കുത്തനെയിടിഞ്ഞ് റബർവില; രണ്ടാഴ്ചക്കിടെ കുറഞ്ഞത് 12 രൂപ, കര്‍ഷകര്‍ ആശങ്കയില്‍

കോട്ടയം : റബർ കർഷകരെ പ്രതിസന്ധിയിലാക്കി വിപണിയിൽ വില കുത്തനെയിടിഞ്ഞു. നവംബർ ആദ്യവാരം കിലോയ്ക്ക് റെക്കോഡ് വിലയിലെത്തിയിരുന്നു. എന്നാൽ, വില കൂടിയതിന്റെ ആഹ്ലാദം അൽപായുസായി. രണ്ടാഴ്‌ചകൊണ്ട് വില കുത്തനെ ഇടിഞ്ഞു.
300 രൂപയായിരുന്ന ആർഎസ്‌എസ് നാലിന് ഇപ്പോൾ റബർബോർഡ് വില 288 ആണ്. അതായത് രണ്ടാഴ്ച കൊണ്ട് ഏകദേശം 12 രൂപയോളമാണ് കുറഞ്ഞത്. കൂലിച്ചെലവിന് ശേഷം ലാഭം കണ്ടെത്താമെന്ന് കരുതിയ കർഷകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു വിലയിടിച്ചിൽ.
റബറുൽപ്പാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥയുടെയും ഉൽപ്പാദനക്കുറവിന്റെയും പശ്ചാത്തലത്തിലായിരുന്നു വില വർധിച്ചത്. നവംബർ ഒന്നിനാണ് ആർഎസ്‌എസ് നാലിന്റെ വില സർവകാല റെക്കോഡായ മുന്നൂറിലെത്തിയത്. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ റബറുൽപ്പാദനം 30 ശതമാനത്തിലധികം ഇടിഞ്ഞ സമയമായിരുന്നു ഇത്.
ഇന്ത്യയിലും ഉൽപ്പാദനം വൻ തോതിൽ കുറഞ്ഞു. ഇതാണ് വില വർധിക്കാൻ സാഹചര്യമൊരുക്കിയത്. പല കർഷകരും ഷീറ്റിന് പകരം ലാറ്റക്‌സായി വിൽക്കാൻ തുടങ്ങിയതും ഷീറ്റിന് വിലകൂടാൻ കാരണമായി. ഇനിയും ഉയരുമെന്നായിരുന്നു വിദഗ്‌ധരുടെ പ്രവചനം. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി വില ഇടിഞ്ഞു. മഴ കുറഞ്ഞതും ഉൽപ്പാദനം വർധിച്ചതുമാണ് വിലയിടിയാനുള്ള പ്രധാന കാരണം. എന്നാൽ അന്താരാഷ്‌ട്ര വിപണിയേക്കാൾ മികച്ചവില ഇപ്പോഴും ഇന്ത്യയിൽ കിട്ടുന്നുണ്ട്. ബാങ്കോക്കിൽ ആർഎസ്‌എസ് നാലിന് 257 രൂപ മാത്രമാണ്.
വിപണിയിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കുകയാണ്. വില ഇനിയും കുറയ്‌ക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. കപ്പലുകളുടെ നീക്കം ശരിയായി നടക്കാത്തതിനാൽ അവർക്ക് വിദേശത്തുനിന്ന് റബർ എടുക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ആഭ്യന്തര ഉൽപ്പാദനത്തിൽ വിലക്കുറവ് സൃഷ്ടിക്കുക എന്നതാണ് കമ്പനികളുടെ തന്ത്രം.








0 comments