാവിക്കൊടി നാട്ടി.
പ്രധാനമായും നാലു കുംഭമേളയാണ് രാജ്യത്തുള്ളതെങ്കിലും അഞ്ചാമതൊരു കുംഭമേള നർമദ കുംഭ് എന്ന പേരിൽ മണ്ഡ്‌ല ജില്ലയിൽ നാലഞ്ചുവർഷം മുമ്പ് തുടങ്ങിയിരുന്നു. കുംഭമേളയ്‌ക്കിടെ ക്രിസ്‌ത്യൻ പള്ളികൾ തകർത്തു. മുസ്ലിങ്ങൾക്കെതിരെയുള്ള അതിക്രമം ഇതിലും ആസൂത്രിതമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും പൊലീസ് കാവലുണ്ട് എന്നതാണ് ദയനീയമായ കാര്യം. ഇൻഡോറിലെ മഹുവിൽ ഘോഷയാത്രയ്‌ക്കിടെ ഒരു മസ്‌ജിദിലേക്ക് കയറി ആക്രമണം നടത്തിയിട്ട് അധിക കാലമായിട്ടില്ല. ആക്രമിച്ചവരുടെ പേര് പറഞ്ഞുകൊടുത്തിട്ടും എഫ്‌ഐആറിൽ കണ്ടാലറിയുന്ന ചിലർ എന്നാണ് രേഖപ്പെടുത്തിയത്. ഈ സംഭവത്തിൽ 13 മുസ്ലിം ചെറുപ്പക്കാർക്കെതിരെ കള്ളക്കേസ് ചുമത്തി അവരുടെ വാസസ്ഥലങ്ങൾ ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തി.
ഇത്രയും ആക്രമണങ്ങളുണ്ടായിട്ടും സിപിഐ എം അല്ലാതെ ന്യൂനപക്ഷങ്ങൾക്കുവേണ്ടി ഒരു പാർടിയും സംസാരിക്കുന്നില്ല. ദിഗ്‌വിജയ് സിങ് ഒഴികെയുള്ള എല്ലാ കോൺഗ്രസ് നേതാക്കളും ന്യൂനപക്ഷ ധ്വംസനത്തിന്റെ കാര്യത്തിൽ ഹിന്ദുക്കളുടെ കൈയടിക്കുവേണ്ടി കളിക്കുകയാണ്. കോൺഗ്രസ് ഇപ്പോഴും ഗണ്യമായ ശക്തിയാണെങ്കിലും ഏതു നേതാവും എപ്പോഴും ബിജെപിയിൽ പോകുന്ന സ്ഥിതിയാണ്. പുതിയ മുഖ്യമന്ത്രി മോഹൻ ജാദവ് മുൻഗാമിയായ ശിവരാജ് സിങ് ചൗഹാനേക്കാൾ തീവ്രമായാണ് ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നത്.










0 comments