മലയാളി നെഞ്ചോടണച്ച വയലിൻ തന്ത്രികൾ... ബാലഭാസ്കർ ഓർമയായിട്ട് ഏഴു വർഷം

ചിരിക്കുന്ന മുഖവുമായി വേദിയിലെത്തി, വയലിൻ തന്ത്രികളിലൂടെ മലയാളി ഹൃദയത്തിലേക്ക് നടന്നുകയറിയ പ്രിയ സംഗീതജ്ഞൻ ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് ഏഴു വർഷം. പ്രണയത്തെയും വിരഹത്തെയും വേദനയെയും സന്തോഷത്തെയുമെല്ലാം വയലിൻ തന്ത്രികളിൽ ആവാഹിച്ച മാന്ത്രികനായിരുന്നു ബാലഭാസ്കർ. ഏതു ഗാനവും അനായാസേന അവതരിപ്പിച്ചാണ് ബാലഭാസ്കർ ജനങ്ങളുടെ പ്രിയപ്പെട്ടവനായത്. നൂറുകണക്കിന് വേദികളിലായി അത്രതന്നെ പാട്ടുകൾ മീട്ടി അയാൾ സംഗീതാസ്വാദകരെ ത്രസിപ്പിച്ചു. തീരാനൊമ്പരമായി ബാലഭാസ്കർ മടങ്ങിയിട്ട് ഇന്ന് ഏഴു വർഷം പിന്നിട്ടു. 2018 സെപ്തംബർ 25നാണ് ബാലഭാസ്കർ അപകടത്തിൽപ്പെടുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടിന് ആ അതുല്യപ്രതിഭ വിടവാങ്ങി.

1994ൽ കോഴിക്കോട് സ്കൂൾ കലോത്സവത്തിൽ വയലിനിൽ ഒന്നാം സ്ഥാനവുമായാണ് ബാലഭാസ്കറിന്റെ കലോത്സവ വേദിയിലെ അരങ്ങേറ്റം. പിന്നീട് സ്കൂൾ കലോത്സവങ്ങളും കേരള സർവകലാശാല യുവജനോത്സവത്തിലും താരം ബാലഭാസ്കറായിരുന്നു. ശേഷം മുഖ്യധാരാ സംഗീതരംഗത്തേക്ക് കടന്നു. 20ാം വയസിൽ സംഗീതസംവിധായകനായി രംഗത്തെത്തി. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച‌് 1998ൽ പുറത്തിറങ്ങിയ 'നിനക്കായ്' പ്രണയ ആൽബത്തിലെ നിനക്കായ് തോഴാ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. നിനക്കായ് ദേവീ...പുനർജനിക്കാം...ഇനിയും ജനമങ്ങൾ ഒന്നുചേരാൻ... എന്ന് വയലിൻ തന്ത്രികളിൽ മീട്ടി ബാലഭാസ്കർ പാടിയപ്പോൾ ജനമൊന്നാകെ ഏറ്റുപാടി. അതേവർഷം ഇറങ്ങിയ 'മംഗല്യപല്ലക്ക്' സിനിമയിലെ ഗാനത്തിനും സംഗീതം പകർന്നു. വിനോദ് റോഷൻ സംവിധാനംചെയ്‌ത ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ഈണമിട്ടത്.

തുടർന്ന് 2000ൽ കണ്ണാടിക്കടവത്തിനുവേണ്ടി കൈതപ്രത്തിന്റെ വരികൾക്കും 2004ൽ പാഞ്ചജന്യത്തിനുവേണ്ടി സംവിധായകൻ പ്രസാദിന്റെ വരികൾക്കും 2005ൽ മോക്ഷത്തിനുവേണ്ടി കാവാലം നാരായണപ്പണിക്കരുടെ വരികൾക്കും ഈണം പകർന്നു. പാഞ്ചജന്യത്തിൽ ഒരു ഗാനവും ആലപിച്ചു. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങളിൽനിന്ന് ഇരുനൂറിലേറെ ഗാനങ്ങൾക്കും സംഗീതമേകി.
വിവിധ ഭാഷകളിലെ സിനിമാ ഗാനങ്ങൾ വയലിനിൽ മീട്ടിയാണ് ബാലഭാസ്കർ ആസ്വാദകരെ കയ്യിലെടുത്തത്. ബാലഭാസ്കർ വായിക്കുന്ന ഈണത്തിനനുസരിച്ച് ചുണ്ടനക്കുന്ന ജനക്കൂട്ടത്തെയായിരുന്നു ഓരോ പരിപാടികളിലും കണ്ടത്. സുഹൃത്ത് സ്റ്റീഫൻ ദേവസ്യയ്ക്കൊപ്പം ബാലഭാസ്കർ വയലിനിൽ വിസ്മയം തീർത്ത പ്രകടനങ്ങൾ ഏറെയുണ്ട്.

സൗമ്യതയുടെ മുഖഭാവമായിരുന്നു ബാലഭാസ്കർ. സ്നേഹത്തേക്കാളുപരി വാത്സല്യത്തോടുകൂടിയാണ് മലയാളികൾ ബാലഭാസ്കറെന്ന കലാകാരനെ കണ്ടത്. ബാലഭാസ്കറെന്ന പേരു കേൾക്കുമ്പോൾ ഒരു ചിരിയോടെ വയലിൻ കയ്യിലേന്തി സംഗീതത്തിൽ ലയിച്ചു നിൽക്കുന്ന ഒരാളെയാണ് മലയാളി മനസിൽ കാണുന്നത്. പാതി നിലച്ച വയലിൻനാദം പോലെ വിടപറഞ്ഞെങ്കിലും ആസ്വാദക മനസിൽ ഇന്നും ബാലഭാസ്കർ അതേ ചിരിയോടെ നിറഞ്ഞു നിൽപ്പുണ്ട്.










0 comments