ad
Deshabhimani

സമരങ്ങളിലൂടെ കരുത്താർജിക്കുന്ന വംഗനാട്‌

cpim wb
avatar
എൻ എസ്‌ സജിത്‌

Published on Apr 03, 2025, 02:12 PM | 2 min read

സീതാറാം യെച്ചൂരി നഗർ: പശ്‌ചിമ ബംഗാളിൽ സമീപവർഷങ്ങളിൽ നിരന്തരമായ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ആർജിച്ച കരുത്തും പിന്തുണയും എങ്ങനെ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനാകുമെന്നതാണ്‌ സിപിഐ എം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമപ്രവർത്തകനുമായ ദേബാശിഷ്‌ ചക്രബർത്തി പറഞ്ഞു. ബംഗാളിന്റെ രാഷ്ട്രീയഘടനയിൽ സുപ്രധാനമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ്‌ സിപിഐ എം സംസ്ഥാന സമ്മേളനം വിലയിരുത്തിയത്‌. അതേസമയം സ്വതന്ത്രശക്തി വർധിപ്പിക്കാനുള്ള തുടർച്ചയായ സമരങ്ങളും ഇടപെടലുകളും നടത്തുന്നുണ്ട്‌. സംഘടന മിക്കവാറും ജില്ലകളിൽ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്‌. പ്രക്ഷോഭങ്ങളിലെല്ലാം വലിയ പ്രാതിനിധ്യവുമുണ്ട്‌. പൊടുന്നനെയൊരു മാറ്റം സാധ്യമാകില്ല എങ്കിലും അഞ്ച്‌ വർഷം മുമ്പത്തെ അവസ്ഥയല്ല ഇപ്പോൾ എന്ന്‌ തീർച്ചയായും പറയാനാകും.


ബിജെപിയും തൃണമൂലും പരസ്‌പരം വളമേകുകയാണ്‌. ഹിന്ദുക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നത്‌ തങ്ങളാണെന്ന്‌ ബിജെപിയും മുസ്ലിങ്ങളുടെ രക്ഷക താനാണെന്ന്‌ മമതാ ബാനർജിയും പറയുന്നു. രാഷ്ട്രീയമായി മാത്രമല്ല, മതപരമായ ഭിന്നിപ്പുകൂടിയാണ്‌ ഇരുപാർടികളും സൃഷ്ടിക്കുന്നത്‌.


പ്രക്ഷോഭങ്ങളിലൂടെയാണ്‌ സിപിഐ എം കരുത്ത്‌ വീണ്ടെടുക്കുന്നത്‌. കുടിയേറ്റ തൊഴിലാളികൾ, ഗിഗ്‌ വർക്കേഴ്‌സ്‌ തുടങ്ങിയ മേഖലകളിലെ സമരങ്ങൾകൂടി പാർടി ഏറ്റെടുക്കുന്നു. വടക്കൻ ബംഗാൾ മുതൽ കൊൽക്കത്ത വരെ ഡിവൈഎഫ്‌ഐ നടത്തിയ 2000 കിലോമീറ്റർ ദൈർഘ്യമുള്ള ഇൻസാഫ്‌ യാത്രയ്‌ക്ക്‌ ലഭിച്ച സ്വീകാര്യത, അതിന്റെ പരിസമാപ്‌തിയിൽ ബ്രിഗേഡ്‌ പരേഡ്‌ ഗ്രൗണ്ടിൽ നടന്ന യുവജന റാലി, ആർ ജി കർ ബലാൽസംഗക്കേസിൽ നടത്തിയ പ്രക്ഷോഭത്തിൽ സ്‌ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം എന്നിവ ബംഗാളിൽ സിപിഐ എം സംഘടനാ സംവിധാനം വീണ്ടും ശക്തിയാർജിക്കുന്നതിന്റെ തെളിവാണ്‌. ചേരികളിലെ മനുഷ്യരെ സംഘടിപ്പിക്കുന്ന പശ്‌ചിമ ബംഗാൾ ബസ്‌തി ഉന്നയൻ സമിതിയുടെ പ്രവർത്തനങ്ങളും ഏറെ ഗുണകരമാണ്‌.


സിപിഐ എമ്മിനോട്‌ അനുഭാവമുള്ളവർക്കുപോലും ഇടതുപക്ഷത്തിന്‌ വോട്ടുചെയ്യാൻ കഴിയാത്ത ഭീഷണിയാണ്‌ തൃണമൂൽ സൃഷ്ടിക്കുന്നത്‌.


ഒരു ഘട്ടത്തിൽ സിപിഐ എമ്മിൽനിന്ന്‌ അകന്നുപോയ ധൈഷണികരും കലാപ്രവർത്തകരും പാർടിയുമായി അടുക്കുന്നു. തൃണമൂൽ ഭീഷണി വകവയ്‌ക്കാതെയാണ്‌ മമത ഭരണത്തിലെ അഴിമതിയും വർഗീയതയുമൊക്കെ ഇതിവൃത്തമായ മായാനഗർ (വൺസ്‌ അപ്പോൺ എ ടൈം ഇൻ കൊൽക്കത്ത) എന്ന സിനിമ പുറത്തിറങ്ങിയത്‌.


വിഭജനകാലത്ത്‌ ശക്തമായ വർഗീയതയെ ചെറുക്കാനായത്‌ 1950കൾ മുതൽ കമ്യൂണിസ്റ്റുകാർ നടത്തിയ രാഷ്ട്രീയവും സാംസ്‌കാരികവുമായ സമരങ്ങൾ കൊണ്ടാണ്‌. ഇടതുപക്ഷം ഭരിച്ച കാലത്തൊന്നും വർഗീയ കലാപം ഉണ്ടായിട്ടില്ല. പാർടിക്കെതിരെ കള്ളം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെക്കൂടി പ്രതിരോധിക്കണം. സഹകരണമേഖലയിലെ തെരഞ്ഞെടുപ്പിൽ സ്വന്തം സ്വാധീനമേഖലകളിൽ സിപിഐ എമ്മും ബിജെപിയും ജയിച്ചപ്പോൾ തൃണമൂൽ പരാജയപ്പെട്ടത്‌ സിപിഐ എം- ബിജെപി ബാന്ധവം കൊണ്ടാണെന്ന്‌ എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളാണ്‌ ബംഗാളിലുള്ളത്‌–- ദേബാശിഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home