സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്: ‘തൊപ്പി’യ്‌ക്കായി ലുക്ക് ഒൗട്ട് നോട്ടീസ്

‘തൊപ്പി’ എന്ന നിഹാദ്
കൊച്ചി: സോഷ്യൽമീഡിയയിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യു ട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയശേഷമാണ് ഒളിവില്‍ പോയത്.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യുട്യൂബ് ചാനൽ നീക്കംചെയ്‌തിരുന്നു. ഇയാൾക്ക് മുൻകൂർജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് എറണാകുളം റൂറൽ പൊലീസാണ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഐടി നിയമപ്രകാരമാണ് കേസെടുത്തത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സുഹൃത്തുക്കളുടെ നഗ്നവീഡിയോ ഫെയ്‌സ്‌ബുക്കിലും യുട്യൂബിലും ഇൻസ്‌റ്റഗ്രാമിലും പോസ്‌റ്റ് ചെയ്‌തെന്നായിരുന്നു പരാതി. തുടർന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി തൊപ്പിയും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗം, അശ്ലീലപ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെയുള്ളത്.











0 comments