ഫോൺ കോളുകള്‍ അവിഹിതത്തിന് തെളിവല്ല; ഭാര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യയെ വെറുതെവിട്ടത് ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഫോൺ കോളുകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരാൾക്ക് അവിഹിതമുണ്ടെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ബാങ്ക് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ ഭാര്യയെയും കാമുകനെയും വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു.
2007ലാണ് ഐസിഐസി ബാങ്ക് ഉദ്യോഗസ്ഥനായ കിരൺ സൂര്യവൻഷി കൊല്ലപ്പെടുന്നത്. കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുള്ള കേസിൽ കുറ്റകൃത്യത്തിന്റെ തുടർച്ച തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബാങ്ക് ഉദ്യോഗസ്ഥനായ കിരണിനെ ഭാര്യ മോണിക കിരൺ സൂര്യവൻഷി ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാമുകൻ പ്രകാശ് നാഗ്‌രാജ് പാട്ടീൽ, സുഹൃത്ത് ജ്ഞാനേശ്വർ ഗംഗാറാം മഹാലെ എന്നിവരുടെ സഹായത്തോടെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം ബൈക്കിൽ കടത്താൻ ശ്രമിക്കവെയാണ് പിടിയിലാകുന്നത്. വിചാരണ കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും, പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇവരെ വെറുതെവിട്ടിരുന്നു.









0 comments