കള്ളവാറ്റുകാരൻ ശുശീലന്‍, മയക്കുമരുന്ന് രാജാവ് അനന്തന്‍ നമ്പ്യാർ... ശ്രീനിയുടെ വലിയ ലോകം


സൗരത്ത് പി കെ
Published on Dec 20, 2025, 09:51 AM | 4 min read
കഥയുടെ കാൽപ്പനിക ലോകം സൃഷ്ടിച്ച് പ്രേക്ഷകരെയാകെ അദ്ദേഹം അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരുത്തരുടേയും ജീവിതം എന്താണെന്ന് അവർക്ക് തന്നെ കാണിച്ചുകൊടുത്തു. ഇതുവരെ പ്രേമിച്ചിട്ടില്ലാത്തവനും അപ്പോൾ ആത്മവിശ്വാസമുണ്ടായി. മദ്യപിക്കാനറിയാത്തവന്റെ കുടിയും കള്ളന്റെ നൻമയുമൊക്കെ ശ്രീനി നമുക്ക് പറഞ്ഞുതന്നു. ഓരോ തലമുറയും ആ സിനിമകൾ കൊണ്ടാടി... തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിച്ചു.
ശ്രീനിവാസൻ എഴുതിയ ഓരോ വാക്കിലും രാഷ്ട്രീയമുണ്ടായിരുന്നു. മലയാള ഭാഷയെ ഇത്രമാത്രം മൂർച്ചയോടെ ആക്ഷേപഹാസ്യത്തിനായി ഉപയോഗിച്ച സിനിമാപ്രവര്‍ത്തകന്‍ മറ്റേതെങ്കിലും ഭാഷയിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായിരുന്നു വ്യത്യസ്തനായ ആ കലാകാരൻ. തന്റേതായ ശെെലി സ്വീകരിച്ച് ഒരു കാലഘട്ടമാകെ നിറഞ്ഞാടിയ അതുല്യ പ്രതിഭ. സാധാരണക്കാരന്റെ ജീവിതം അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്ന് എഴുതിയ ഓരോ തിരക്കഥയും നമ്മോട് പറയും.പെട്ടിക്കടക്കാരനും വ്യാജ വാറ്റുകാരനും,മയക്കുമരുന്ന് രാജാവും, വെളിച്ചപ്പാടും ചീട്ടുകളി സംഘവും പാൽക്കാരനും പൂവാലനും എന്നുവേണ്ട നമുക്ക് ചുറ്റും നമ്മൾ ശ്രദ്ധിക്കാതെ പോയ മനുഷ്യരുടെ ശെെലിയും ഭാവങ്ങളുമൊക്കെ അദ്ദേഹം മനസിൽ സൂക്ഷിച്ചു. എഴുത്തിന്റെ യാത്രയിൽ അതെല്ലാം സമർഥമായി ഉപയോഗിച്ചു. ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, മാമുക്കോയ, കവിയൂർ പൊന്നമ്മ, ജഗതി ശ്രീകുമാർ, ബോബി കൊട്ടാരക്കര, കുതിരവട്ടം പപ്പു എന്നീ പ്രതിഭകളെ നിരത്തി ആ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയപ്പോൾ സിനിമയെന്നതിനപ്പുറം നമ്മുടെയെല്ലാം ചുറ്റുവട്ടത്ത് നാം കണ്ടുശീലിച്ച ഒരു ലോകമെന്നുതന്നെ തോന്നുംവിധം സ്വാഭാവികത നിറഞ്ഞതായി ഓരോ കഥാപാത്രങ്ങളും മാറി.
അതുകൊണ്ട് തന്നെ കേവലം തമാശ സിനിമകൾ എഴുതുന്ന കഥാകൃത്തെന്ന് അദ്ദേഹത്തെ ചുരുക്കിക്കാണാനാകില്ല.മികച്ച നടനും അതിനപ്പുറം ജനഹൃദയങ്ങളിൽ എക്കാലവും സൂക്ഷിക്കാനാകുന്ന ഒരുപിടി കലാമൂല്യമുള്ള സിനിമകൾക്ക് തിരക്കഥ രചിച്ച വ്യക്തി എന്നുകൂടി വേണം ശ്രീനിവാസനെ അടയാളപ്പെടുത്താൻ. നർമ്മത്തോടൊപ്പം ഹൃദയം തൊടുന്ന കഥാസന്ദർഭങ്ങളും ചേർന്നപ്പോൾ തൂലികയിൽ പിറന്ന എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളായി. മനസിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ, എക്കാലവും പറഞ്ഞുനടക്കുന്ന ഡയലോഗുകൾ, കഥാ സന്ദർഭങ്ങൾ , ആക്ഷേപഹാസ്യങ്ങൾ, വെെകാരിക നിമിഷങ്ങൾ,വാക്കുകളുടെ അതിപ്രസരമില്ലാതെയും തേൻ പുരട്ടാതെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പ്രണയരംഗങ്ങൾ... അങ്ങനെ കലയുടെ സർവ്വമേഖലയേയും സ്പർശിച്ച് കടന്നുപോയ എഴുത്തായിരുന്നു അത്.എന്നാൽ എഴുത്തിനപ്പുറം സംവിധാനത്തിലേക്ക് കടന്നപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി . 1989 ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രത്തിന് മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്കാരവും 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
ഗോളാന്തര വാർത്തയിൽ വ്യാജ വാറ്റുകാരനായ ഒടുവിൽ ഉണ്ണികൃഷ്ണന്‍
നടനായി വന്ന് തിരക്കഥാകൃത്തായി മാറുകയായിരുന്നു അദ്ദേഹം. അതിനൊരുപാട് കഷ്ടപ്പാടിന്റെ കഥയുണ്ടെന്ന് പല അഭിമുഖങ്ങളിലും ശ്രീനവാസൻ പറഞ്ഞിട്ടുണ്ട്. എൺപതുകളുടെ തുടക്കത്തിൽ കെ ജി ജോർജിനെ പോലുള്ളവരുടെ സിനിമകളിൽ ചെറിയ റോളുകളിൽ വേഷമിട്ട് പിന്നീട് കേരളത്തിലെ ഒന്നാം നമ്പർ തിരക്കഥാകൃത്തുക്കളിൽ ഒരാളായി മാറുകയായിരുന്നു. പല സംവിധായകരുടേയും പല നടൻമാരുടേയും തലവര മാറ്റിയത് പോലും ശ്രീനി തിരക്കഥകളായിരുന്നു. വളരെ ചെറിയൊരു പ്ലോട്ട് , അത് വികസിപ്പിച്ചെടുക്കുന്നു. എന്നാൽ അതിൽ അമാനുഷികമോ അവിശ്വസനീയമോ ആയ ഒരു ചേരുവ പോലും ചേർക്കാതെ റിയലിസ്റ്റിക്കായി കഥ പറയാൻ വല്ലാത്ത മിടുക്ക് അദ്ദേഹത്തിനുണ്ടായി.
ഫസ്റ്റ് ഷോട്ട്കഴിഞ്ഞ് തൊണ്ണൂറ്റി എട്ടാമത്തെ ഷോട്ടെടുക്കാമെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ എഴുതിനൽകുന്ന അസാമാന്യ പ്രതിഭയാണ് ശ്രീനിവാസനെന്ന് നടൻ ജഗദീഷ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കേരളീയർക്കിടയിൽ നർമ്മത്തിന്റെ പുത്തൻ ചേരുവകൾ തന്നെ അദ്ദേഹം എഴുതിച്ചേർത്തു.കാലങ്ങൾക്ക് മുമ്പ് ഒരുപാട് കേട്ടുചിരിച്ച ടിപ്പിക്കൽ ശ്രീനിവാസൻ ഡയലോഗുകൾ ഇന്ന് ചിരിക്കൊപ്പം ചിന്തിക്കുന്നതിനും കൂടിയാണ് വഴിവയ്ക്കുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും ചിരിച്ചും ആഘോഷിച്ചും കണ്ട സിനിമകളിൽ നിന്നും ഇപ്പോഴും പലതും വായിച്ചെടുക്കാനുണ്ടെന്ന് സന്ദേശവും ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കിയന്ത്രവുമൊക്കെ തെളിയിക്കുന്നു.
നാടോടിക്കാറ്റ്
ശ്രീനിവാസൻ സിനിമകൾ മറ്റൊരുതരം സാമൂഹ്യ ബോധം കൂടി കേരളീയരിൽ സൃഷ്ടിച്ചു. അത് ചിലപ്പോൾ രാഷ്ട്രീയമാകെ മുതലെടുപ്പാണെന്ന സങ്കൽപ്പമാകാം. സൗന്ദര്യമില്ലാത്തവരൊക്കെ സംശയരോഗികളായി മാറുമായിരിക്കാമെന്ന ആശങ്കയാകാം. അത്തരം ഒരു സാമാന്യവൽക്കരണം ഒരുപക്ഷെ ശ്രീനിവാസൻ തിരക്കഥകളുടെ മറ്റൊരു വശമായി നമുക്ക് കാണേണ്ടിവരും. അപ്പോഴും ആ സിനിമകളെ സിനിമകളായി കാണാനും അതിലെ രൂക്ഷമായ വിമർശനങ്ങളെ ഉൾക്കൊള്ളാനും മലയാളിക്ക് ഒരു പരിതി വരെ സാധിച്ചിരുന്നു.പ്രസ്ഥാന വിമർശനങ്ങളിൽ പോലും ഇത് തെളിഞ്ഞുകണ്ടിരുന്നു എന്നത് ചെറിയ കാര്യമല്ല.ഒരുപക്ഷെ ആ വിമർശനത്തെയെല്ലാം മികവാർന്ന ഹാസ്യരസം മറികടക്കുന്നതിനാലാകാം ഈയൊരു വ്യത്യസ്തത അത്തരം സിനിമകൾക്കുണ്ടായത്. ഒരു എഴുത്തുകാരനെ സംബന്ധിച്ച് ചെറിയ നേട്ടമല്ല അത്
സൂക്ഷ്മഹാസ്യത്തിൽ അതുല്യപ്രതിഭയായിരുന്നു .താൻ ജീവിതത്തിൽ നേരിട്ട അപഹർഷതാ ബോധം സിനിമയാക്കി. ഏത് കഥയും സാമൂഹ്യവിമർശനത്തിന്റെ കരസ്പർശമില്ലാതെ അദ്ദേഹം എഴുതിയിരുന്നില്ല. നാടോടിക്കാറ്റെന്ന ചിത്രത്തെ സൂക്ഷമ വായനയിൽ നർമം ,തൊഴിലില്ലായ്മ, അപഹർഷതാ ബോധം, ദുരഭിമാനം, പൊലീസ് വിമർശനം, കബളിപ്പിക്കൽ, വേദന, പ്രതീക്ഷ, ശുഭാപ്തി വിശ്വാസം, മണ്ണിന്റെ മണമുള്ള അതിമനോഹരമായ പ്രണയം.. എന്നിങ്ങനെ മനുഷ്യർക്കിടയിലെ എല്ലാം വെെകാരികാനുഭവങ്ങളും ഉൾച്ചേർന്നിരുന്നു.
തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയത്തിൽ ഈ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടല്ലോ എന്നു തിരിച്ചറിഞ്ഞിട്ടും സ്വയം ചിരിക്കാൻ പലർക്കും കഴിയുന്നു എന്നത് ശ്രീനിവാസൻ സിനിമകളുടെ രാഷ്ട്രീയ വിജയം കൂടിയാണ്. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സത്യൻ അന്തിക്കാട് ചിത്രങ്ങൾ വിജയത്തിന്റെ വെടിക്കെട്ട് തിയേറ്റുകളിൽ തീർത്തപ്പോൾ അതിൽ പലതും ശക്തമായ പരിഹാസ വിമർശനങ്ങളായിരുന്നു.
സന്ദേശം
മറുവശത്ത് എടാ ദാസാാ..എന്ന നാടോടിക്കാറ്റിലെ വിളി മലയാള സിനിമ ഉള്ളിടത്തോളം കാലം ട്രെൻഡിംഗ് ആയി തന്നെ നിലനിൽക്കും.അദ്ദേഹത്തിന്റെ മമ്മുട്ടി ചിത്രങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. മറവത്തൂർ കനവെന്ന ലാൽജോസ് -ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സിനിമ മമ്മുട്ടിയുടെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി. അധ്യാപകനായെത്തിയ മഴയത്തും മുൻപെയും ഹിറ്റുകളുടെ ലിസ്റ്റിൽ മുമ്പിലിടം നേടി.കഥപറയമ്പോൾ ,ചമ്പക്കുളം തച്ചൻ ,അയാൾ കഥയെഴുതുകയാണ് എന്നിവ തന്റെ സ്ഥിരം ശെെലി സ്വീകരിക്കാതെ എഴുതിയ തിരക്കഥകളായിരുന്നു.
‘വെളളാനകളുടെ നാട്’ ന്റെ കഥ കേട്ട പ്രിയദർശൻ, ഇതെങ്ങനെ സിനിമയാക്കുമെന്ന് ക്ഷോഭത്തോടെ ശ്രീനിയോട് ചോദിച്ചു. കരാർ സമ്പ്രദായത്തിലെ നിയമപരമായ നൂലാമാലകൾ പ്രതിപാദിക്കുന്ന തീർത്തും വസ്തുതാപരമായ വരണ്ട ഒരു പ്രമേയം രസകരമായ ഒരു സിനിമയായി അവതരിപ്പിക്കാൻ കഴിയുന്നതെങ്ങിനെ? സഹജമായ നനുത്ത ചിരിയായിരുന്നു ശ്രീനിയുടെ മറുപടി. മുൻകൂട്ടി ഫുൾ സ്‌ക്രിപ്റ്റ് എഴുതുന്ന ശീലമില്ലാത്തതു കൊണ്ട് ഓരോരോ സീനുകളായി എഴുതി ലൊക്കേഷനിലെത്തിക്കുകയായിരുന്നു അദ്ദേഹം. സീനുകൾ വായിച്ച പ്രിയദർശൻ പൊട്ടിച്ചിരിച്ചു. അഭിനയിച്ച നടൻമാരും ചിരിച്ചു. തിയറ്ററുകളിലെത്തിയപ്പോൾ കാണികൾ ഒന്നടങ്കം ചിരിച്ചു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ആ സിനിമ കണ്ട് ജനലക്ഷങ്ങൾ ചിരിച്ചുകൊണ്ടേയിരിക്കുന്നു.
മലയാള സിനിമ അതിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട എഴുപതുകളിൽ അതികായർക്കൊപ്പം സിനിമാരംഗത്തെത്തി ബാലപാഠങ്ങൾ പഠിച്ച ശ്രീനിവാസൻ എക്കാലവും മാറ്റങ്ങൾക്കൊപ്പം നടന്ന കലാകാരനായിരുന്നു. 2025 ന്റെ പോലും സുക്ഷമചലനങ്ങളും രാഷ്ട്രീയവും ഒട്ടും തനിമ ചോർന്നുപോകാത്ത വിധം അദ്ദേഹത്തിന്റെ തൂലികയിൽ ഭദ്രമായിരിക്കുമെന്നതിൽ സംശയമില്ല. തന്റെ തൂലികയിൽ പിറന്ന ഓരോ ഹാസ്യവും പുതിയ തലമുറകളെ ഇപ്പോഴും നിർത്താതെ ചിരിപ്പിക്കുന്നു.. ചിന്തിപ്പിക്കുന്നു.
മറവത്തൂർ കനവ്
കെ ജി ജോർജിന്റെ പഞ്ചവടിപ്പാലമാണ് രാഷ്ട്രീയ പരിഹാസ വിമർശനത്തിൽ എക്കാലത്തേയും മികച്ച ചിത്രമെങ്കിൽ സന്ദേശം കാണുമ്പോൾ ഈ സിനിമക്കപ്പുറം ഒരു 'സറ്റയർ' വേറെ ഉണ്ടായിട്ടില്ലെന്ന് നമുക്ക് തോന്നും.അതാണ് സന്ദേശത്തിന്റെ മാജിക്..ശ്രീനിവാസൻ മാജിക്. അപ്രതീക്ഷിത ഹാസ്യം, ഗൗരവമാർന്ന സംഭാഷണത്തിനിടയിലെ തമാശ പറച്ചിൽ.. ഒരു വാക്ക് പോലും ഹാസ്യത്തിന് വേണ്ടി പറയാതെ നാടോടിക്കാറ്റ് എന്ന സിനിമയിലെ ഏറ്റവും മികച്ച കോമഡി നടനായി മാറിയ തിലകന്റെ കഥാപാത്രത്തെ ഓർത്തുനോക്കു. സന്ദേശത്തിൽ, കല്യാണം കഴിച്ചതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു എന്ന് പറഞ്ഞ ശങ്കരാടിയുടെ കഥാപാത്രത്തെ ഓർമയില്ലെ. സാധാരണക്കാരുടെ ഭാഷയിൽ അസാധാരണം എന്ന്തന്നെ പറയാവുന്ന സൃഷ്ടികൾ അദ്ദേഹത്തിൽ നിന്നുണ്ടായികഥയുടെ കാൽപ്പനിക ലോകം സൃഷ്ടിച്ച് പ്രേക്ഷകരെയാകെ അദ്ദേഹം അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി.
ഓരോരുത്തരുടേയും ജീവിതം എന്താണെന്ന് അവർക്ക് തന്നെ കാണിച്ചുകൊടുത്തു. ഇതുവരെ പ്രേമിച്ചിട്ടില്ലാത്തവനും അപ്പോൾ ആത്മവിശ്വാസമുണ്ടായി. മദ്യപിക്കാനറിയാത്തവന്റെ കുടിയും കള്ളന്റെ നൻമയുമൊക്കെ ശ്രീനി നമുക്ക് പറഞ്ഞുതന്നു. ഓരോ തലമുറയും ആ സിനിമകൾ കൊണ്ടാടി... തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിച്ചു. ചെറിയ പരിസരങ്ങൾകൊണ്ട് വലിയ കാഴ്ചകൾ കാട്ടിത്തന്ന മഹാനായ കലാകാരൻ

കഥയുടെ കാൽപ്പനിക ലോകം സൃഷ്ടിച്ച് പ്രേക്ഷകരെയാകെ അദ്ദേഹം അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരുത്തരുടേയും ജീവിതം എന്താണെന്ന് അവർക്ക് തന്നെ കാണിച്ചുകൊടുത്തു. ഇതുവരെ പ്രേമിച്ചിട്ടില്ലാത്തവനും അപ്പോൾ ആത്മവിശ്വാസമുണ്ടായി. മദ്യപിക്കാനറിയാത്തവന്റെ കുടിയും കള്ളന്റെ നൻമയുമൊക്കെ ശ്രീനി നമുക്ക് പറഞ്ഞുതന്നു. ഓരോ തലമുറയും ആ സിനിമകൾ കൊണ്ടാടി... തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിച്ചു. ഇപ്പോഴും ടിവിയിൽ ആ സിനിമകൾ കാണുമ്പോൾ വീണ്ടും വീണ്ടും ചിരിച്ചുകൊണ്ടെ ഇരിക്കുന്നു.. തമാശയുടെ വേറിട്ട കാഴ്ച നമുക്ക് സമ്മാനിച്ച ആ പ്രതിഭ ഇനിയെന്നും നമുക്കിടയിലുണ്ടാകും , എത്ര കാലം കടന്നുപോയാലും.










0 comments