യുഡിഎഫിന് ദാസ്യപ്പണിയുമായി മനോരമ

എം വി നികേഷ്കുമാർ
Published on Oct 17, 2025, 02:05 AM | 4 min read
എസ്എൻസി ലാവ്‌ലിൻ കേസിൽനിന്ന് പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയും സിബിഐ കോടതി വിധി ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്ത ദിവസം റിപ്പോർട്ടർ ടിവിയിൽ രാത്രി എട്ടിന്റെ ‘എഡിറ്റേഴ്സ് അവർ’ പരിപാടിയുടെ ചർച്ച നയിച്ചത് ഇൗ ലേഖകനായിരുന്നു. പാനലിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് പി എസ് ശ്രീധരൻപിള്ള. ഹൈക്കോടതിയിൽ സിബിഐ അഭിഭാഷകനായി പ്രവർത്തിച്ചയാളാണ് ശ്രീധരൻപിള്ള. ലാവ്‌ലിൻ കേസിൽ ഇനിയുള്ള രാഷ്ട്രീയസാധ്യതകൾ എന്താണ് എന്ന ചോദ്യത്തിന് ശ്രീധരൻപിള്ള പറഞ്ഞു: ‘അത് കഴിഞ്ഞു. രണ്ട് കോടതികൾ തുടർച്ചയായി ഒരേവിധി പുറപ്പെടുവിച്ചതിനാൽ അപ്പീൽപോലും സുപ്രീംകോടതി ഫയലിൽ സ്വീകരിക്കില്ല'. സുപ്രീംകോടതി പിന്നീട് അപ്പീൽ പരിശോധിച്ച് എടുത്ത നിലപാടും അതുതന്നെയായിരുന്നു.
പുതിയ എന്തെങ്കിലും വസ്തുതകളുമായി വന്നാലല്ലാതെ അപ്പീൽ പരിഗണിക്കാൻ കഴിയില്ല. മൂന്നംഗ ബെഞ്ച് നയിച്ച ജസ്റ്റിസ് യു യു ലളിത് പറഞ്ഞു: ‘രണ്ട് കോടതികൾ ഒരേദിശയിൽ പിണറായി പ്രതിയല്ല എന്ന് വിധിച്ചതാണ്. അവരെ ഒഴിവാക്കാൻ പാടില്ല എന്ന് വാദിക്കുന്നുണ്ട്, എങ്കിൽ അതിന് ശക്തമായ പുതിയ തെളിവുകളും വാദങ്ങളും കൊണ്ടേവരാവൂ.' ഹർജി തള്ളുന്നു എന്ന് പറഞ്ഞില്ലെന്നുമാത്രം. അന്നുമുതൽ പുതിയത് തപ്പി നടക്കുകയാണ് സിബിഐ. ‘പുതിയ ശക്തമായ വാദം' കണ്ടെത്താൻ കഴിയാത്തതിനാൽ സിബിഐ ഓരോ തവണയും കേസ് മാറ്റിവയ്‌പിക്കും. പുതിയതില്ലാതെ കോടതിയെ അഭിമുഖീകരിക്കേണ്ടിവന്നാൽ സുപ്രീംകോടതി അത് ചവറ്റുകുട്ടയിൽ ഇട്ടാലോ? എന്നാൽ, അക്കാര്യവും പിണറായിയുടെ തലയിലാണ് മനോരമാദികൾ കൊണ്ടിടുക! ‘ഞാനില്ലാത്ത കേസ് എനിക്കെങ്ങനെയാണ് മാറ്റിവയ്‌പിക്കാൻ കഴിയുക' എന്ന് പിണറായി പലതവണ ചോദിച്ചുനോക്കി. രക്ഷയില്ല. ഓരോ തെരഞ്ഞെടുപ്പിലും എങ്ങനെയെങ്കിലും ഉന്തിത്തള്ളി വിഷയം അവതരിപ്പിക്കും. ഇത്തവണ പക്ഷേ ആകെ പാളിപ്പോയി.
പിണറായി വിജയനെതിരെ ഒരാരോപണവും അതിലെ പുകമറയും ഇല്ലാതെ തെരഞ്ഞെടുപ്പിലേക്ക് പോകാൻ യുഡിഎഫിനാകില്ല. ഇഡി രക്ഷയ്ക്കെത്തി. പിണറായി വിജയന്റെ മകൻ വിവേക് കിരൺ എന്നയാളുടെ പേരിൽ 2023ൽ ഒരു സമൻസ് ഉണ്ടെന്ന ബോംബ് ഇറക്കി. ‘ലൈഫ് മിഷൻ അന്വേഷണം ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ മകനിലേക്കുംവരെ എത്തിയതിന്റെ പുറത്തറിയാത്ത വിവരമാണ് സമൻസിൽ ഉള്ളത്' എന്ന് മനോരമ ഇൻസ്റ്റന്റ് ആയി തട്ടിവിട്ടു. സമൻസ് അയച്ചത് ലൈഫ് മിഷൻ കേസ് പ്രതികളുടെ മൊഴിയിൽ ഊന്നിയാണെന്ന് തൊട്ടടുത്ത ദിവസം. ആയിരം കോടിരൂപ യുഎഇ കേന്ദ്രീകരിച്ചുമാത്രം പിരിച്ചു എന്നും യുഎഇയിലെ വിവിധ ബാങ്കുകളിലെ ഇടപാടുകൾ നിയന്ത്രിച്ചത് വിവേകാണെന്നും കോൺഗ്രസുകാരെക്കൊണ്ട് പറയിപ്പിച്ച് റിപ്പോർട്ട് ചെയ്തു.
ഇഡി അയച്ചു എന്നു പറയുന്ന സമൻസ് ലൈഫ് മിഷൻ കേസിൽ അല്ല ലാവ്‌ലിൻ കേസിലാണെന്ന് 13–ാംതീയതി ഉച്ചയോടെ ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. മനോരമയുടെ ആദ്യവാർത്തയും അതിന്മേലുള്ള അപസർപ്പകകഥകളും തരിപ്പണമായി. ഒട്ടും നാണിക്കാതെ ലാവ്‌ലിൻ കേസിലാണ് സമൻസ് എന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചു. പിന്നെയാണ് ഉരുളലോടുരുളൽ. ഉപതലക്കെട്ട് ‘മുഖ്യമന്ത്രിയുടെ മകനെ വിളിപ്പിച്ചത് ലാവ്‌ലിൻ കേസിൽ' എന്ന്. ബ്ലർബ്ബിൽ ‘വിവേകിനെ വിളിപ്പിച്ചത് ലൈഫ് മിഷൻ കേസിൽ / ശിവശങ്കർ അറസ്റ്റിലായ ദിവസം' എന്ന് വിഭജിച്ച് കൊടുത്തു. മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠം അറിയുന്നവർ ഇങ്ങനെയൊരു വരി എഴുതില്ല.
ഒരാൾക്ക് സമൻസ് അയക്കുന്നു എങ്കിൽ അയാളുടെ വിലാസമെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി അന്വേഷിച്ച് കണ്ടുപിടിക്കണ്ടേ? അച്ഛന്റെ പേര് പിണറായി വിജയൻ എന്നായതിനാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക താമസസ്ഥലത്തേക്ക് അയച്ചുകളയാം എന്നാണോ? എങ്കിൽ ക്ലിഫ് ഹൗസിലേക്കുമാത്രമല്ല, മുഖ്യമന്ത്രി ഇരിക്കുന്ന സെക്രട്ടറിയറ്റിലേക്കും അയക്കാം. പക്ഷേ, ആളവിടെ ഉണ്ടാകില്ല.
ഇഡി അയക്കുന്ന സമൻസ് നോട്ടീസ് ഒന്നുകിൽ കിട്ടുന്നയാളുടെ കൈയിലോ അല്ലെങ്കിൽ ഇഡിയുടെ കൈയിലോമാത്രമേ കാണൂ. രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ വന്നു നിൽക്കുമ്പോൾ അത് മനോരമയുടെ കൈയിലും വി ഡി സതീശന്റെ കൈയിലും വരുന്നു എന്നതാണ് വിചിത്രം. അതെങ്ങനെ? തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ കേസിൽ ഇഡിയോട് ‘ഫെഡറൽ സംവിധാനത്തിൽ കടന്നുകയറേണ്ട' എന്നു പറഞ്ഞത് ഈ ദിവസങ്ങളിൽത്തന്നെയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയിൽ ഒന്നുമില്ലായ്മയിൽനിന്ന് എന്തെങ്കിലും ഉണ്ടാക്കാൻ വിദഗ്ധരായ രണ്ടുപേരുടെ കൂട്ടായ്മ. അത്രയേ കാണേണ്ടൂ ഇഡിയുടെയും മനോരമയുടെയും കൂട്ടുകച്ചവടം.
ലാവ്‌ലിൻ കേസിന്റെ അന്വേഷണവും കഴിഞ്ഞ് നിരവധി വർഷങ്ങൾ പിന്നിട്ടശേഷമാണ് വിവേക് കിരൺ വിദേശത്ത് പഠിക്കാൻ പോകുന്നത്. എങ്ങനെ വിവേക് കിരണിനെ ഈ കേസുമായി ബന്ധപ്പെടുത്തി സമൻസ് അയച്ച് വിളിപ്പിക്കാൻ കഴിയും എന്നതടക്കം ആ കേസിലെ നാൾവഴികളും വിവേകിന്റെ ജീവിതകാലഘട്ടവും പരിശോധിച്ചാൽ ഒരുപിടിയും കിട്ടില്ല. എസ്എൻസി ലാവ്‌ലിനുമായി അന്നത്തെ സംസ്ഥാന സർക്കാർ കരാർ ഒപ്പിടുമ്പോൾ കൗമാരം പിന്നിടാത്തയാളാണ് വിവേക്. സാമാന്യബോധമുള്ള ആരെങ്കിലും ഇഡിയിൽ ഉണ്ടെങ്കിൽ അവർ ബോധംകെട്ടുപോകും. ലക്ഷ്യം പിണറായി വിജയനും ഉദ്ദേശ്യം രാഷ്ട്രീയവുമാകുമ്പോൾ ഇതൊന്നും അത്ര വലിയ ചോദ്യങ്ങളും അല്ല.
‘ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്' എന്ന സിനിമാ ഡയലോഗ് അന്വർഥമാക്കുംവിധം സ്വയം സൃഷ്ടിച്ച എല്ലാ ആശയക്കുഴപ്പങ്ങൾക്കും മനോരമ ഈ ലേഖനം എഴുതുന്ന ദിവസത്തിലെ പത്രത്തിൽ മറുപടി നൽകാൻ ശ്രമിക്കുന്നുണ്ട്. ഇഡി സമൻസിന് എന്ത് സംഭവിച്ചു എന്നതാണ് അതിലെ ഇമ്മിണി ബല്യ ചോദ്യം. അതിനുള്ള ലളിതമായ ഉത്തരം പിണറായി വിജയൻ നൽകിക്കഴിഞ്ഞു, ‘അങ്ങനെയൊന്നുണ്ടെങ്കിൽ അത് ഇഡിയോടാണ് ചോദിക്കേണ്ടത്' എന്നാണ് ആ ഉത്തരം. ഇഡി നോട്ടീസ് അയച്ചാൽ അത് കിട്ടുന്നയാളും ഇഡിയും മാത്രമാണ് അത് അറിയുക. ‘ഞങ്ങൾക്ക് അതേപ്പറ്റി അറിയില്ല' എന്ന് മുഖ്യമന്ത്രി പറയുന്നു. അപ്പോൾ ഇഡിയുടെ കൈയിൽമാത്രമേ അതുള്ളൂ. അതെങ്ങനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പത്തോ ഇരുപതോ ദിവസംമാത്രമുള്ളപ്പോൾ മനോരമയ്ക്ക് കിട്ടി? ഇഡിയും മനോരമയും ചേർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പുവിഷയം തീരുമാനിക്കുന്നത് എന്നാണോ? ബിജെപി അറിയാതെ യുഡിഎഫിന് ഇഡിയിൽ അങ്ങനെയൊരു സ്വാധീനമുണ്ടോ? കളിയിൽ ആരൊക്കെയാണ് ഉള്ളതെന്ന് പറയണം ഈ കൂട്ടുകെട്ട്.
രണ്ട് തെരഞ്ഞെടുപ്പുകളാണ് അടുത്തുവരുന്നത്. ദുരാരോപണങ്ങളുടെ പെരുമഴതന്നെ ഉണ്ടാകും. ആവനാഴിയിൽ നിറച്ച വിഷ അമ്പുകൾ എത്രയാണെന്ന് കനുഗോലുവിനും മനോരമാദികൾക്കുമേ അറിയൂ. ഒന്നിനുപുറകെ ഒന്ന് വന്നുകൊണ്ടേയിരിക്കും. ജനജീവിതത്തിൽ ഇത്രയേറെ മാറ്റംവരുത്തിയ മറ്റൊരു സർക്കാരിനെ ഇപ്പോൾ ജീവിക്കുന്ന തലമുറ ചൂണ്ടിക്കാട്ടുന്നില്ല. മുന്നേറ്റത്തിന്റെ ഉത്തരവാദികളെ ജനങ്ങൾക്ക് തൊട്ടുകാണിക്കാനുമാകുന്നുണ്ട്. മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളെയും മാറ്റിനിർത്തി പുതിയ ജനവിഭാഗങ്ങൾ ഇടതുപക്ഷവുമായി അടുക്കുന്നു. യുഡിഎഫും ബിജെപിയും പരസ്പരം കണ്ടുകൂടാത്തവരുള്ള നേതാക്കളുടെ കൂട്ടമായി മാറിയിരിക്കുന്നു.
ജനങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ പുകമറയിൽ നിർത്തണമെന്ന് മനോരമ നിർബന്ധം പിടിക്കുന്നതിൽ അത്ഭുതമില്ല. മനോരമയെ അറിയുന്നവർ അതിൽ തെറ്റുപറയില്ല. കെ എം മാത്യു അദ്ദേഹത്തിന്റെ ആത്മകഥയായ ‘എട്ടാമത്തെ മോതിര'ത്തിൽ മാമ്മൻ മാപ്പിള പത്രത്തിന്റെ അവകാശം കൈമാറുമ്പോൾ കെ എം ചെറിയാനോട് കമ്യൂണിസ്റ്റുകാരെ സർവശക്തിയുമെടുത്ത് തോൽപ്പിക്കേണ്ടതിന്റെ ആവശ്യകത പറയുന്നുണ്ട്.
കെ എം മാത്യുതന്നെ മുന്നോട്ടുള്ള വഴിയിൽ എങ്ങനെയാണ് കമ്യൂണിസ്റ്റ് പാർടിയെ തന്റെ പത്രം കാണുന്നതെന്നും വിശദീകരിക്കുന്നു. അതെ, മനോരമ അതിന്റെ ‘ധർമം' നിർവഹിക്കുന്നു എന്നുമാത്രം. മലയാള പത്രപ്രവർത്തനചരിത്രത്തിലെ മനോരമയുടെ റോൾ ഭാവിതലമുറ പുച്ഛത്തോടെയേ കാണൂ.










0 comments