മാനവീയം വീഥിയിലെ വിലക്ക്: കോർപറേഷൻ ഉപരോധിച്ച് സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം: മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം ആർത്തിരമ്പുന്നു. സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു. രാവിലെ 11 മണിയോടെയാണ് പ്രവർത്തകർ കോർപറേഷനിലേയ്ക്കെത്തിയത്. തുടർന്ന് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. പാട്ടിനെ പേടിക്കുന്നവരാണോ നഗരസഭ ഭരിക്കുന്നത്, പാട്ടിന് വിലക്കോ, ഇത് കേരളമാണ് തുടങ്ങിയ പ്ലക്കാർഡുകളുമായെത്തിയാണ് സംസ്കാരിക പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചത്.
മാനവീയം വീഥിയുടെ രജത ജൂബിലി ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിക്ക് അനുമതി തേടി സാംസ്കാരിക പ്രവർത്തകർ സമർപ്പിച്ച അപേക്ഷയിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ നഗരസഭ സെക്രട്ടറി മേേയർക്ക് കൈമാറി. തുടർന്ന് അനുമതി നിഷേധിക്കുകയായിരുന്നു. മാനവീയം വീഥി കള്ളും കഞ്ചാവിന്റെ ഇടമാണെന്നും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന ഇടമാണെന്നും മേയർ പറഞ്ഞു.
സാംസ്കാരിക ഇടമായ മാനവീയം വീഥിയെ അവഹേളിക്കുന്ന രീതിയിലാണ് മേയർ സംസാരിച്ചത്. മേയർ രാജിവെയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറിക്ക് യാതൊരു റോളുമില്ല. മേയറാണ് സെക്രട്ടറിയുടെ ജോലി ചെയ്യുന്നതെന്നും പ്രവർത്തകർ വിമർശിച്ചു. നൈറ്റ് ലൈഫ് വേണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറയുമ്പോഴും രാത്രി 10 മണിക്കു ശേഷം പരിപാടികൾ പൊടുന്നനെ നിർത്തണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നതെന്നും കഴിഞ്ഞ ദിവസം പരിപാടി സംഘടിപ്പിച്ച കലാകാരന്മാരെ പൊലീസ് വലിച്ചിഴച്ചുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മാനവീയം വീഥി കൈയടക്കാൻ മേയർക്ക് എന്ത് അധികാരമാണുള്ളതെന്നും സാംസ്കാരിക പ്രവർത്തകർ ചോദിക്കുന്നു. സെക്രട്ടറിയെ ഉപരോധിച്ച സാംസ്കാരിക പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും പോരാട്ടം തുടരും, കോർപറേഷനു മുൻപിലേയ്ക്ക് സമരം മാറ്റുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.







0 comments