പ്രക്ഷോഭച്ചൂടിൽ മണലാരണ്യം

സീതാറാം യെച്ചൂരി നഗർ : രാജസ്ഥാനിൽ മുമ്പില്ലാത്തവിധം ‘ഇസ്ലാമോഫോബിയ’ സൃഷ്ടിച്ചുള്ള ധ്രുവീകരണനീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് ‘ദേശാഭിമാനി’യോട് പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റിനിർത്തിയാൽ മതസൗഹാർദത്തിന്റേതായ അന്തരീക്ഷമാണ് രാജസ്ഥാനിൽ ഉണ്ടായിരുന്നത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ സംഘപരിവാർ കൂടുതൽ തീവ്രവർഗീയതയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ റംസാൻ ദിനത്തിൽ അത് കൃത്യമായി പ്രകടമായി. സാധാരണയായി രാഷ്ട്രീയനേതാക്കളും മറ്റും മസ്‌ജിദുകൾക്ക് മുന്നിലെത്തി ഈദ് ആശംസകൾ നേരാറുണ്ട്. ബിജെപി നേതാക്കളും എത്താറുണ്ട്. എന്നാൽ, ഇക്കുറി റംസാൻ ദിനത്തിൽ ആശംസ നേരുന്നത് സംഘപരിവാർ നേതൃത്വം വിലക്കി.
മുഖ്യമന്ത്രിസ്ഥാനത്ത് അപ്രതീക്ഷിതമായി എത്തിയ ഭജൻലാൽ ശർമ ധ്രുവീകരണ രാഷ്ട്രീയത്തിലാണ് ഊന്നുന്നത്. ബിജെപിയുടെ മതവർഗീയ രാഷ്ട്രീയത്തിനെതിരായി സിപിഐ എം ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിക്കറിൽ അമ്രാറാം നേടിയ ജയം പാർടി പ്രവർത്തകർക്ക് വലിയ ഉണർവ് പകർന്നു.
ദളിത്–- ന്യൂനപക്ഷ വോട്ടർമാർ പൂർണമായും പാർടിയോടൊപ്പം നിന്നത് വലിയ വിജയത്തിന് കാരണമായി. പാർടിക്കൊപ്പം നിലകൊണ്ട പുതിയ വോട്ടർമാർക്ക് ആശയപരമായ ദിശാബോധമേകി കൂടെനിർത്താനാണ് ശ്രമം. ഒപ്പം കിസാൻസഭയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കും. ഇപ്പോൾത്തന്നെ മിനിമം താങ്ങുവില, വിള ഇൻഷുറൻസ്, വർധിച്ചുവരുന്ന കൃഷിച്ചെലവുകൾ, ജലക്ഷാമം തുടങ്ങിയ വിഷയങ്ങളുയർത്തി സിക്കർ, ചുരു, ഗംഗാനഗർ, ബിക്കാനീർ തുടങ്ങി പല ജില്ലകളിലും കിസാൻസഭ ശക്തമായ പ്രക്ഷോഭങ്ങളിലാണ്. ക്യാമ്പസുകളിൽ എസ്‌എഫ്ഐയും സജീവമാണ്. പല കോളേജുകളിലും എസ്‌എഫ്‌ഐ ജയിച്ചതോടെ യൂണിയൻ തെരഞ്ഞെടുപ്പ് തന്നെ ഒഴിവാക്കാനാണ് ബിജെപി ശ്രമം–- പരീഖ് പറഞ്ഞു.











0 comments