print edition കത്തുന്നയാഴിക്ക് ചുറ്റും അഴലിൻ കെട്ടുകത്തിച്ചവർ

കുടിയേറ്റ കർഷക കുടുംബങ്ങളോട് എ കെ ജി സംവദിക്കുന്നു
കെ ടി രാജീവ്
Published on Dec 07, 2025, 12:00 AM | 3 min read
‘നാം പിറന്ന മണ്ണും നല്ല പങ്കും കൈക്കരുത്തിനാൽ
കൈയടക്കിയോർ നിങ്ങൾ
കാട്ടുചോലയിലേക്കാട്ടിയോടിച്ചോർ നമ്മെ
നാട്ടു തന്പുരാക്കൾ നിങ്ങൾ
നെഞ്ചിൽ നെരിപ്പോടും ഒരുപാട് സ്വപ്നവും
കാരിരുന്പിൻ കരുത്തുമായ്, പ്രാണനെ കൈകളിൽ പിടിച്ച്
പടനിലം താണ്ടിയ പോരാളികൾ
നിലയൊരുക്കി, നിലപാടുതറയൊരുക്കി
സംസ്‌കാര കളമൊരുക്കിയവർ കുടിയേറ്റക്കാർ.’
നൂറ്റാണ്ടുകൾക്കുമുമ്പ് സമ്പന്നമായിരുന്ന പുരാതന സാംസ്കാരിക പൈതൃകം കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ അതിനുമുകളിൽ -പച്ചപിടിച്ച ആധുനിക കുടിയേറ്റമാണ് ഇടുക്കിയിലെ പുതിയ ജീവിതക്രമത്തിന് അടിത്തറപാകിയത്. ഇത്രയേറെ കർഷകരുടെ സംഘടിതമായ കുടിയേറ്റം ലോകചരിത്രത്തിൽത്തന്നെ ചരിത്രമാണ്. നിശ്ചിത കാലയളവിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടിയേറ്റം. ഇടുക്കിയുടെ ദുർഘടമായ ഗിരിനിരകളിലും മലഞ്ചരിവുകളിലും കുടിയേറ്റത്തിന്റെ അലയൊലികൾ തീർത്താണ് 20–-ാംനൂറ്റാണ്ട് പിറന്നത്. പൂർണമായും കുടിയേറ്റ ജില്ലയായ ഇടുക്കിയുടെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ വികാസത്തിന് അതിജീവന പോരാട്ടത്തിന്റെ ചരിത്രംകൂടി രേഖപ്പെടുത്താനുണ്ട്. ആ അതിജീവന പോരാട്ട–കുടിയേറ്റ ചരിത്രത്തിന് ഇതാ എൽഡിഎഫ് സർക്കാർ ആദ്യമായി ബഹുമാനം കൽപ്പിക്കുന്നു. അതിന്റെ ഭാഗമായാണ് ഇടുക്കിയിൽ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സർക്കാർ യാഥാർഥ്യമാക്കിയത്.
ആര്‍ച്ച് ഡാമിനുസമീപത്തായി നിര്‍മിച്ച കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് 2025 മെയ് 17ന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്ന് അഞ്ച് ഏക്കറിലാണ് വില്ലേജ്. 10 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസംവകുപ്പ് 2019ലാണ് അനുമതി നല്‍കിയത്. ഒന്നാംഘട്ടം അനുവദിച്ച മൂന്നുകോടിയുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടചരിത്രത്തിലേക്ക് വെളിച്ചംവീശുകയാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
കുടിയേറ്റത്തിന്റെ സ്വഭാവം
ഇടുക്കിയിലേക്കുള്ള ആധുനിക കുടിയേറ്റത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനസംഖ്യ, പ്രകൃതി, വിഭവങ്ങളുടെ ആവശ്യകത, രോഗം, പട്ടിണി, ജീവിതസൗകര്യങ്ങൾ തുടങ്ങിയവ കുടിയേറ്റവേഗം വർധിപ്പിച്ചു. പ്രധാനമായും പ്രകൃതിവിഭവ ലഭ്യത മുൻനിർത്തിയായിരുന്നു ആദിവാസി ഗോത്ര ജനവിഭാഗം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രയാണം നടത്തിക്കൊണ്ടിരുന്നത്. ജനസംഖ്യ ഉയർന്നപ്പോൾ കുടുംബങ്ങളുടെ എണ്ണം വർധിച്ചതിന് ആനുപാതികമായി കുടികളുടെ എണ്ണവും ഉയർത്തേണ്ടിവന്നു. ഹൈറേഞ്ചിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചരിത്രസ്മരണകളും സംഭവങ്ങളും പഴമക്കാരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.
വിവിധ ആവശ്യങ്ങളുടെയും കാരണങ്ങളുടെയും പശ്ചാത്തലത്തിൽ വ്യത്യസ്തഘട്ടങ്ങളിലും കാലങ്ങളിലും മലയോരത്തേക്കുള്ള കുടിയേറ്റം നിർബാധം തുടർന്നു. ആദിവാസി, തമിഴ് കുടിയേറ്റത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള കൂട്ടത്തോടെയുള്ള വരവ് ആരംഭിച്ചതോടെ ഇവിടെ കർഷകകുടിയേറ്റം തുടങ്ങി. 1930കളിൽ മെല്ലെ തുടങ്ങി 40 മുതൽ 55 വരെ സജീവമായി തുടർന്നുപോയി 1977 വരെ നീണ്ട കുടിയേറ്റം ജില്ലയുടെ സാമ്പത്തിക, സാംസ്കാരിക, പാരിസ്ഥിതിക, സാമൂഹിക ജീവിതചരിത്ര മേഖലകളെ രൂപപ്പെടുത്തുകയും ബാധിക്കുകയും ചെയ്തു.
ഇവിടത്തെ ജീവിതങ്ങളുടെ അധ്വാനസംസ്‌കാരത്തിന് വിയർപ്പിന്റെയും ചോരയുടെയും ഗന്ധമുണ്ട്, ത്യാഗത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും പാരമ്പര്യമുണ്ട്, കണ്ണീർ കുതിർന്ന ദുരിതകഥയുടെ ജീവിതമുണ്ട്, പ്രകൃതിയെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്‌ത ഒട്ടേറെ അനുഭവകഥയുണ്ട്. മൃഗങ്ങളുടെ ആക്രമണത്തിനിരയായും രോഗംവന്നും മരിച്ച നിരവധി സംഭവങ്ങളുണ്ട്. സർവോപരി സ്നേഹാധിഷ്‌ഠിത സാമൂഹ്യ ജീവിതക്രമവും അതിനുണ്ട്.
‘അതിജീവനത്തിനായി ഒരു ജനത
ഇൗ മണ്ണിൽ സിരകളിലാളിയ പന്തമായി
മലനിരകൾ, പ്രളയഗതി, ദുരിതവഴി
താണ്ടിയ പെരുവിരൽ കത്തിയ പന്തമായി.’

ചരിത്രത്തിന്റെ ഉള്ളുതുറന്ന്
കുടിയേറ്റ കർഷകന്റെ അർധകായരൂപമാണ് സ്‌മാരക വില്ലേജിന്റെ പ്രവേശനകവാടം. 36.5 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന കവാടത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. പാളത്തൊപ്പിയണിഞ്ഞ കർഷകന്റെ രൂപത്തിലുള്ള കവാടത്തിനുള്ളിൽ ഇരുവശങ്ങളിലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് കയറിയാൽ ആറിടങ്ങളിലായി വിവിധ ശിൽപ്പാവിഷ്‌കാരങ്ങൾ കാണാം.
കുടിയിറക്ക് സമരചരിത്രം
കുടിയേറ്റ കർഷക കുടുംബങ്ങളോട് എ കെ ജി സംവദിക്കുന്നതാണ് ആദ്യത്തെ ആവിഷ്‌കാരം. പാർലമെന്റിൽ പ്രതിപക്ഷനേതാവായ എ കെ ജിയുടെ ചുരുളി-–കീരിത്തോട്ടിലെ നിരാഹാരം രാജ്യമാകെ ശ്രദ്ധനേടി. ഇതോടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കുടിയിറക്കുസമരങ്ങൾ ശ്രദ്ധിക്കാനിടയായി. അത് അവസാനിപ്പിക്കാൻ ഇടപെടുകയും ചെയ്തു. കുടിയിറക്കുസമരങ്ങളിൽ കർഷകജനതയ്‌ക്കൊപ്പം നിലകൊണ്ട ഫാ. ജോസഫ് വടക്കൻ കുടുംബങ്ങളുമായി സംസാരിക്കുന്നതാണ് രണ്ടാമത്തെ ആവിഷ്‌കാരം. ഇടുക്കി പദ്ധതിക്കു മുന്നോടിയായി 1961ൽ അയ്യപ്പൻകോവിൽ മേഖലയിൽനിന്ന് രണ്ടായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കി. അമരാവതിയിൽ താൽക്കാലിക ടെന്റുകളിലേക്ക് മാറ്റിയപ്പോൾ ഫാ. വടക്കൻ പോരാട്ടങ്ങളുടെ മുന്നിൽ നിന്നു.
പ്രകൃതിയും ദുരന്തങ്ങളും
മനുഷ്യ–വന്യജീവി സംഘർഷം ആധുനികമായ സമസ്യയാണെങ്കിലും ആദ്യകാല കുടിയേറ്റക്കാർ ജീവിതം കരുപ്പിടിപ്പിച്ച ഘട്ടത്തിൽ മൃഗങ്ങളോട് ദിനവും മല്ലിടേണ്ടി വന്നിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിൻതലമുറക്കാരുടെ ഓർമകൾ വരച്ചുകാണിക്കുന്ന ശിൽപ്പാവിഷ്‌കാരമാണ് മൂന്നാമത്തേത്. ചെണ്ടകൊട്ടിയും തീപ്പന്തം കാണിച്ചും കാട്ടാനകളെ കൃഷിയിടങ്ങളിൽനിന്നും വാസസ്ഥലങ്ങളിൽനിന്നും ഓടിക്കുന്ന കാഴ്ചയാണ് ഒരുക്കിയത്. കലപ്പ ഉപയോഗിച്ച് നിലം ഒരുക്കുന്നതും നെല്ല് വിതയ്ക്കുന്നതും കുലച്ചുനിൽക്കുന്ന വാഴയുമൊക്കെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. ഇടുക്കി പലകാലങ്ങളിൽ നേരിട്ട പ്രകൃതിദുരന്തത്തിന്റെ അനുഭവമാണ് മറ്റൊരു സ്‌മാരകം. ഉരുൾപൊട്ടി മരിച്ചവരുടെ മൃതദേഹത്തിനരികിൽ വിലപിക്കുന്ന സ്ത്രീ, രക്ഷാപ്രവർത്തനം നടത്തുന്നവർ, കടപുഴകിയ മരങ്ങൾ, തകർന്ന വീടുകൾ, നായ്ക്കളും പൂച്ചകളും കന്നുകാലികളും തുടങ്ങി ദുരന്തമുഖത്തിന്റെ നേർക്കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
അതിജീവനം, അഭിമാനം
പ്രകൃതിയോടും പ്രതിസന്ധികളോടും പടപൊരുതി വിജയിച്ച ജനങ്ങളുടെ ജീവിത മാതൃകയാണ് അവസാനസ്‌മാരകം. വീടുകൾ, വ്യാപാരത്തിനായി കാളവണ്ടിയിൽ പോകുന്നവർ, പശുത്തൊഴുത്ത്, കലപ്പയുമായി പോകുന്ന കർഷകൻ, ഉരൽ ഉപയോഗിക്കുന്ന സ്ത്രീ, കളിക്കുന്ന കുട്ടി തുടങ്ങി ജീവിതാനന്ദത്തിന്റെ പല കാഴ്‌ചകൾ. കോൺക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിർമിച്ചിരിക്കുന്നത്.
‘മലനാടിൻ മണ്ണിൽ വിയർപ്പൂറ്റി മതേതര സൗഹൃദം വിളയിച്ച, ദൈവമേ’ എന്ന വിളികൊണ്ട് ദേവാലയം ഉള്ളിലൊതുക്കിയ, കത്തുന്നൊരാഴിക്ക് ചുറ്റുമിരുന്ന് അഴലിൻ കെട്ടുകത്തിച്ച് കനവുകണ്ട, കൂട്ടം പിഴച്ചാലൊന്ന് കൂകി വിളിക്കാനായി പേരിനായ് മാത്രം പേര് സൂക്ഷിച്ച, സോദരരായി കണ്ട കുടിയേറ്റ കർഷകർക്കും പൂർവ പിതാക്കൾക്കുമായൊരു ജനകീയ സർക്കാരിന്റെ ആദരം. ഇവിടെയാണ് ചരിത്രം പുനർജനിക്കുന്നത്.










0 comments