ad
Deshabhimani

ഇന്നും മുഴങ്ങുന്നു രാജന്റെ നിലവിളി.. രക്തസാക്ഷിത്വത്തിന് 50 വർഷം; നേരറിയിച്ചത് ദേശാഭിമാനി

kakkayam camp P Rajan Emergecny

പി രാജന്റെ രക്തസാക്ഷി മണ്ഡപം (ഇടത്), പി രാജൻ (വലത്)

വെബ് ഡെസ്ക്

Published on Mar 02, 2026, 05:16 PM | 2 min read

ടിയന്തരാവസ്ഥ എന്ന ഭരണകൂട ഭീകരതയുടെ കിരാതവാഴ്ചയെക്കുറിച്ച് ഓർക്കുന്ന മലയാളിയുടെ തീരാനോവാണ് രാജൻ തിരോധാനം. ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ പൊലീസ് കക്കയം ക്യാമ്പിൽവെച്ച് നടത്തിയ ക്രൂരപീഡനത്തിലാണ് എഞ്ചിനിയറിങ് വിദ്യാർഥിയായ പി രാജൻ കൊല്ലപ്പെടുന്നത്. രാജനെ എന്ത് ചെയ്തുവെന്നോ മൃതദേഹം എവിടെയെന്നോ ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി നിൽക്കുന്നു. കൂരിരുളിൽ പിടഞ്ഞ്, വേദനയില്‍ പുളഞ്ഞ്, ഒരു മൂളലായി രാജൻ ഒടുങ്ങിയിട്ട് അരനൂറ്റാണ്ട് തികയുന്നു.


രാജനെ എന്തുചെയ്തു? മൃതദേഹം എവിടെ? ഇന്നും ഉത്തരമില്ല


1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് അവസാനവര്‍ഷ എന്‍ജിനിയറിങ്ബിരുദ വിദ്യാര്‍ഥി പി രാജനെ കോളേജ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയത്. സര്‍വകലാശാല യുവജനോത്സവത്തില്‍ കോളേജ് ഗായകസംഘത്തോടൊപ്പം പാട്ടുപാടിയ ആര്‍ട്സ് ക്ളബ് സെക്രട്ടറി കൂടിയായ രാജന്‍ പുലര്‍ച്ചെ അഞ്ചിനാണ് ഹോസ്റ്റലില്‍ എത്തിയത്.


അതിനുമുമ്പേ രണ്ടു നീല വാനുകളിലായി അവിടെയെത്തിയ പൊലീസുകാര്‍ രാജനെ നീട്ടി വളര്‍ത്തിയ മുടിയില്‍ തൂക്കി വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്തനാള്‍ രാജന്‍ കൊല്ലപ്പെട്ടതായി പിന്നീട് സഹതടവുകാരില്‍നിന്ന് കേരളവും ലോകവും കേട്ടു.


ഡിഐജി ജയറാം പടിക്കലിന്റെ ചുമതലയിലുള്ള ക്യാമ്പിൽ ക്രൂരമർദ്ദനത്തിലും ഉരുട്ടലിലുമാണ്‌ രാജൻ കൊല്ലപ്പെട്ടതെന്ന്‌ സമാന ഭീകരത നേരിട്ടവർ പിന്നീട്‌ വെളിപ്പെടുത്തി. ജീപ്പിലിട്ട്‌ കൊണ്ടുപോയ മൃതദേഹം എന്തുചെയ്തെന്ന്‌ പുറംലോകം അറിഞ്ഞിട്ടില്ല. അന്ന്‌ പൊലീസിൽ ഡ്രൈവറായിരുന്ന ഒരാൾ 11 വർഷംമുമ്പ്‌ വെളിപ്പെടുത്തിയത്‌ രാജനെ കൂത്താട്ടുകുളത്തെത്തിച്ച്‌ ഐസ്‌ ചേംബറിലിട്ട്‌ കൊന്ന്‌ മൃതദേഹം പന്നികൾക്ക്‌ നൽകിയെന്നാണ്‌.


ഈച്ചരവാര്യർ എന്ന പോരാളി


മകന് സംഭവിച്ചതറിയാന്‍ പ്രൊഫ. ഈച്ചരവാര്യര്‍ നടത്തിയ നിരന്തരപോരാട്ടവും തുടര്‍ന്നുണ്ടായ ഹൈക്കോടതി വിധിയും മന്ത്രിസഭയുടെ പതനവും ചരിത്രമാണ്. ‘എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്’–- എന്ന ഈച്ചരവാര്യറുടെ ചോദ്യം പ്രകമ്പനമായി മുഴങ്ങി.


രാജനെ അന്യായ തടങ്കലിൽനിന്ന്‌ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഈച്ചരവാര്യർ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനുൾപ്പെടെ അപേക്ഷ നൽകി. ഹേബിയസ്‌ കോർപസ്‌ ഫയൽചെയ്തു. പൊലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണ, ഡിഐജി ജയറാം പടിക്കൽ, ആഭ്യന്തരമന്ത്രി കരുണാകരൻ, എസ്ഐ പുലിക്കോടൻ നാരായണൻ തുടങ്ങിയവരായിരുന്നു പ്രതികൾ. കക്കയത്ത്‌ ക്യാമ്പ്‌ പ്രവർത്തിച്ചില്ലെന്നും രാജനെ പിടിച്ചിട്ടില്ലെന്നും പ്രതികൾ സത്യവാങ്മൂലം നൽകി.


eachara warrierപ്രൊഫ. ഈച്ചരവാര്യര്‍


രാജൻ കൊല്ലപ്പെട്ടതായി കോടതി കണ്ടെത്തിയെങ്കിലും പ്രതികളുടെ മർദ്ദനമേറ്റാണ്‌ മരിച്ചതെന്ന് തെളിയിക്കാനായില്ല. വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്‌ 1977ൽ ഏപ്രിലിൽ കരുണാകരന്‌ മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നു. മൃതദേഹം കിട്ടാത്തതിനാൽ പ്രതികൾ അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു. മകന്‌ നീതിക്കായി തന്റെ സകല സമ്പാദ്യവും ആരോഗ്യവും മാറ്റിവച്ച്‌ കോടതിയിലും പൊലീസ്‌ സ്റ്റേഷനിലും മന്ത്രിമന്ദിരങ്ങളിലും കയറിയിറങ്ങിയ ഈച്ചരവാര്യർ 2006ലാണ്‌ അന്തരിച്ചത്‌.


നേരറിയിച്ചത് ദേശാഭിമാനി


കോൺ​ഗ്രസ് സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കെതിരെ ജനങ്ങളും, ജനങ്ങളുടെ പത്രമായ ദേശാഭിമാനിയും നടത്തിയ പോരാട്ടത്തിന് ഇന്ന് പ്രസക്തി ഏറെയാണ്. രാജന്റെ അച്ഛന്‍ പ്രൊഫ. ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കേരള ഹൈക്കോടതി വിധിപറഞ്ഞത് 1977 ഏപ്രില്‍ 13നാണ്. രാജനെ ഏപ്രില്‍ 21ന് ഹാജരാക്കണം എന്നായിരുന്നു ജസ്റ്റിസ് പി സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് ഖാലിദും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചത്.


rajan case3രാജന്റെ കൊലപാതകത്തെ തുടർന്ന് ദേശാഭിമാനി നൽകിയ വാർത്തകൾ



rajan case4രാജന്റെ കൊലപാതകത്തെ തുടർന്ന് ദേശാഭിമാനി നൽകിയ വാർത്തകൾ


പി രാജന്റെ അറസ്റ്റ്മുതല്‍ മന്ത്രിസഭയുടെ പതനംവരെയുള്ള ഓരോ സംഭവവും ജനങ്ങളില്‍ എത്തിച്ചത് ദേശാഭിമാനിയാണ്. ദേശാഭിമാനിയുടെ അന്നത്തെ മാനേജര്‍ പി കണ്ണന്‍നായരുടെയും പത്രാധിപര്‍ പി ഗോവിന്ദപ്പിള്ളയുടെയും നിര്‍ദേശമനുസരിച്ച് എഴുത്തുകാരനും അധ്യാപകനുമായ സി ആര്‍ ഓമനക്കുട്ടനാണ് ആ ദൌത്യം ഏറ്റെടുത്തത്. ശവംതീനികള്‍ എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കിയ പരമ്പര 20 ദിവസത്തോളം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. പിന്നീടിത് പുസ്തകമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home