ഓണത്തപ്പൻ്റെ നാട്ടിലെ ഓണം

Photo Credit: Kerala Tourism

സുധീർ നാഥ്
Published on Aug 25, 2026, 01:43 PM | 2 min read
ഓണം ഒരു രാഷ്ട്രീയമാണ് പറയുന്നത്. വർത്തമാനകാലത്ത് ഓണത്തിൻ്റെ രാഷ്ട്രീയത്തിന് ദേശീയതലത്തിൽ തന്നെ പ്രാധാന്യമുണ്ട്. ജാതിക്കും മതത്തിനും അതീതമായി ഒന്നായി മലയാളി ആഘോഷിക്കുന്ന ഒരു ആഘോഷമാണ് ഓണം. ഓണത്തിൻ്റെ സങ്കല്പം എന്തായാലും അത് പകർന്നു തരുന്ന രാഷ്ട്രീയത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. തിരുവോണനാളിൽ ഓണത്തിൻ്റെ പ്രഭവ കേന്ദ്രമായ തൃക്കാക്കരയിൽ രാജ്യം ഒന്ന് എത്തിനോക്കുന്നത് നല്ലതാണ്. അവിടെ എല്ലാ ജാതിക്കാരും, മതക്കാരും, ധനവാനും പാവപ്പെട്ടവനുമെല്ലാം ഒരേ പന്തിയിലിരുന്ന് ഓണസദ്യ കഴിക്കുന്നത് കാണാം . തൃക്കാക്കര ലോകത്തിന് നൽകുന്ന രാഷ്ട്രീയ സന്ദേശമാണ് അത്. ജാതിയുടെ പേരിലും മതത്തിൻ്റെ പേരിലും പരസ്പരം ഭിന്നിപ്പിക്കുവാനും കലഹിക്കുവാനും വ്യഗ്രത കൂട്ടുന്നവർക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണ് കേരളത്തിൻ്റെ ഓണാഘോഷം.
ഓണത്തെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകൾ പ്രചാരത്തിലുണ്ട്. ജനങ്ങളെ നല്ല രീതിയിൽ സേവിച്ച മഹാബലി എന്ന ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് വാമനാവതാരം എടുത്ത മഹാവിഷ്ണു ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിന് മുമ്പ് മഹാബലി ചോദിച്ച ഒരു വരം ഉണ്ടായിരുന്നു. തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ കാണുവാനായി അനുമതി തരണമെന്ന്. ആ ദിവസമാണ് നമ്മൾ തിരുവോണമായി ആഘോഷിക്കുന്നത്.
തൃക്കാക്കര ക്ഷേത്രത്തിന് 4500 വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിൻ്റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു പ്രദേശം തന്നെയാണ് തൃക്കാക്കര. കൊല്ലവർഷം 1085-ാം ആണ്ടിൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിൻ്റെ കാലത്താണ് തൃക്കാക്കര ക്ഷേത്രത്തിന് ഇപ്പോഴത്തെ രൂപം കൈവന്നത്. ഇപ്പോൾ കേരളത്തിലെ ശ്രദ്ധേയമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര. ഇവിടെ
ചിങ്ങമാസത്തിൽ അത്തത്തിന് ഉത്സവത്തിന് കൊടി യേറുന്നതോടെ കേരളമെങ്ങും ഓണാഘോഷത്തിന് തുടക്കമാകുകയായി. നാടെങ്ങും തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് സ്ഥാപിച്ച് പൂക്കളിട്ട്, പുത്തൻ ഉടുപ്പിട്ട്, സദ്യ ഒരുക്കി ഓണം ആഘോഷിക്കുന്നു.
ആ പഴയ പാട്ട് എല്ലാ മലയാളികളുടേയും മനസിൽ തെളിയുമെന്നത് തീർച്ച...
'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ...'
കൊച്ചിരാജാവ് തൃപ്പൂണിത്തുറയിലെ കൊട്ടാരത്തിൽ നിന്ന് തൃക്കാക്കര ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നത് വഞ്ചിയിലായിരുന്നു. തൃക്കാക്കര ഉത്സവത്തിന് രാജാവ് കൊടുത്തു വിടുന്ന സാധനങ്ങൾ വഞ്ചിയിൽ ഇടപ്പള്ളി തോട്ടിൽ നിന്ന് തൃക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള ചെറിയ തോട് വഴി എത്തിക്കുമായിരുന്നത്രെ.
തൃപ്പൂണിത്തുറയിൽ നിന്ന് തുകലൻ കുത്തിയ തോട് വഴി ഇടപ്പള്ളി വരെ വരുന്ന രാജാവിന്റെ വള്ളം, അവിടുന്ന് ചെറിയ തോട്ടിലേയ്ക്ക് കയറും. പരുത്തേലി വഴി ഉണിച്ചിറ, തൈക്കാവ് വഴി തൃക്കാക്കര ക്ഷേത്രത്തിൽ വരെ വഞ്ചി പോകുന്ന ആഴമുള്ള തോടുണ്ടായിരുന്നു. ഉണിച്ചിറയിൽ നിന്നും, തൈക്കാവിൽ നിന്നും അര കിലോമീറ്റർ ഉള്ളിലേയ്ക്ക് പോയാൽ ഇപ്പോഴും ഈ തോടിന്റെ ചെറിയ രൂപം കാണാം. തൃക്കാക്കര
ക്ഷേത്രത്തിന് മുമ്പായി തോട് ചെറിയ കനാലായി അവസാനിക്കുന്നതും കാണാം.
തോടിന്റെ ഇqരുകരയിലുള്ളവരും കൈയേറി തോട് ചെറിയ കനാലായി മാറി!
വിഷ്ണു ക്ഷേത്രങ്ങളിൽ ക്ഷേത്രത്തോളം ചുറ്റളവുള്ള കുളങ്ങളുണ്ടാകും. തൃക്കാക്കരയിലും വലിയ കുളമുണ്ടായിരുന്നു. ദാനോദക പൊയ്ക എന്ന കുളം ഇപ്പോഴുമുണ്ട്.
പണ്ട് ക്ഷേത്ര ചുറ്റുമതിലിന്റെ വലിപ്പമുണ്ടായി രുന്ന കുളം ചുരുങ്ങി ചുരുങ്ങി ഹോട്ടലിലെ നീന്തൽ കുളത്തിൻ്റെ വലിപ്പമായി. അവിടെ കുളത്തിൽ പൂജയ്ക്ക് എടുക്കാൻ താമരപ്പൂക്കൾ ഉണ്ടായിരു ന്നതായി തൃക്കാക്കര ക്ഷേത രേഖകളിൽ തന്നെ പറയുന്നുണ്ട്. താമരപ്പൂക്കൾ എടുക്കുന്നതിനായി കുളത്തിൽ ഒരു ചെറു വഞ്ചി ഉണ്ടായിരുന്നതായി കൊ ച്ചിയുടെ ചരിത്രരേഖകളിൽ കാണാം. തൃക്കാക്കരയിൽ താമസിക്കുന്നവർ തന്നെ കുളം കൈയേറി.
വർത്തമാനകാലത്തിന്റെ എല്ലാ പോരായ്മകളും ക്ഷേത്രത്തിൻ്റെ ചരിത്രത്തിൻ്റെ മാറ്റ് കുറയ്ക്കുന്നുണ്ടെങ്കിലും ഇന്നും വലിയ ആഘോഷമായി നമ്മൾ ഓണം ആഘോഷിക്കുന്നു. അതിൽ തൃക്കാക്കരയ്ക്ക് ഉള്ള പങ്ക് വളരെ വലുതാണ്.
ആ വലുപ്പമാണ് തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തെ സമ്പന്നമാക്കുന്നത്.









0 comments