Deshabhimani

19 സീറ്റുള്ള വൈദ്യുത യാത്രാവിമാനം, ഒറ്റ ചാർജിൽ 400 കിലോമീറ്റർ; ആകാശത്തും വിപ്ലവം സൃഷ്ടിക്കുന്ന ചൈന

electric plane china
വെബ് ഡെസ്ക്

Published on Nov 16, 2026, 10:39 AM | 1 min read

ബീജിങ് : വ്യോമയാന രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച് ചൈന. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന 19 സീറ്റുകളുള്ള വൈദ്യുത യാത്രാവിമാനം വിജയകരമായി പരീക്ഷിച്ചു. ചൈനീസ് വിമാനനിർമാണ കമ്പനിയായ കൊമാക് (COMAC) വികസിപ്പിച്ച CE-25A വിമാനമാണ് ആദ്യമായി ജീവനക്കാരുമായി പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയത്. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ബിൻഷൗവിലായിരുന്നു പരീക്ഷണം. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനിയറുമാണ് വിമാനത്തിലുണ്ടായിരുന്നത്. 16 മിനിറ്റും 38 സെക്കൻഡും നീണ്ട പറക്കലിൽ 60.4 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. 10 ടൺ ഭാരമുള്ള വിമാനത്തിന് മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. ഒറ്റ ചാർജിൽ 400 കിലോമീറ്റർ ദൂരം പറക്കാനാകും.


2,400 മീറ്റർ ഉയരത്തിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള വിമാനം പ്രധാനമായും നഗരങ്ങൾക്കിടയിലെ ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചത്. പരമ്പരാഗത വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധന എൻജിനുകൾക്ക് പകരം പത്ത് ഇലക്ട്രിക് ഡക്ടഡ് ഫാനുകളാണ് CE-25Aയിൽ ഉപയോഗിച്ചിരിക്കുന്നത്. വിമാനത്തിന്റെ ഇരുചിറകുകളിലുമായി അഞ്ച് വീതം ഫാനുകളുണ്ട്. ശബ്ദമലിനീകരണം കുറയ്ക്കാനും താരതമ്യേന ചെറിയ റൺവേകളിൽ വിമാനം പ്രവർത്തിപ്പിക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.


ചൈനീസ് ബാറ്ററി നിർമാണ കമ്പനിയായ CATL, ഷാങ്ഹായ് ജിയാവോ തോങ് സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് വിമാനം വികസിപ്പിച്ചത്. 2026 ഫെബ്രുവരി രണ്ടിന് ആളില്ലാതെയുള്ള ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. ഇതിനുശേഷം 19 ആളില്ലാ പരീക്ഷണപ്പറക്കലുകൾ വിജയകരമായി പൂർത്തിയാക്കി. വാണിജ്യ സർവീസിനുള്ള അനുമതി ലഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്തിന്റെ ടൈപ്പ് സർട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിച്ചു. എന്നാൽ യാത്രക്കാരുമായി വാണിജ്യ സർവീസ് ആരംഭിക്കുന്ന തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home