ad
Deshabhimani

എം എ ബേബി

യുവതയുടെ അടയാളമായി മുന്നേറിയ പോരാളി

M A Baby CPIM GEN Secretary
avatar
എൻ എ ബക്കർ

Published on Apr 06, 2025, 06:03 PM | 4 min read

തിരുവനന്തപുരം: രാഷ്ട്രീയ കർമ്മ മണ്ഡലങ്ങളിൽ മുഴുവൻ സമയ പോരാളിയായിരിക്കെ തന്നെ കലാസാംസ്കാരിക മേഖലകളിലും ബൗദ്ധിക സംവേദന രംഗങ്ങളിലും സഹൃദയത്വത്തോടെ ചേർന്നു നിൽക്കുന്ന വ്യക്തിത്വമാണ് എം എ ബേബി. ബിരുദ പഠന കാലത്ത് തന്നെ തന്റെ രാഷ്ട്രീയ തിരിച്ചറിവുകൾക്കൊപ്പം വിദ്യാർഥി പ്രസ്ഥാനത്തിൽ എത്തി. മർദ്ദനവും അറസ്റ്റും ജയിൽ വാസവും ഉൾപ്പെടെ പൊലീസ് നടപടികൾക്ക് വിധേയമായപ്പോഴും പോരാട്ട പാതയിൽ തളരാതെ നയിച്ചു.


പരന്ന വായനയും ഏത് സംവാദങ്ങളിലും ചെന്ന് ചേരുന്ന വൈജ്ഞാനിക ദാഹവും ജനങ്ങൾക്കിടയിലെ പ്രവർത്തന പരിചയവും ചിന്തകളെയും രാഷ്ട്രീയ ജീവിതത്തെയും തെളിയിച്ചെടുത്തു. വിദ്യാർഥി പ്രസ്ഥാനത്തോടും യുവജന പ്രസ്ഥാനത്തോടും ചേർന്ന് നിന്നപ്പോൾ യുവത്വത്തിന്റെ ചാലക ശക്തിയായി നേതൃനിരയിലെ ആവേശമായി ഉയർന്നു നിന്നു. ആശയ സംവാദങ്ങളിലും സമരപോരാട്ട വേദികളിലും ഒരേസമയം പുതുയുവതയുടെ മുന്നേറ്റത്തിന്റെ അടയാളമായി. ബഹുമുഖ വ്യക്തിത്വത്തോടെ രാജ്യസഭയിലും, മന്ത്രിയും എംഎൽഎയും ആയിരിക്കെ കേരള നിയമസഭയിലും വേറിട്ട സ്വീകാര്യത നേടി.


മരിയന്‍ അലക്‌സാണ്ടർ ബേബി എന്ന എംഎ ബേബി ഇഎംഎസ്സിനും കേരളത്തിൽ വേരുകളുള്ള പ്രകാശ് കാരാട്ടിനും ശേഷം സംസ്ഥാനത്ത് നിന്ന് പാർടി ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന വ്യക്തിയാണ്. 2006-ല്‍ കുണ്ടറയിൽനിന്നുള്ള നിയമസഭാംഗവും വിഎസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയുമായിരുന്നു. 2011-ല്‍ വീണ്ടും എംഎല്‍എ ആയി. 2014-ല്‍ കൊല്ലത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു.


castro baby


പാർടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുക സംഘടനാപരമായ വലിയ വെല്ലുവിളിയാണ്. കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. യോജിച്ച് കൂട്ടായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. പോളിറ്റ്ബ്യൂറോയുടെ ഭാ​ഗമായുള്ള പ്രവർത്തനത്തിന്റെ തുടർച്ചായാണിത് - എം എ ബേബി


1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പി എം അലക്സാണ്ടർ പുനലൂർ എൻ എസ് വി ഹൈസ്കൂൾ പ്രധാനാധ്യാപകൻ ആയിരുന്നു. വലിയ പുസ്തക ശേഖരം ഉണ്ടായിരുന്ന അധ്യാപകനാണ്. ഇവിടെ നിന്നാണ് ബേബിയുടെ വായനാ ശീലം തുടങ്ങുന്നത്. സംഗീതം, വായന, ടെന്നീസ്, ഫുട്ബോൾ എന്നിങ്ങനെ ബാലനായ ബേബിയുടെ താത്പര്യങ്ങൾ അന്നു തന്നെ രൂപപ്പെട്ടതായിരുന്നനു എന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നുണ്ട്.


കൊല്ലം പ്രാക്കുളം എൻഎസ് എസ് ഹൈസ്‌കൂൾ, കൊല്ലം എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ബേബിയുടെ വിദ്യാഭ്യാസം.


2012 ലെ ഇരുപതാം പാർടി കോൺഗ്രസിലാണ് എം എ ബേബി സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത്. വിദ്യാർഥി പ്രസ്ഥാന ഘട്ടം മുതൽ പലതവണ ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയായിരുന്നു ഇത്.


ma baby yechuri


വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ...


സിപിഐ എം ജനറൽ സെക്രട്ടറിയാകുന്ന, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പദവി വഹിച്ച നേതാക്കളുടെ നിരയിലെ മൂന്നാമത്തെ വ്യക്തിയാണ് എം എ ബേബി. ആ മൂവരിൽ ആദ്യം ജനറൽ സെക്രട്ടറിയായ പ്രകാശ്‌ കാരാട്ടിൽ നിന്നാണ്‌ ബേബി എസ്‌എഫ്‌ഐ പ്രസിഡണ്ട്‌ പദം ഏറ്റെടുക്കുന്നത്‌. 1979 ൽ പട്‌ന സമ്മേളനത്തിൽ ആയിരുന്നു ഇത്. ബേബിക്ക് ശേഷം 1984ൽ സീതാറാം യെച്ചൂരി എസ്‌എഫ്‌ഐ പ്രസിഡണ്ട് പദവിയിലെത്തി.


എം എ ബേബിയെ 1974ൽ എസ്എഫ്ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുത്തപ്പോൾ അവരിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു. തൊട്ടടുത്ത വർഷം 1975ൽ എസ്എഫ്ഐ കേരള ഘടകം പ്രസിഡന്റായി. 1979ൽ അഖിലേന്ത്യാ പ്രസിഡന്റായി. വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്നും യുവജനങ്ങളുടെ ഭാഗമായി. തുടർന്ന് 1987ൽ ഡിവെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി.

 

യുവനിരയുടെ ഭാഗമായി പാർടിയിൽ


1977ൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ൽ സിപിഐ എം  കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം.

 

2006 – 2011 കാലഘട്ടത്തിൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011 ൽ കുണ്ടറയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


1986മുതൽ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് 32 വയസായിരുന്നു. രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ളേഷൻ കമ്മിറ്റി അധ്യക്ഷനുമായി. സബോർഡിനേറ്റ് കമ്മിറ്റിയിൽ ആയിരിക്കെ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. 1998വരെ രാജ്യസഭാംഗമായി തുടർന്നു.


ma baby castro


ക്യൂബൻ ഐകദാർഢ്യ സമിതിയുടെ ആദ്യ കൺവീനറും ലോക സമാധാനത്തിനായി രൂപീകരിച്ച അഖിലേന്ത്യാ സമാധാന ഐക്യദാഢ്യ സമിതിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.


കേന്ദ്രകമ്മിറ്റി തീരുമാന പ്രകാരം സംഘടനാ പരിഷ്‌കരണത്തിന്റെ ഭാഗമായി മൂന്ന് പ്രധാനപ്പെട്ട ഉപദേശക സമിതിയുടെ ചുമതല നിർവ്വഹിച്ചിരുന്നു. വിദേശകാര്യ വിഭാഗത്തിന്റെ ചുമതലയും ഇതിൽ ഉൾപ്പെടുന്നു. ഡല്‍ഹി കേന്ദ്രമാക്കി ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, ലീല ഓംചേരി എന്നിവര്‍ക്കൊപ്പം രൂപവത്കരിച്ച 'സ്വരലയ' രാജ്യാ ന്തര പ്രശസ്തി നേടിയ കലാസ്വാദക കൂട്ടായ്മയായി വളർത്തി.


വിദ്യാഭ്യാസ–സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെയാണ് കലാമണ്ഡലം കൽപിത സർവകലാശാലയായി അംഗീകാരം നേടുന്നത്. കൊച്ചി മുസിരിസ് ബിനാലെക്ക് തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമനിർമാണത്തിലൂടെ സ്ഥാപിച്ചു. 2013ൽ സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് അഭിനവ് രംഗമണ്ഡൽ ഏർപ്പെടുത്തിയ പ്രഥമ അർജുൻ സിങ് അവാർഡിന് അർഹനായി.


ma baby ems


ഇ എം എസിന് ശേഷം ആദ്യമായാണ് കേരള ഘടകത്തിൽ നിന്നും ഒരു ജനറൽ സെക്രട്ടറി. 1978 മുതൽ 92 വരെയായിരുന്നു ഇ എം എസ് തുടർന്നത്. ബേബി പാർടി ജനറൽ സെക്രട്ടറി പദവിയിൽ ആറാമത്തെ വ്യക്തിയാണ്. പാർടി കോൺഗ്രസിൽ ഏകകണ്ഠമായാണ് ബേബിയുടെ സ്ഥാനാർഥിത്വം അംഗീകരിക്കപ്പെടുന്നത്.


പ്രധാന കൃതികൾ:

എന്റെ എസ്‌എഫ്‌ഐ കാലം, വരൂ ഈ ചോര കാണൂ: ബുഷിനെതിരെ കലാകാരന്മാർ (ഷിബു മുഹമ്മദുമായി ചേർന്ന് എഴുതിയത്), എംജിഎസ് തുറന്നുകാട്ടപ്പെടുന്നു, അറിവിന്റെ വെളിച്ചം  നാടിന്റെ  തെളിച്ചം, ക്രിസ്‌തു മാർക്‌സ്‌ ശ്രീനാരായണഗുരു (ബാബു ജോണുമായി ചേർന്ന് എഡിറ്റ് ചെയ്തു), നോം ചോംസ്‌കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റർ), ഡോ. വേലുക്കുട്ടി അരയൻ (എഡിറ്റർ), ഒഎൻവി സ്നേഹാക്ഷരങ്ങളിലെ ഉപ്പ്, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്ത, യുവജന പ്രസ്ഥാന ചരിത്രം. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു.

 

1954 ഏപ്രിൽ അഞ്ചിനാണ് ജനനം.

ഭാര്യ: ബെറ്റി ലൂയിസ്

മകൻ: അശോക് ബെറ്റി നെൽസൺ

മരുമകൾ: സനിധ

പേരക്കൂട്ടികൾ: തനയ്, റാൻ

 സംഗീത-കലാപ്രിയനായ പിതാവിനൊപ്പം മകന്‍ അശോക് ബെറ്റി നെല്‍സണും സംഗീത വഴിയിലാണ്. പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്റെ സംഘത്തിലും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിലും എല്ലാം സുപരിചിതനാണ് അപ്പു എന്ന് വിളിക്കുന്ന അശോക്.


baby karat



രാജ്യം അനുഭവിക്കുന്ന വെല്ലുവിളികളാണ് പാർട്ടിയുടെയും വെല്ലുവിളികൾ. രാജ്യത്ത് 80,000 ത്തിലധികം പാർട്ടി ബ്രാഞ്ചുകളുണ്ട്. കൂടാതെ ഇന്റർമീഡിയേറ്ററി കമ്മറ്റികളുണ്ട്. ഈ കമ്മിറ്റികളെല്ലാം സജീവമായി പ്രവർത്തിക്കുകയാണെങ്കിൽ പാർട്ടി കോൺ​ഗ്രസിൽ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയും. സംഘടനാപരമായ ഒരു പുനഃശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ഇടപ്പെടൽ ശേഷി വർധിപ്പിക്കുന്നതിന് പാർട്ടി കോൺ​ഗ്രസ് തീരുമാനങ്ങളിലൂടെ കഴിയും- എം എ ബേബി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home