ad
Deshabhimani

ഹിമാചൽ കണ്ണീർച്ചാൽ

sanjay
avatar
എൻ എസ്‌ സജിത്‌

Published on Apr 04, 2025, 02:34 PM | 2 min read

സീതാറാം യെച്ചൂരി നഗർ 
(തമുക്കം മെെതാനം, മധുര) : കേന്ദ്രസർക്കാരിന്റെ പ്രതികാരനയങ്ങൾ മൂലം ഹിമാചൽ പ്രദേശ്‌ സാമ്പത്തിക പ്രതിസന്ധിയുടെ ദുരന്തമുനമ്പിലാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സഞ്‌ജയ്‌ ചൗഹാൻ പറഞ്ഞു. പ്രതിസന്ധി നേരിടുന്നതിനു പകരം സംസ്ഥാനത്തെ കോൺഗ്രസ്‌ സർക്കാർ സാമ്പത്തികഭാരം മുഴുവൻ ജനങ്ങളുടെ ചുമലിൽ ഇടുകയാണെന്നും ഷിംല നഗരസഭയുടെ മുൻ മേയർ കൂടിയായ സഞ്‌ജയ്‌ ചൗഹാൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


എഴുപതുലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനം കേന്ദ്രനയങ്ങൾ മൂലം ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്നു. കടബാധ്യത കുത്തനെ ഉയർന്നു.


രാജ്യത്ത്‌ ഏറ്റവും കൂടുതൽ വനമുള്ള ഹിമാചൽ പ്രദേശിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വനത്തിൽനിന്നായിരുന്നു. 1990ൽ കേന്ദ്ര വനസംരക്ഷണ നിയമം വന്നതോടെ വനത്തിൽ സംസ്ഥാനത്തിന്‌ ഒരു അധികാരവുമില്ലാതായി. തൊട്ടടുത്ത വർഷം നവലിബറൽ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിച്ചതോടെ തകർച്ചയ്‌ക്ക്‌ തീവ്രതയേറി. പ്രതിമാസം 28,000 കോടി രൂപയാണ്‌ ചെലവുകൾക്കുവേണ്ടത്‌. അതിൽ 20,000 കോടിയും ശമ്പളം, പെൻഷൻ തുടങ്ങിയ ചെലവുകൾക്കാണ്‌. സംസ്ഥാനത്തിന്റെ വായപയെടുക്കാനുള്ള പരിധി വർധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ഫെഡറൽ മൂല്യങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്‌ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുകയാണ്‌. അവകാശപ്പെട്ട ജിഎസ്‌ടി വിഹിതവും തടഞ്ഞുവയ്‌ക്കുന്നു.


പ്രതിസന്ധി പരിഹരിക്കാൻ സുഖ്‌വിന്ദർ സുഖി നയിക്കു ന്ന കോൺഗ്രസ് സർക്കാരിനു താൽപ്പര്യമില്ല. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ജലവിതരണം തുടങ്ങിയ സേവന മേഖലകളിലൊന്നും സ്ഥിരം നിയമനം നടത്തുന്നില്ല. തൊഴിലില്ലായ്‌മ രൂക്ഷമായിട്ടും സേവനമേഖലയിലെ 75 ശതമാനം പേരും കരാർ ജീവനക്കാരാണ്‌. 6000 മുതൽ 8000 രൂപവരെ മാത്രം പ്രതിഫലം വാങ്ങുന്നവർ. സ്ഥിരം ജീവനക്കാരുടെ ഡിഎ ഇതുവരെ വർധിപ്പിച്ചിട്ടില്ല.


കൃഷിച്ചെലവ്‌ വർധിച്ചതും കാലാവസ്ഥാവ്യതിയാനവും മൂലം ആപ്പിളിന്റെയും പച്ചക്കറികളുടെയും ഉൽപ്പാദനക്ഷമത ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌. 15 ശതമാനം കൃഷിഭൂമിയിൽ മാത്രമേ ജലസേചന സൗകര്യമുള്ളൂ. 2010ൽ 20 കിലോയുടെ അഞ്ചുകോടി പെട്ടി ആപ്പിൾ ഉൽപ്പാദിപ്പിച്ചിരുന്നത്‌ 2023ൽ 2.5 കോടി പെട്ടിയായി. ഇങ്ങനെ ദുരിതത്തിലായവർക്കുമേൽ ഇരുട്ടടിയാകാൻ പോകുകയാണ്‌ ട്രംപിന്റ താരിഫ്‌ യുദ്ധം. അമേരിക്കൻ സമ്മർദം മൂലം ആപ്പിളിന്റെയും മറ്റും ഇറക്കുമതിച്ചുങ്കം കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തയ്യാറായാൽ ആപ്പിൾത്തോട്ടത്തിൽ കണ്ണീർ വീഴും.


സംസ്ഥാനത്ത്‌ ബിജെപിയുടെ വർഗീയ ധ്രുവീകരണത്തെ ചെറുക്കുന്നതിൽ കോൺഗ്രസ്‌ പരാജയം സമ്മതിച്ചു. ഗ്രൂപ്പുകൾ തമ്മിൽ തല്ലുമ്പോൾ എംഎൽഎമാർ ബിജെപിയിൽ പോകുന്നത്‌ കണ്ടുനിൽക്കാനേ നേതൃത്വത്തിനു കഴിയുന്നുള്ളൂ.

കൃഷിത്തകർച്ച, തൊഴിലില്ലായ്‌മ, പൊതുസേവന മേഖലയിലെ കരാർവൽക്കരണം, കേന്ദ്രം തുടരുന്ന അവഗണന തുടങ്ങിയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ സിപിഐ എം ശക്തമായ പ്രക്ഷോഭത്തിലാണ്‌. വലിയ വിഭാഗം ജനങ്ങളെ ഈ സമരത്തിൽ അണിനിരത്താൻ സിപിഐ എമ്മിന്‌ സാധിക്കുന്നുണ്ട്‌–- സഞ്‌ജയ്‌ ചൗഹാൻ പറഞ്ഞു.


















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home