പഞ്ചാബിൽ 30 കിലോ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ

ചണ്ഡീഗഢ്: അതിർത്തി കടന്നുള്ള ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ള രണ്ടുപേരെ 30 കിലോ ഹെറോയിനുമായി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്സർ സ്വദേശികളായ ഗുർപ്രീത് സിങ് എന്ന ഗോപി, ഗഗൻദീപ് സിങ് എന്നിവരാണ് പിടിയിലായത്.
വിദേശത്തുള്ള ഒരാളുടെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്ന ഹെറോയിൻ ശേഖരിച്ച് പഞ്ചാബിലെ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു ഇവരുടെ ചുമതലയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
അമൃത്സറിലെ ഗൗൺസാബാദ് മേഖലയിൽ ഹെറോയിൻ കൈമാറാൻ പ്രതികൾ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ബൈക്കിലെത്തിയ ഇരുവരെയും തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 30 കിലോ ഹെറോയിൻ കണ്ടെത്തിയത്.
സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. ലഹരിക്കടത്ത് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ജൂലൈ ആറിനുശേഷം അമൃത്സർ കൗണ്ടർ ഇന്റലിജൻസ് നടത്തുന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്. പത്ത് ദിവസത്തിനിടെ ആകെ 68 കിലോ ഹെറോയിനാണ് പിടികൂടിയത്.










0 comments