ad
Deshabhimani

ജീവനും സ്വാതന്ത്ര്യത്തിനും അടിയന്തര സുരക്ഷ; 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി പ്രോട്ടോക്കോൾ നടപ്പാക്കാൻ സുപ്രീംകോടതി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Jul 14, 2026, 07:10 PM | 1 min read

ന്യൂഡൽഹി: പൗരന്മാരുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഉടനടി ഇടപെടുന്നതിനായി രാജ്യമൊട്ടാകെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അടിയന്തര പ്രോട്ടോക്കോൾ നടപ്പാക്കാൻ സുപ്രീംകോടതി.


മിശ്രവിവാഹിതർ, പ്രണയിച്ച് വീടുവിട്ടിറങ്ങുന്നവർ, ദുരഭിമാനക്കൊല ഭീഷണി നേരിടുന്നവർ തുടങ്ങിയവർക്ക് അടിയന്തര പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇത്തരമൊരു ദേശീയ സംവിധാനം അനിവാര്യമാണെന്ന് വ്യക്തമാക്കിയത്.


ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി യുവതി-യുവാക്കൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായക നീക്കം. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇരകൾക്ക് കോടതിയെയും പൊലീസിനെയും ഒരുപോലെ ബന്ധപ്പെടാൻ സാധിക്കുന്ന ഏകീകൃത സംവിധാനമാണ് സുപ്രീംകോടതി ലക്ഷ്യമിടുന്നത്.


ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലകളിലും പ്രത്യേക സുരക്ഷാ സെല്ലുകൾ സ്ഥാപിക്കാനും സുരക്ഷിത താവളങ്ങൾ ഒരുക്കാനും കോടതി നിർദേശിച്ചു. പോലീസ് ഉദ്യോഗസ്ഥരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിന് പ്രത്യേക ഹോട്ട്‌ലൈൻ വഴി ഇത്തരം അടിയന്തര സന്ദേശങ്ങൾ ലഭിക്കുകയും ഉടൻ തന്നെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. ഇതിന്റെ വിശദമായ രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home