എ രാമചന്ദ്രന്റെ പ്രിയ ചിത്രം ഇനി മോഹൻലാലിന് സ്വന്തം

ramachandran painting

എ രാമചന്ദ്രന്റെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് കൈമാറുന്നു

avatar
കൃഷ്ണപ്രിയ സി വി

Published on Oct 05, 2025, 03:45 PM | 2 min read

തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദരിച്ച ചടങ്ങിന്‌ മിഴിവേകി പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രന്റെ ‘ താമരക്കുളം’ പെയിന്റിംഗും. ചുമർചിത്ര കലയുടെയും മിനിയേച്ചർ പെയിന്റിം​ഗിന്റെ സാരാംശം ഉൾക്കൊണ്ട് രാമചന്ദ്രൻ വരച്ച ചിത്രമാണ് താമരക്കുളത്തിന്റെ ലോകം. മോഹൻലാലിന്‌ സമ്മാനിച്ച ഇ‍ൗ ചിത്രം ഇരു കലാകാരന്മാരോടുമുള്ള സർക്കാരിന്റെ ആദരവ് കൂടിയായി.


എ രാമചന്ദ്രന്റെ സ്‌മരണയ്‌ക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന്റെ തലേ ദിവസമാണ് പെയിന്റിം​ഗ് സമ്മാനിച്ചത് എന്നതും യാഥർശ്ചികമായി. മലയാള കലാലോകത്ത് പകരക്കാരനില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. അച്യുതൻ രാമചന്ദ്രൻനായർ എന്ന എ രാമചന്ദ്രൻ. കാഴ്ചക്കാരുടെ ഉള്ളിലേക്ക്‌ കഥ പറയുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നു എന്നതാണ് അദ്ദേ​ഹത്തെ ചിത്രകലയിൽ വേറിട്ടുനിര്‍ത്തുന്നത്.


RAMACHANDRAN

ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയില്‍ നിന്നുള്ള പഠനത്തിന് ശേഷം രാംകിങ്കര്‍ ബെയ്ജ്, നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി തുടങ്ങിയ പ്രശസ്തരുടെ കീഴിലായിരുന്നു പഠനം. പിന്നീടുള്ള രാമചന്ദ്രന്റെ ജീവിതത്തിന്റെ ഭാ​ഗമായി താമരക്കുളങ്ങൾ മാറി. പിന്നെ അവയെ കേന്ദ്രീകരിച്ചാണ് രാമചന്ദ്രന്‍ ചിന്തിച്ചതും വരച്ചതും. താമരക്കുളങ്ങൾ നിറഞ്ഞ രാജസ്ഥാനിലെ ഒബേശ്വർ, ബനേശ്വർ തുടങ്ങിയ പ്രദേശങ്ങളോട് വല്ലാത്ത ആത്മബന്ധം തന്നെ അദേഹത്തിനുണ്ടായിരുന്നു.

ജീവിതം അവസാനിക്കാറായെന്നും തന്റെ ചിത്രങ്ങളും ശില്‍പങ്ങളും പുസ്തകങ്ങളുമെല്ലാം കേരളത്തിന് നല്‍കണമെന്നും എ രാമചന്ദ്രന്‍ മുന്‍ സാംസ്കാരികമന്ത്രി എം എ ബേബിയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്തുതന്നെ അവ സര്‍ക്കാര്‍ ഏറ്റെടുത്തു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് എന്നിവര്‍ അദ്ദേഹത്തെ നേരില്‍ കണ്ട്‌ ചർച്ച നടത്തി. കേരളത്തിലേക്ക്‌ ശില്‍പങ്ങളും ചിത്രങ്ങളും കൊണ്ടുപോകും മുൻപ്‌ ഡല്‍ഹിയില്‍ 2023 ഒക്ടോബറിൽ ഒരു പ്രദര്‍ശനം നടത്തി. അന്ന് ഒത്തുകൂടിയവർക്കൊപ്പം വീല്‍ചെയറില്‍ എ രാമചന്ദ്രനും ഭാര്യ ചമേലിയും ചുറ്റിക്കറങ്ങി സന്തോഷം പങ്കിട്ടു. എ രാമചന്ദ്രന്‍ മ്യൂസിയത്തിന്‌ സാക്ഷിയാകാന്‍ അദ്ദേഹം ഇന്നില്ല എന്ന ദുഃഖം മാത്രം ബാക്കിയാകുന്നു.


ramachandran 3ഞായറാഴ്ച കൊല്ലത്ത് തുറക്കുന്ന എ രാമചന്ദ്രൻ മ്യൂസിയത്തിന്റെ ഉൾവശം


എ രാമചന്ദ്രന്‍ മ്യൂസിയത്തില്‍, രാമചന്ദ്രന്റെ സമഗ്ര കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രങ്ങള്‍ കൂടാതെ, അദ്ദേഹത്തിന്റെ പ്രശസ്തമായ ശിൽപ്പങ്ങളും സിറാമിക്കുകളും സ്റ്റാമ്പ് ഡിസൈനുകളും കുട്ടികള്‍ക്കായുള്ള ബുക്കുകളുമുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലാണ് മ്യൂസിയം. മെര്‍ച്ചന്റയിസിങ് അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 300 കോടി രൂപയിലധികം വിലമതിക്കുന്ന ചിത്രങ്ങളാണ്‌ മ്യൂസിയത്തിൽ ഒരുക്കുന്നത്‌. സംസ്ഥാന സർക്കാർ തുടക്കത്തിൽ ചെലവിട്ട ഒന്നേകാൽ കോടി രൂപ കൂടാതെ രാമചന്ദ്രന്റെ കുടുംബത്തിന്റെ മൂന്നരക്കോടി രൂപകൂടി ചെലവിട്ടാണ്‌ മ്യൂസിയം യാഥാർഥ്യമാക്കിയത്.


1969ലും 1973ലും ചിത്രകലയ്‌ക്കുള്ള ദേശീയപുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1993ല്‍ ഡല്‍ഹി സാഹിത്യ കലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍നിന്ന്‌ ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്കാരം, 2004 കേരള സര്‍ക്കാരിന്റെ പ്രഥമ രാജാരവിവര്‍മ പുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2005ല്‍ പത്മഭൂഷൺ നല്‍കി രാഷ്ട്രം ആദരിച്ചു. 2013ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു. 2018ല്‍ മധ്യപ്രദേശ് സര്‍ക്കാർ ഭാരത്‌ഭവന്‍ കാളിദാസ് സമ്മാന്‍ നല്‍കി. തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം 2003ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home