ad
Deshabhimani

പിയർലൂയിജി കൊളീന... കളത്തിലെ ഹെഡ്മാസ്റ്റർ

Pierluigi Collina.jpg

photo credits: FIFA Museum facebook.com/photo

avatar
ജ്യോതിസ് [email protected]

Published on Jun 05, 2026, 06:24 PM | 2 min read

മൈതാനത്ത് ഇതിഹാസ താരങ്ങൾ പന്തുതട്ടുമ്പോൾ റഫറിയെ ശ്രദ്ധിക്കുന്നവർ വിരളമാണ്. ഫുട്ബോൾ ആരാധകർ പൊതുവെ കളിക്കാരെയും പരിശീലകരെയും മാത്രം നെഞ്ചിലേറ്റുന്നവരാണ്. എന്നാൽ ലോകമെമ്പാടുമുള്ള ആരാധകരെ തന്റെ പേരും മുഖവും ഓർമിപ്പിച്ച ഒരു റഫറിയുണ്ടായിരുന്നു, പിയർലൂയിജി കൊളീന (Pierluigi Collina). കഷണ്ടിത്തലയും തീക്ഷ്ണമായ ആ കണ്ണുകളും മൈതാനത്ത് കണ്ടാൽ എത്ര വലിയ കൊമ്പന്മാരും ഒന്ന് അടങ്ങി നിൽക്കും. ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായി ആറു തവണ ലോകത്തെ ഏറ്റവും മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട കൊളീന, റഫറിയിംഗിനെ വെറുമൊരു ജോലി എന്നതിലുപരി അതൊരു കലയാക്കി മാറ്റിയ പ്രതിഭയാണ്.


Mr. Reliable


1998ലെ ഫ്രാൻസ് ലോകകപ്പാണ് കൊളീനയെ ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. അസാമാന്യമായ കൃത്യതയും തീരുമാനങ്ങളിലെ ആത്മവിശ്വാസവും അദ്ദേഹത്തെ വളരെ വേഗം ലോകത്തിലെ ഏറ്റവും വിശ്വസ്തനായ റഫറിയായി വളർത്തി.


രോഗത്തെ അടയാളമാക്കിയ 'കോജാക്'


കൊളീനയ്ക്ക് ഫുട്ബോൾ ലോകം നൽകിയ വിളിപ്പേരായിരുന്നു കോജാക്. അമേരിക്കൻ ടെലിവിഷൻ പരമ്പരയിലെ പ്രശസ്ത ഡിറ്റക്ടീവ് കഥാപാത്രമായ കോജാക്കുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. ചെറുപ്പകാലത്ത് ബാധിച്ച അലോപ്പീഷ്യ യൂണിവേഴ്സാലിസ് (Alopecia Universalis) എന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ തലമുടിയും ശരീരത്തിലെ മറ്റ് രോമങ്ങളും പൂർണ്ണമായും ഇല്ലാതാക്കിയത്. ആ പ്രതിസന്ധിക്ക് മുന്നിൽ അദ്ദേഹം ഒളിച്ചിരുന്നില്ല. ആത്മവിശ്വാസത്തോടെ അതിനെ നേരിട്ട് ആ കഷണ്ടിത്തലയും നോട്ടവും ലോക ഫുട്ബോളിലെ തന്റെ ഏറ്റവും വലിയ സിഗ്നേച്ചറാക്കി മാറ്റി.


FIFA MUSEUM PIERLUIGI.png

അമൂല്യ സമ്മാനം


2002ലെ ജപ്പാൻ–ദക്ഷിണ കൊറിയ ലോകകപ്പിലെ ബ്രസീൽ- ജർമനി ഫൈനൽ മത്സരം ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവില്ല. ആ ചരിത്ര പോരാട്ടം നിയന്ത്രിച്ചത് കൊളീന ആയിരുന്നു. മത്സരശേഷം ജേതാക്കളായ ബ്രസീൽ താരങ്ങൾ ഒപ്പുകളിട്ട് ഔദ്യോഗിക ഫൈനൽ മാച്ച് ബോൾ അദ്ദേഹത്തിന് സമ്മാനമായി നൽകി.


തുർക്കിയിലെ ഭാഗ്യതാരം


ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നെങ്കിലും തുർക്കിയിലുണ്ടായിരുന്ന ഫാൻ ബേസ് വളരെ സവിശേഷമായിരുന്നു. അതിനൊരു കൗതുകകരമായ കാരണവുമുണ്ട്. തുർക്കിയിലെ പ്രമുഖ ക്ലബ്ബുകളോ ദേശീയ ടീമോ പങ്കെടുത്ത, കൊളീന നിയന്ത്രിച്ച മത്സരങ്ങളിലൊന്നും അവർ തോറ്റിരുന്നില്ല. അതുകൊണ്ടുതന്നെ തുർക്കിഷ് ഫുട്ബോൾ പ്രേമികൾക്ക് അദ്ദേഹം വെറുമൊരു റഫറിയായിരുന്നില്ല, അവരുടെ വലിയൊരു ഭാഗ്യതാരം കൂടിയായിരുന്നു.


Pierluigi Collina.png


2002 ലോകകപ്പിന് ശേഷം ജപ്പാനിലും കൊളീനയ്ക്ക് അസാധാരണ ജനപ്രീതി ലഭിച്ചു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ലുക്ക് ജാപ്പനീസ് ആരാധകരെ വല്ലാതെ ആകർഷിച്ചു. പ്രശസ്തമായ ഒരു ജാപ്പനീസ് ഇൻസ്റ്റന്റ് ഭക്ഷണ ഉൽപന്നത്തിന്റെ പരസ്യത്തിൽ വരെ അദ്ദേഹം അക്കാലത്ത് മുഖം കാണിച്ചിരുന്നു.


കിറു കൃത്യം


ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായങ്ങളോ റീപ്ലേകളോ ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം കൃത്യതയോടെ തീരുമാനങ്ങൾ എടുത്തിരുന്നത്.

വെറുതെ വിസിലൂതുകയായിരുന്നില്ല കൊളീന. മത്സരത്തിന് മുൻപ് ഇരു ടീമുകളുടെയും കേളിശൈലിയും തന്ത്രങ്ങളും ആഴത്തിൽ പഠിക്കുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. പോരാത്തതിന് നാല് ഭാഷകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും കഴിഞ്ഞിരുന്നു.


Pierluigi Collina BOOK.jpg

'മൈ റൂൾസ് ഓഫ് ദി ഗെയിം '


ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്ത് കളിക്കളം അടക്കിഭരിച്ച കൊളീന, ഇന്ന് ഫിഫ റഫറീസ് കമ്മിറ്റി ചെയർമാനാണ്.

ഫുട്ബോളിലെ ആധുനിക മാറ്റങ്ങളായ വാർ (VAR), സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ മൈതാനങ്ങളിൽ വിജയകരമായി നടപ്പിലാക്കുന്നതിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം അദ്ദേഹമാണ്. തന്റെ സംഭവബഹുലമായ ഈ ഫുട്ബോൾ ജീവിതം മൈ റൂൾസ് ഓഫ് ദി ഗെയിം (Le Mie Regole del Gioco) എന്ന പേരിൽ ആത്മകഥയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home