Deshabhimani

ഓർമയിലെ വേണുനാദം

Nedumudi Venu
avatar
ബി റാം

Published on Oct 11, 2026, 06:13 PM | 2 min read

ഒരു നടനെ കാണുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് പലപ്പോഴും ആ നടന്റെ കഥാപാത്രങ്ങളാണ്. ഒറ്റ നിമിഷം കൊണ്ട് മനസ്സിലൂടെ 500ൽ പരം കഥാപാത്രങ്ങൾ മിന്നി മറയും. അങ്ങനെ ഒരു അനുഭവമാണ് തിരുവനന്തപുരം കുരുവി കാട്ടിലെ തമ്പ് വീടിന്റെ ഉമ്മറപ്പടിയിൽ ചെന്ന് കോളിംഗ് ബെല്ലടിച്ചപ്പോൾ എനിക്കുണ്ടായത്. ആരാ റാമാണോ വരൂ വരൂ ഇരിക്കൂ... മലപ്പുറം മേൽമുറിയിലെ എംസിടി ലോ കോളജിലെ ആനുവൽ ദിനത്തിൽ ഒരു ആശംസ വീഡിയോ ഷൂട്ട് ചെയ്യാൻ കോളേജ് പ്രിൻസിപ്പാൾ സിറാജുദ്ദീൻ സാറിന്റെ നിർദ്ദേശപ്രകാരമാണ് എനിക്ക് തമ്പിൽ പോകേണ്ടിവന്നത്. ഒരു അധ്യാപകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അധ്യാപന അനുഭവങ്ങൾ പങ്കുവെച്ചു ശേഷം ഒരു കപ്പ് കാപ്പി തന്നു, വീട്ടിലെ വിശേഷങ്ങൾ വിവാഹ കാര്യങ്ങൾ സാധാരണയിലും സാധാരണമായ കുശലാന്വേഷണം നടത്തി.


ആദ്യമായി കണ്ടുമുട്ടുന്ന ഒരു അപരിചിതനായി മാറി നിൽക്കേണ്ട എനിക്ക് വർഷങ്ങളുടെ അടുപ്പമുള്ള പോലെയാണ് നെടുമുടി വേണുവെന്ന അതുല്യപ്രതിഭയുടെ സംഭാഷണങ്ങളിലൂടെ തോന്നിയത്. സഹിഷ്ണുതയുടെ അങ്ങേയറ്റം ആയിരുന്നു അന്നത്തെ ദിവസം. വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങി പലതവണ പോലും ഒന്നും കൂടെ നന്നായി പറയാം റാം പരിഭ്രമിക്കേണ്ട എനിക്ക് ധാരാളം സമയമുണ്ടെന്ന സമീപനമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 15 മിനിറ്റുള്ള വീഡിയോ എടുക്കാൻ 45 മിനിറ്റ് എടുത്തപ്പോഴും യാതൊരു മുഷിവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തുളസി പോലുള്ള ഹൃദയവും കർമ്മവും എന്നൊക്കെ വർണ്ണിക്കാൻ തോന്നുന്നത് ഇദ്ദേഹത്തെ പോലുള്ള മനുഷ്യരെയാണെന്നതിൽ രണ്ടഭിപ്രായമില്ല. വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും പ്രാദേശിക പ്രകടന പാരമ്പര്യങ്ങളിൽ വേരൂന്നിയതുമായ ഒരു നടൻ തന്റെ ജീവിതത്തിലെ അവസാന രണ്ട് ദശകങ്ങളിൽ പാഴായിപ്പോവുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്തു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ് എന്ന് അദ്ദേഹത്തെപ്പറ്റി വായിച്ചത് ഞാൻ ഓർത്തു. അദ്ദേഹം അവതരിപ്പിച്ച ഏറ്റവും അവിസ്മരണീയമായ വേഷങ്ങളെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ രണ്ട് ദശകങ്ങളിലാണ്, അതായത് 1978 മുതൽ 2000 വരെ, അവയിൽ ഏറ്റവും മികച്ചത് ആദ്യ ദശകത്തിലാണ്. ഹൃദയംകൊണ്ട് ഒരു കലാകാരൻ എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നത് നേരിൽ കണ്ട് മനസ്സിലാക്കി നിമിഷം ആയിരുന്നു അന്ന്.


ഒരു മോഹം മനസ്സിൽ വന്നു സർവകലാശാല സിനിമയിലെ അതിര് കാക്കും മലയൊന്നു തുടുത്തെ തുടുത്തെ തക തക താ, ആശാന്റെ പാട്ട് ഒന്ന് കേൾക്കണമെന്ന് പറഞ്ഞു.. ഏത് ശവതാളമോ അതെ, ഞാൻ തുടങ്ങിവച്ചു പിന്നെ ഒരേ സ്വരത്തിൽ രണ്ടു വരികൾ പാടി. മൂന്നുകൂട്ടം പായസം കുടിച്ച് സദ്യ കഴിച്ച രസമായിരുന്നു. ക്യാമറയും തൂക്കി തിരികെയിറങ്ങാൻ തുടങ്ങിയപ്പോൾ റാമേ ഒരു വിവാഹം കഴിക്കണം അല്ലെങ്കിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകും ഇതായിരുന്നു ഉപദേശം, അല്ല നിർദേശം. തമ്പിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങുമ്പോൾ മുക്കുറ്റി തിരുതാളി കാടും പടലം പറിച്ചു കെട്ടി താ ഈ വരികൾ ആയിരുന്നു എന്റെ മനസ്സിൽ. ഒരുപക്ഷേ ഗേറ്റിനു മുന്നിൽ ആർച്ച് കെട്ടി പടർന്നു കിടന്ന വള്ളിച്ചെടികൾ കണ്ണിലുടക്കിയതിനാലാവാം ആ പാട്ട് പെട്ടെന്ന് മനസ്സിൽ കയറിവന്നത്.


കോളേജിലെ പരിപാടിക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞു ഉച്ചയ്ക്ക് ഒരു കോൾ വന്നു. റാമേ പരിപാടി നന്നായി നടന്നു അല്ലേ, ആദ്യത്തെ ചോദ്യം മുതൽ കോൾ റെക്കോർഡ് ചെയ്തു. താൽപര്യമില്ലാത്ത ഞാൻ അദ്ദേഹത്തിന്റെ കാൾ റെക്കോർഡ് ചെയ്തു. പരിപാടി നന്നായിരുന്നു സർ കുട്ടികൾക്ക് ഇഷ്ടമായോ അടുത്ത ചോദ്യം. വളരെയേറെ ഇഷ്ടമായി സാർ... ഓക്കേ ഇതുവഴി പോകുമ്പോൾ കയറു... വരാം സാർ. ഈ ദിവസങ്ങൾ കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം അദ്ദേഹം ഈ ഭൂമിയിൽ നിന്ന് വിട വാങ്ങി. ഇന്നും ആ കോൾ റെക്കോർഡ് ഞാൻ സൂക്ഷിക്കുന്നു. കലാകാരന് മരണമില്ല, പകൽപോലെ സത്യം എന്നതുപോലെ വേണുനാദം നിലയ്ക്കാത്ത ഓർമയായി എന്നും തമ്പടിച്ചു കിടക്കും തീർച്ച...



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home