ad
Deshabhimani

"അച്ഛനോട് പറയണേ, നമ്മൾ ഒന്നിച്ച് വർക്ക് ചെയ്തുവെന്ന്"; രഘുറായിയുടെ ഓർമയിൽ ലക്ഷ്മി

lakshmi

രഘുറായിക്കൊപ്പം ലക്ഷ്മി രാജീവ്

avatar
കൃഷ്ണപ്രിയ സി വി

Published on Apr 26, 2026, 05:18 PM | 2 min read

തിരുവനന്തപുരം: ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ കുലപതിയായ രഘു റായ് വിടവാങ്ങുമ്പോൾ, ലക്ഷ്മിക്കിത് കേവലം ഒരു കലാകാരന്റെ വിയോഗമല്ല. മറിച്ച് ഒരു വലിയ നിയോഗത്തിന്റെ പൂർത്തീകരണം കൂടിയാണ്. അച്ഛൻ കണ്ട സ്വപ്നം മകൾ പൂർത്തിയാക്കിയ മനോഹരമായ ഒരു ജീവിതകഥയാകുന്നു രഘുറായ് എന്ന ഇതിഹാസത്തോടുള്ള ലക്ഷ്മിയുടെ സൗഹൃദം. രഘുറായിയുടെ വിയോഗ വാര്‍ത്തയില്‍ എഴുത്തുക്കാരിയായ ലക്ഷ്മി രാജീവ് പങ്കുവെച്ച ഓര്‍മകുറിപ്പ് ചര്‍ച്ചയാവുന്നു.


സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛന്റെ മടിയിലിരുന്ന് 'ഇലസ്‌ട്രേറ്റഡ് വീക്കിലി'യിലെ ചിത്രങ്ങൾ നോക്കുമ്പോഴാണ് രഘു റായ് എന്ന പേര് ലക്ഷ്മി ആദ്യമായി കേൾക്കുന്നത്. "ഇദ്ദേഹം വലിയ ഫോട്ടോഗ്രാഫറാണ്, മോളുടെ കല്യാണത്തിന് നമുക്ക് വിളിക്കാം" എന്ന അച്ഛന്റെ നിഷ്കളങ്കമായ മോഹം അന്ന് ചിരിയിലാണ് അവസാനിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഒരു നിയോഗം പോലെ രഘു റായ് ലക്ഷ്മിയുടെ ജീവിതത്തിലേക്ക് എത്തി.


നിയോഗി ബുക്സിലെ ജോലി കാലത്ത് രഘുറായിയുടെ നമ്പറിനായി ശ്രമിച്ചെങ്കിലും അന്നത് കിട്ടിയില്ല. വർഷങ്ങൾക്കിപ്പുറം ലക്ഷ്മി തന്റെ അച്ഛന്റെ ഓർമകളും ബാല്യകാല ആരാധനയും പങ്കുവെച്ച് ഒരു മെയിൽ അദ്ദേഹത്തിനായി അയച്ചു. മറുപടിയായി സാക്ഷാൽ രഘു റായ് തന്നെ വിളിച്ചു. "തിരുവനന്തപുരത്തെക്കുറിച്ച് ഒരു പുസ്തകം ചെയ്യണം, അതിന്റെ കവർ ചിത്രം നിങ്ങളുടേതാകണം" എന്ന ലക്ഷ്മിയുടെ ആഗ്രഹത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: "രഘു റായ് മകളോടൊപ്പം ഒരു ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അച്ഛനോട് പറയൂ. വിവാഹത്തിന് എന്നെ ക്ഷണിച്ചില്ലല്ലോ..." അച്ഛൻ ഇന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയുടെ ശബ്ദമിടറിയപ്പോൾ, മകൾ തന്നോടൊപ്പം ജോലി ചെയ്യുന്നത് അച്ഛൻ അറിയുന്നുണ്ടാകുമെന്ന ആശ്വാസവാക്കാണ് അദ്ദേഹം അന്ന് നൽകിയത്.


lakshmi memoryപുസ്തകരചനയുടെ സമയത്ത് ലക്ഷ്മി രാജീവ് രഘു റായിക്കൊപ്പം


തിരുവനന്തപുരത്തെക്കുറിച്ചുള്ള പുസ്തകത്തിലൂടെ തുടങ്ങിയ ആ സൗഹൃദം തിരുപ്പതിയിലെ ബ്രഹ്മോത്സവത്തിന്റെ കുന്നുകളോളം വളർന്നു. "എനിക്ക് ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ല" എന്ന് ഉറച്ചു വിശ്വസിച്ച മനുഷ്യനായിരുന്നു രഘു റായ്. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും ക്യാമറയില്ലാതെ പ്രവേശിക്കാൻ അദ്ദേഹം വിസമ്മതിച്ചു. എന്നാൽ തിരുപ്പതിയിലെ ബ്രഹ്മോത്സവത്തിനിടെ ലക്ഷക്കണക്കിന് ഭക്തർക്കിടയിൽ ആ ചക്രവർത്തിക്ക് മുന്നിൽ രഥം വന്നുനിന്ന നിമിഷം, അദ്ദേഹം തന്റെ തൊപ്പി ഊരി ആദരവോടെ ആ ഫ്രെയിം പകർത്തി പറഞ്ഞു: "താങ്ക് യൂ, ഗോവിന്ദാ..."


പുസ്തകങ്ങളുടെ കവറിൽ മറ്റാർക്കും ക്രെഡിറ്റ് നൽകാത്ത കർക്കശക്കാരനായിരുന്നു റായെന്നും ലക്ഷ്മി ഓർത്തെടുത്തു. എന്നാൽ ലക്ഷ്മിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ പുസ്തകങ്ങളുടെ കവറിൽ ലക്ഷ്മിയുടെ പേരും ചേർത്തു. കേരളത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അവസാന പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ കോവിഡ് അനുവദിച്ചില്ലെങ്കിലും ആ ചിത്രങ്ങളും ഓർമ്മകളും ഇന്നും ലക്ഷ്മിയുടെ പക്കൽ ഭദ്രമാണ്..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home