Deshabhimani

ആകാശംമുട്ടി വിമാനനിരക്ക്; യാത്രക്കാരെ പിഴിഞ്ഞ് കമ്പനികൾ, ക്രിസ്മസ്–പുതുവർഷ യാത്രയ്ക്ക് ഇരട്ടിഭാരം

plane ai image

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 16, 2026, 11:19 AM | 2 min read

തിരുവനന്തപുരം : ക്രിസ്മസ്- പുതുവർഷ തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികൾ തിരുവനന്തപുരത്ത് നിന്നും തിരിച്ചുമുള്ള ആഭ്യന്തര സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെക്കൂട്ടി. ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, ബംഗളൂരു, ജയ്‌പൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ഡിസംബറിലെ നിരക്കുകളാണ് കൂട്ടിയത്.


തിരുവനന്തപുരത്ത് നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സാധാരണ 10,000 രൂപയാണ് ടിക്കറ്റ്. ഇത് 13,000 മുതൽ 15,500 വരെയാക്കി. ഹൈദരാബാദിലേക്ക് സാധാരണ 6000 മുതൽ 8000 വരെയാണെങ്കിൽ ക്രിസ്മസ് അവധി ദിനങ്ങളിൽ 14,000 വരെ കൊടുക്കണം. ഡിസംബർ 24ന് തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 15,000 രൂപവരെയാണ്. ഡൽഹിയിലേക്ക് 12,000 മുതൽ 13,000 രൂപവരെയും ഹൈദരാബാദിലേക്ക് 9,000 മുതൽ 14,000 രൂപവരെയും ഈടാക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ ദൂരമുള്ള ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും നിരക്ക് ഉയർന്നു. ചെന്നൈയിലേക്ക് 5,700 മുതൽ 6,000 രൂപവരെയും ബംഗളൂരുവിലേക്ക് 5,700 രൂപയോളവുമാണ് നിരക്ക്.


ജയ്പൂരിലേക്കുള്ള വിമാന ടിക്കറ്റിനും വലിയ തുക നൽകേണ്ടിവരും. ഡിസംബർ 24ന് തിരുവനന്തപുരത്തുനിന്ന് ജയ്പൂരിലേക്കുള്ള കണക്ഷൻ വിമാനത്തിന് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ 18,774 രൂപവരെയുള്ള നിരക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ റൂട്ടിൽ മറ്റ് വിമാനങ്ങൾക്ക് 20,000 രൂപയിലേറെയും നിരക്ക് കാണിക്കുന്നുണ്ട്.


ക്രിസ്മസിനോട് അനുബന്ധിച്ച് നാട്ടിലേക്കും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് കമ്പനികളുടെ കൊള്ള. ഉത്സവകാലങ്ങളിലും അവധിദിവസങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് കമ്പനികളുടെ പതിവായിക്കഴിഞ്ഞു. ഓണക്കാലത്തും സമാനമായി വിദേശത്തുനിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയിരുന്നു.


ഡിസംബർ 24 മുതൽ പുതുവർഷം വരെയുള്ള ദിവസങ്ങളിലാണ് നിലവിൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സർവീസുകളിലും ഉയർന്ന നിരക്കാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉത്തരേന്ത്യൻ നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ എണ്ണം വർധിച്ച സാ​ഹചര്യത്തിൽ തന്നെയാണ് നിരക്കും ഉയർന്നത്. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.


ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ്ങും വെയിറ്റിങ് ലിസ്റ്റിലേക്ക് നീങ്ങിയതോടെ അവധിക്കാലത്ത് യാത്രചെയ്യാൻ ഒരുങ്ങുന്നവർക്ക് അധിക സാമ്പത്തിക ബാധ്യതയാകുകയാണ്.


തിരിച്ചടിയായി കേന്ദ്ര നയവും


തിരക്ക് വർധിക്കുമ്പോൾ തോന്നുംപടി നിരക്ക് കൂട്ടുന്ന വിമാനക്കമ്പനികൾക്ക് സഹായകമായി കേന്ദ്രചട്ടം ഭേ​ദ​ഗതി ചെയ്തതും യാത്രക്കാർക്ക് ഇരുട്ടടിയായി. പുതിയ ചട്ടപ്രകാരം വിമാന ടിക്കറ്റ് നിരക്കുകൾ മുൻകൂട്ടി നിശ്ചയിക്കാൻ എയ‍ർലൈനുകൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ട. പൊതു താത്പര്യം മുൻനിർത്തി അസാധാരണ സാഹചര്യങ്ങൾ ഉടലെടുക്കുകയാണെങ്കിൽ മാത്രം കേന്ദ്ര സർക്കാരിന് ഇടപെടാം എന്ന അവ്യക്തമായ ഒരു നിയന്ത്രണാധികാരം മാത്രമാണ് ചട്ടത്തിൽ നിലനിർത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home