മലയാളിയുടെ താരസങ്കല്പ്പത്തിന്റെ വീരപരിവേഷം; ജയൻ മൺമറഞ്ഞിട്ട് 46 വർഷം

അനശ്വര നടനെന്നും വീരനായകനെന്നുമൊക്കെ കേട്ടാൽ മലയാളിക്ക് ആദ്യം ഓർമ വരുന്നൊരു പേരുണ്ട്- ജയൻ. സാഹസികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങള്‍ തന്മയത്വത്തോടെ അഭ്രപാളികളിലൊതുക്കി മലയാളിയുടെ താരസങ്കല്പ്പങ്ങള്ക്ക് വീരപരിവേഷംനല്കിയ അനശ്വര നടന് ജയന്റെ ഓര്‍മകള്‍ക്ക് 46 വര്ഷംപൂര്‍ത്തിയാകുന്നു. 1980 നവംബർ 16നാണ് കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെ തമിഴ്നാട്ടിൽവച്ച് ഹെലികോപ്റ്റർ അപകടത്തിൽ നാൽപ്പത്തിയൊന്നാം വയസിലാണ് ജയൻ വിടപറഞ്ഞത്.
നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ മായാത്ത താരസാന്നിധ്യമായി ജയൻ തുടരുകയാണ്. മലയാള സിനിമയ്ക്ക് കൊല്ലത്തിന്റെ സംഭാവനയാണ് ജയൻ. സിനിമയിലേക്ക് സൂപ്പർതാരപദവി കടന്നുവരുംമുമ്പേ ആരാധകരുടെ സൂപ്പർതാരമായി മാറിയ നടൻ. മരിച്ച് നാലുപതിറ്റാണ്ട് പൂർത്തിയാകുമ്പോഴും പുതിയ തലമുറയ്ക്ക് ഉൾപ്പെടെ ആവേശമായി അദ്ദേഹത്തിന്റെ അഭിനയശൈലിയും കഥാപാത്രങ്ങളും നിലനിൽക്കുന്നത് അത്ഭുതത്തോടെയാണ് സിനിമാലോകം വീക്ഷിക്കുന്നത്.
കൊല്ലത്ത് തേവള്ളിയിൽ 1939 ജൂലൈ 25നാണ് ജയന്റെ ജനനം. തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ അച്ഛൻ മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അമ്മ ഓലയിൽ ഭാരതിയമ്മ. തേവള്ളിയിൽ മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഗവൺമെന്റ് ബോയ്സ് സ്കൂളിലും പഠിച്ചു. എൻസിസിയിൽ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുത്തതോടെ അദ്ദേഹത്തിന് നാവികസേനയിൽ നേരിട്ട് പ്രവേശനം ലഭിച്ചു. പിന്നീട് സ്വയംവിരമിക്കൽ നേടി തിരിച്ചെത്തി.
സിനിമയിലെത്തിയതോടെയാണ് ജയൻ എന്ന പേര് ലഭിച്ചത്. 1974ൽ പുറത്തിറങ്ങിയ ശാപമോക്ഷമായിരുന്നു തുടക്കം. കൊടുംവില്ലനായി വന്ന് നായകനായി മാറിയ വ്യക്തിയാണ് ജയൻ. പഞ്ചമി എന്ന ഹരിഹരന് ചിത്രത്തിലെ ക്രൂരനായ ഫോറസ്റ്റ് ഓഫീസറായി വന്നതോടെയാണ് മലയാളികള്‍ ജയനെ ഏറ്റെടുത്തുതുടങ്ങുന്നത്. പിന്നീടങ്ങോട്ട് നസീര്ചിത്രങ്ങളിലെ സ്ഥിരം വില്ലന്‍. ഉമ്മര്‍- ജോസ്പ്രകാശ് എന്നിങ്ങനെയുള്ള അന്നത്തെ പരമ്പരാഗത വില്ലന്മാര്ക്കിടയില് ഒരു സിക്സ്പാക്ക് വില്ലനായി ജയന് തകര്‍ത്തു. ഇതിനിടെ പത്മരാജന്- ഐ വി ശശി ടീമിന്റെ "ഇതാ ഇവിടെവരെ'യിലെ കടത്തുകാരനായി വേറിട്ട ഒരു കഥാപാത്രമായി.
ശരപഞ്ജരം, അങ്ങാടി, മൂർഖൻ, മനുഷ്യ മൃഗം, കരിമ്പന, മീൻ, ചാകര, ബെൻസ് വാസു തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. ഐ വി ശശി സംവിധാനം ചെയ്ത അങ്ങാടി ജയന്റെ താരപദവി ഉറപ്പിച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ ഇന്നും മലയാളി ഏറ്റുപറയാറുണ്ട്.
സാഹസികത മുഖമുദ്ര
അപകടസാധ്യതയുള്ള സംഘട്ടനരംഗങ്ങളിൽ പോലും ഡ്യൂപ്പുകളെ ആശ്രയിക്കാതെ നേരിട്ട് അഭിനയിക്കാൻ തയ്യാറായ ജയന്റെ സാഹസികത സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആ സാഹസികത തന്നെയാണ് താരത്തിന്റെ ജീവൻ കവർന്നതും. 1980 നവംബർ 16ന് ചെന്നൈക്കടുത്തുള്ള ഷോളവരത്ത് കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുകയായിരുന്നു. ഓടുന്ന ബൈക്കിൽ നിന്ന് ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ആദ്യ ചിത്രീകരണം തൃപ്തികരമായിരുന്നെങ്കിലും രംഗം കൂടുതൽ മികച്ചതാക്കാൻ വീണ്ടും ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ നിയന്ത്രണംവിട്ട് തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയൻ പിന്നീട് ആശുപത്രിയിൽ അന്തരിച്ചു.
ആറു വർഷം 150 സിനിമ
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ജയന്റെ വിടവാങ്ങൽ. ആറുവർഷത്തോളം മാത്രമായിരുന്നു ജയന്റെ സജീവ സിനിമാജീവിതം. എന്നാൽ ഇതിനിടെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മരണശേഷവും ജയൻ അഭിനയിച്ച നിരവധി ചിത്രങ്ങൾ തിയറ്ററുകളിലെത്തി.
കാലം മാറിയെങ്കിലും ജയന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടില്ല. അദ്ദേഹത്തിന്റെ ശബ്ദവും സംഭാഷണശൈലിയും ശരീരഭാഷയും അനുകരണകലകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇന്നും സജീവമാണ്. സിനിമകളിലൂടെയും ആരാധകരുടെ ഓർമ്മകളിലൂടെയും പുതിയ തലമുറയിലേക്കും ജയൻ എത്തുന്നു. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന്റെ ഓർമകൾ 46 വർഷങ്ങൾക്കിപ്പുറവും അനശ്വരമായി തുടരുന്നു.








0 comments