ചില കേരളപ്പിറവി ചിന്തകൾ


ജി സാജൻ
Published on Oct 31, 2025, 08:40 PM | 3 min read
ഈയടുത്ത് ഞാൻ ബ്ലൂ സോൺ എന്നൊരു നെറ്റ്ഫ്ലിക്സ് പരമ്പര കാണുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വർഷം ജീവിത ദൈർഘ്യമുള്ള നാല് സമൂഹങ്ങളെ ആണ് ഇതിൽ പരിചയപ്പെടുത്തുന്നത്. അതിൽ ഒന്ന് ജപ്പാനിലെ ഒകിനാവായിലാണ്. അവിടെ സവിശേഷമായി പറയുന്ന ഒരു കാര്യം മോവായ് എന്നൊരു സൗഹൃദ സംഘത്തെക്കുറിച്ചാണ്. ചെറുപ്പം മുതൽ ജീവിതകാലം മുഴുവൻ നിൽക്കുന്ന സൗഹൃദ സംഘമാണ് മോവായ്.
നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ് ഈ സങ്കൽപം. ആദ്യം അതൊരു സാമ്പത്തിക സുരക്ഷാ രീതിയായിട്ടാണ് ഉണ്ടായത്. ഒക്കിനാവാ എന്ന ഗ്രാമത്തിന് വേണ്ട പൊതു സംരംഭങ്ങൾ ഉണ്ടാക്കാൻ എല്ലാവരും ചേർന്ന് പണം പിരിച്ചു. ഏതെങ്കിലും വ്യക്തികൾക്ക് വീടുണ്ടാക്കാനോ ആരോഗ്യ പ്രശ്നങ്ങൾക്കോ പണം ആവശ്യമായി വന്നാലും അവർ ഒരുമിച്ച് പിരിച്ചെടുത്തു. ക്രമേണ ഇതൊരു സാംസ്കാരിക ആശയം ആയി വളർന്നു. ഒപ്പം വലിയൊരു സാമൂഹിക പിന്തുണയ്ക്കുള്ള സംരംഭവും. ഈ മാവോയ് സുഹൃത്തുക്കൾ ചിലപ്പോൾ എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ടുള്ള ദിവസവും ഒന്ന് ചേരും. ചുമ്മാ ഇരുന്നു സംസാരിക്കാൻ. അല്ലെങ്കിൽ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ.
പരമ്പരാഗതമായി കുഞ്ഞുന്നാളിൽ തന്നെ നാലോ അഞ്ചോ കുട്ടികളെ ഇങ്ങനെ സംഘമായി ഇണക്കും. അവർ അത് ജീവിത കാലം മുഴുവൻ കൊണ്ടുപോകുണം എന്നാണ് ആഗ്രഹം. ഇതവർക്ക് ഒരു രണ്ടാം കുടുംബമാണ്. തൊണ്ണൂറ് വർഷം തുടർന്ന ഇത്തരം മോവായ് സംഘങ്ങൾ ഉണ്ടത്രേ. ഇങ്ങനെ ഈ ഗ്രൂപ്പിൽ ഉള്ളവരുടെ ഇടയിൽ സന്തോഷവും ആത്മവിശ്വാസവും ജീവിത ദൈർഘ്യവും കൂടും എന്നൊരു പഠനമുണ്ടായി. ലോകമെമ്പാടും ജീവിത ദൈർഘ്യം കൂടിയ സമൂഹങ്ങളെക്കുറിച്ച് പഠിക്കാൻ നിയുക്തരായ ഗവേഷകർ ഇത്തരം ചില ഗ്രൂപ്പുകളെ ബ്ലൂ സോൺസ് എന്ന് വിളിച്ചു. ഇതിപ്പോൾ ജീവിത ദൈർഘ്യ പഠനങ്ങളിൽ വളരെ പ്രധാനമാണ്.
ഇത് വായിച്ചപ്പോൾ എനിക്ക് ഓർമ വന്നത് നമ്മുടെ കുടുംബശ്രീ ആണ്. ഇവരുടെ ഇടയിൽ ധാരാളം യാത്ര നടത്തുന്നതിനിടയിലാണ് സോളിഡാരിറ്റി ഇക്കോണമി എന്ന ആശയം ഞാൻ കേൾക്കുന്നത്. ഇപ്പോൾ മോവായിയിൽ കേട്ടത് പോലെ അല്ലെങ്കിലും വലിയൊരു സാമൂഹിക സൗഹൃദ സംഘമായാണ് കുടുംബശ്രീ വളർന്നുവന്നത്. സാമ്പത്തിക, സ്വാശ്രയ, ഉത്പാദന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള വലിയ സൗഹൃദ കൂട്ടായ്മ. അവരുടെ ഇടയിൽ ജീവിക്കുമ്പോഴാണ് നമുക്ക് ഈ കൂട്ടായ്മയുടെ ആഴം മനസ്സിലാവുക?
കുടുംബശ്രീക്ക് വേണ്ടി ദൂരദർശനിൽ ‘ഇനി ഞങ്ങൾ പറയാം’ എന്ന സോഷ്യൽ റിയാലിറ്റി ഷോ ചെയ്തപ്പോഴാണ് ഈ അപൂർവ സൗഹൃദം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞത്. അടിസ്ഥാനപരമായി ഉത്പാദന പ്രവർത്തനങ്ങളിലാണ് ഊന്നൽ എങ്കിലും ഇവർ പലപ്പോഴും സംഘമായി യാത്രകൾ ചെയ്യും. രാത്രികളിൽ ആടുകയും പാടുകയും ചെയ്യും. ഒരിക്കൽ ഒരു ബോംബെ യാത്രയിൽ സംഘമായി വിമാനത്തിൽ സഞ്ചരിക്കുന്ന കുടുംബശ്രീ അംഗങ്ങളേയും കണ്ടിട്ടുണ്ട്. ഈ സൗഹൃദം നൽകിയ സന്തോഷം അവരുടെ ജീവിത ദൈർഘ്യത്തെ എങ്ങനെയാണ് ബാധിച്ചത് എന്നൊന്നും പഠനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ കേരളത്തിന്റെ മൊത്തം സാമൂഹിക യാത്രയിൽ ഇത്തരം സംഘ ശീലങ്ങൾ വളരെ പ്രധാനമായിരുന്നു എന്ന് തോന്നുന്നു.
ഈ സംഘ ശീലം വളരെ തുടക്കത്തിലേ ഒരു സമൂഹം എന്ന രീതിയിൽ നമ്മൾ ആർജിച്ചെടുത്തു. അതാണ് നമുക്ക് ഒരു സമൂഹം എന്ന നിലയ്ക്ക് ഗാഢമായ ഒരു ഉൾക്കരുത്ത് തന്നത്. എല്ലാ മലയാളിയും ഏതെങ്കിലും തരത്തിൽ ഇത്തരം സംഘങ്ങളുടെ ഭാഗമാണ്. സംഘബോധം ഉള്ളവരാണ്. അന്യോന്യം സഹായിക്കാനുള്ള സന്നദ്ധത അവർക്കിടയിലുണ്ട്. ഈ സംഘബോധം കേരള സമൂഹം ആർജിച്ചത് ചരിത്രപരമായ ധാരാളം പ്രക്രിയകളിൽ കൂടിയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ അതിശക്തമായ ജനകീയ വേരോട്ടം ഉണ്ടായ ഒരു സമൂഹമാണിത്. അയ്യങ്കാളിയും നാരായണഗുരുവും അടക്കമുള്ളവർ സാമൂഹിക പരിഷ്ക്കർത്താക്കൾ കൂടി ആയിരുന്നു. കോൺഗ്രസ് പാർട്ടിയും പിന്നീട് വന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ഇതിനൊപ്പമുണ്ടായ ധാരാളം തൊഴിലാളി സംഘടനകളും സാമൂഹിക മാറ്റങ്ങൾക്ക് ശ്രമിച്ച സാമുദായിക സംഘടനകളും ഇവിടെയുണ്ടായി. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ഇത്തരത്തിലുള്ള സാമൂഹിക സംഘടനാ പ്രവർത്തനങ്ങൾ കേരളത്തിൽ തുടർന്നു. വായനശാല പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പരിഷത്, സാക്ഷരത പ്രസ്ഥാനം, ഇങ്ങനെ ആളുകളെ പല രീതിയിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രസ്ഥാനങ്ങൾ.
പിന്നീട് പല വികസന പ്രവർത്തനങ്ങളിലും ഈ പങ്കാളിത്ത ജനാധിപത്യ പരീക്ഷണങ്ങൾ നമ്മൾ പ്രയോഗിച്ചു. സമ്പൂർണ സാക്ഷരത നേടാൻ നടത്തിയ പ്രവർത്തനങ്ങളിലും ജനകീയാസൂത്രണത്തിലും കുടുംബശ്രീയിലും എല്ലാം ഇത്തരത്തിലുള്ള ജനകീയ സാമൂഹിക ഇടപെടൽ രീതികൾ നമുക്ക് കാണാം. രണ്ടര ലക്ഷം സാക്ഷരത വോളന്റിയർമാരാണ് അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നത്. ജനകീയാസൂത്രണ സമയത്തും ഇത് തുടർന്നു. 50000 വരുന്ന വിദഗ്ധ സാങ്കേതിക സന്നദ്ധ സേന ഇതിന്റെ ഭാഗമായി വന്നു. അമർത്യ സെൻ പറയുന്ന Development As Social Action എന്നതിന്റെ ഏറ്റവും മൂർത്തമായ പരീക്ഷണങ്ങളാണ് ഇവിടെ നടന്നത്.
ഇപ്പോൾ നടക്കുന്ന മാലിന്യമുക്ത കേരളം പദ്ധതിയിലും ദാരിദ്ര്യ നിർമാർജ്ജനത്തിലും വിജ്ഞാന കേരളം പദ്ധതിയിലുമെല്ലാം പങ്കാളിത്തത്തിലൂടെ വികസനം എന്ന ആശയം സജീവമാണ്. എന്നാൽ സമൂഹത്തിന്റെ സ്വഭാവം മാറിവരികയാണ്. നമ്മൾ കൂടുതൽ മധ്യവത്കൃത സമൂഹം ആവുന്നു. കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നത് ഒരു രണ്ടാം വികസന പ്രതിസന്ധിയാണ് എന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇനി പണ്ടത്തെപ്പോലെ സംഘ ശൈലിയിൽ വികസന പ്രവർത്തനങ്ങളോ സാമൂഹിക പരിശ്രമങ്ങളോ സാധ്യമാവുമോ? പണ്ടെന്ന പോലെ മുഴുവൻ സമയ സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായിട്ടുള്ള ചെറുപ്പക്കാരെ കിട്ടുക എളുപ്പമല്ല. പ്രളയം പോലുള്ള വലിയ പ്രതിസന്ധി സമയത്ത് അവർ കൈമെയ് മറന്ന് ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകുമെങ്കിലും. ചരിത്രപരമായി നമ്മൾ ആർജിച്ച ഈ സംഘബോധം പുതിയ തലമുറയെക്കൂടി ഉൾക്കൊള്ളും വിധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. കേരളത്തിന്റെ ഈ പിറവി ദിനത്തിൽ നമുക്ക് ഈ ദിശയിൽ ഒരു ആലോചന ഉണ്ടാവണം എന്ന് തോന്നുന്നു.











0 comments