കൈപ്പിടികൾ അത്യാവശ്യം, അനിവാര്യം

എ ഐ പ്രതീകാത്മകചിത്രം

വി എ എൻ നമ്പൂതിരി
Published on May 27, 2025, 02:27 PM | 2 min read
കൂടുതൽ പ്രായമാകുമ്പോൾ, രോഗബാധിതനാകുമ്പോൾ, മറ്റുള്ളവരുടെ സഹതാപവും സഹായവും അത്യാവശ്യമാണ്. പലപ്പോഴും ആവശ്യപ്പെടാതെ തന്നെ സഹായം ലഭിക്കുകയും ചെയ്തേക്കാം. ചവിട്ടു പടികൾ കയറുമ്പോൾ, ഇറങ്ങുമ്പോൾ, റോഡരികിലൂടെ നടക്കുമ്പോൾ, വെള്ളം കുറവായ പുഴയിലൂടേയോ, ബീച്ചിലൂടെയോ നടക്കുമ്പോൾ, ബസ് / തീവണ്ടി / വിമാനം കയറുമ്പോൾ, ഇറങ്ങുമ്പോൾ എല്ലാം പരസഹായം ആവശ്യമായി വരുന്നു.
ഇവിടങ്ങളിൽ സാധ്യമാവുന്ന സ്ഥലങ്ങളിലെല്ലാം കൈപ്പിടികൾ ഉണ്ടെങ്കിൽ വലിയ സൗകര്യമാണ്. പരസഹായമില്ലാതെ കയറാം, ഇറങ്ങാം. എന്നാൽ പല കെട്ടിടങ്ങളിലും ചവിട്ടു പടികൾക്ക് കൈപ്പിടികളില്ല. ഹാളുകളിൽ നിന്നും സ്റ്റേജിലേക്ക് കയറാൻ കൈപ്പിടികളില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉയരങ്ങളിലേക്ക് ചവിട്ടിക്കയറുമ്പോൾ കൈപ്പിടികളില്ല. ഹോട്ടലുകളിലെ ചവിട്ടു പടികൾക്ക് കൈപ്പിടി ഇല്ല. ഇത് വയോജനങ്ങൾക്ക് ഒട്ടേറെ വിഷമം സൃഷ്ടിക്കുന്നു. ചിലവ കുട്ടികൾക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ താഴ്ന്ന കൈപ്പിടിയുള്ളവയാണ്.
മറ്റൊരു കാര്യം, ഹാളുകളിലും മറ്റും ഇടയ്ക്കിടെ നിലത്തിന്റെ ഉയരം മാറുന്നതും സ്റ്റെപ്പുകളുമാണ്. സാധാരണ ആൾക്കാർ പോലും ശ്രദ്ധിക്കാതെ വീഴാൻ പോകുന്നത് കാണാം. മുതിർന്നവരുടെ കാര്യം പറയേണ്ടല്ലോ. അവിടങ്ങളിൽ ചുവന്ന പെയിന്റോ അല്ലെങ്കിൽ ചുവന്ന പ്ലാസ്റ്റിക് ലൈനറുകളോ മറ്റൊ ഒട്ടിച്ചുവെച്ചാൽ വീഴ്ചകൾ ഒഴിവാക്കാം. (പൊതു പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന നേതാക്കൾ പലരും മറ്റുള്ളവരുടെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറാൻ നിർബന്ധിതരാകുന്ന വിഷമ സാഹചര്യം കൈപ്പിടികൾ ഉണ്ടെങ്കിൽ ഒഴിവാക്കാൻ കഴിയും ).
നടപ്പാതകളിൽ ഒരു വശത്തെങ്കിലും കൈപ്പിടി ഉണ്ടെങ്കിൽ അത് പ്രായമായവർക്ക് വലിയ സഹായമാവും. മറ്റൊരാളുടെ കൈ പിടിക്കാതെ കൈപ്പിടി പിടിച്ചു നടക്കാം. വീട്ടിലായാലും തീവണ്ടിയിലായാലും പൊതു സ്ഥലങ്ങളിലായാലും ശുചി മുറികളിൽ ഇരിക്കുമ്പോഴും എഴുനേൽക്കുമ്പോഴും കുളിക്കുമ്പോഴും പിടിക്കാനായി കൈപ്പിടികൾ അനിവാര്യം. ഒന്നോ രണ്ടോ സ്ഥലത്തുണ്ടായാലും നല്ലതാണ്.
ലിഫ്റ്റുകളിൽ കയറിയാൽ അതിനകത്തു പിടിച്ചു നിൽക്കാൻ വേണ്ടത്ര കൈപ്പിടികൾ ഉറപ്പിച്ചിരിക്കണം. ആയുഷ്കാലം കുറവായ മുമ്പ് കാലത്ത് ഈ വിഷമതകൾ അധികം അനുഭവപ്പെട്ടിരുന്നില്ല. ഇന്നാണെങ്കിൽ കേരളത്തിൽ ശരാശരി ആയുസ്സ് സ്ത്രീകൾക്ക് 79 ഉം പുരുഷന് 76ഉം ആണ്. (ഇത് കുറച്ചു പഴയ കണക്കാണ്. ഇപ്പോൾ ഇതിലും വർധിച്ചു കാണും.) അതിനർഥം ഒട്ടേറെ പേർ 85 - 90 വയസ്സിനു മേലെ ഉള്ളവരായിരിക്കും.
തീവണ്ടിയിലായാലും, വിമാനത്തിലായാലും കൂടുതൽ യാത്രക്കാരും വയോജനങ്ങളാണ്. ജോലിക്കാലത്തു യാത്ര ചെയ്യാൻ കഴിയാത്ത അവർ പ്രായമായ ശേഷമാണ് യാത്ര ചെയ്യുന്നത്. അവരെക്കൂടി കണക്കിലെടുത്തായിരിക്കണം പല സൗകര്യങ്ങളും ചെയ്യേണ്ടത്. പ്രായമായവർ വീണു കഴിഞ്ഞാൽ അതീവ ഗൗരവതരമായ പരിക്കുകൾ പറ്റാൻ സാധ്യതയുണ്ട്. ചിലപ്പോൾ മാസങ്ങളോളം കിടപ്പിലാവും. മരണവും സംഭവിച്ചു കൂടെന്നില്ല. ഇതെല്ലാം കണക്കിലെടുത്തു വേണം ഭരണാധികാരികളും നിർമാണ പ്രവർത്തനം നടത്തുന്നവരും കെട്ടിടങ്ങൾ നിർമിക്കുന്നതും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും. വയസ്സായവരെ സംബന്ധിച്ചിടത്തോളം കൈപ്പിടികൾ അനിവാര്യം.











0 comments