അസമിൽ വംശീയ ഉന്മൂലന നീക്കം


എൻ എസ് സജിത്
Published on Apr 06, 2025, 04:02 AM | 1 min read
സീതാറാം യെച്ചൂരി നഗർ : അസമിൽ അതിതീവ്ര മുസ്ലിം വിദ്വേഷം പടർത്താൻ മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ നേതൃത്വം നൽകുന്നതിന് രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇഷ്‌ഫാക് ഉർ റഹ്‌മാൻ ‘ദേശാഭിമാനിയോട്’ പറഞ്ഞു. കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേക്കേറിയ ബിസ്വ സർമയ്‌ക്ക് താൻ ആർഎസ്‌എസുകാരെക്കാൾ വലിയ ഹിന്ദുത്വവാദിയാണെന്ന് കാണിക്കണമെന്നതാണ് രാഷ്ട്രീയ കാരണം. ഭാര്യക്കൊപ്പം ചേർന്ന് ബിസ്വ സർമ നടത്തുന്ന മെഗാ അഴിമതികൾ മൂടിവയ്‌ക്കുകയും വേണം. ഭാര്യ റിനികി ഭുയാൻ സർമയുടെ പേരിൽ വാങ്ങിക്കൂട്ടുന്ന സ്വത്തുവകകൾക്ക് കൈയും കണക്കുമില്ല. ഭീഷണിപ്പെടുത്തിയും സ്വാധീനം ഉപയോഗിച്ചും ഭൂമിയും ചായത്തോട്ടവും റിസോർട്ടുകളും ആഡംബര സ്‌കൂളുകളും സ്വന്തമാക്കി. പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണി പൂർത്തിയായി. ഇതിനെല്ലാം മറയിടാനാണ് മുസ്ലിം വിദ്വേഷ പ്രചാരണവും പൊലീസ് രാജും നടപ്പാക്കുന്നത്.
ബിജെപിയുടെ ഏകാധിപത്യപ്രവണത ഏറ്റവും ശക്തമായ സംസ്ഥാനമാണ് അസം. സംസ്ഥാനത്തെ ജനസംഖ്യയിലെ 35 ശതമാനവും മുസ്ലിങ്ങളാണ്. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയവരാണെന്നു പറഞ്ഞ് എല്ലാ മുസ്ലിങ്ങളെയും വേട്ടയാടുന്നു. കള്ളക്കേസ് ചുമത്തുകയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്യുന്നു.
വിലക്കയറ്റത്തിനെതിരെ തെരുവുനാടകം കളിച്ച യുവാവിനെയും യുവതിയെയും ജയിലിലടച്ചു. നാടകത്തിൽ ശിവപാർവതിമാരെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അഴിമതിക്കും ന്യൂനപക്ഷവേട്ടയ്‌ക്കുമെതിരെ ശബ്ദം ഉയർത്തുന്നവരെ ഉൾഫ പക്ഷപാതിത്വം ആരോപിച്ച് വേട്ടയാടുകയാണ്.
സാമുദായിക സൗഹാർദത്തിന്റെ ഉജ്വല പാരമ്പര്യമുള്ള അസമിൽ ഇതുവരെ വൻതോതിലുള്ള വർഗീയ കലാപം ഉണ്ടായിട്ടില്ല. എന്നാൽ, സാമുദായിക ഭിന്നത തീവ്രമാക്കാൻ ഭരണകക്ഷി തന്നെ ശ്രമിക്കുന്നതിന്റെ ലക്ഷ്യം വർഗീയ കലാപം തന്നെയാണ്. ഇതുകൂടാതെ വംശീയവികാരം ഇളക്കിവിട്ട് ബിജെപി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നു.
2019 ഡിസംബറിൽ പൗരത്വവിഷയത്തിൽ എല്ലാ ജനങ്ങളും ഒരുമിച്ചു നടത്തിയ പ്രക്ഷോഭത്തെ വെടിവച്ച് ദുർബലമാക്കാൻ ശ്രമിച്ചിരുന്നു. അഞ്ചുപേർ അന്ന് കൊല്ലപ്പെട്ടു. സമരം ശക്തിപ്പെടുന്നത് ബിജെപിയെ ഭയപ്പെടുത്തി. അതോടെയാണ് വർഗീയവും വംശീയവുമായ വിഭജനശ്രമങ്ങൾ തീവ്രമാക്കിയത്–- ഇഷ്‌ഫാക് ഉർ റഹ്‌മാൻ പറഞ്ഞു.











0 comments