ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ തെക്കുകിഴക്കൻ ഡൽഹിയിലെ ജസോല ഗ്രാമത്തിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടം പറത്തുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ തുറസ്സായ ഓടയിൽ വീണത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് സമീപത്തുള്ള ഓടയിൽ വീണിട്ടുണ്ടാകാമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഡൽഹി ഫയർ സർവീസ്, എൻഡിആർഎഫ്, പ്രത്യേക രക്ഷാസേന, സ്കൂബ ഡൈവർമാർ എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ഓടയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
നേരത്തെ രക്ഷാസേനയ്ക്ക് കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, കൈയിൽ വടിയുമായി പിതാവ് സ്വയം ഓടയിലിറങ്ങി മകനെ തിരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം ഡൽഹിയിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു.
സംഭവത്തിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് സൗത്ത് ഈസ്റ്റ് (സെൻട്രൽ) സോണിലെ ജൂനിയർ എഞ്ചിനീയറെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി സസ്പെൻഡ് ചെയ്യുകയും അച്ചടക്ക നടപടി ആരംഭിക്കുകയും ചെയ്തു.









0 comments