തിരക്കുതിപ്പിന്റെ പദയാത്രകൾ

മമ്മൂട്ടി | Photo Credit: FB/Mammootty

ഡോ.പ്രമോദ് പയ്യന്നൂർ
Published on Sep 07, 2026, 09:52 AM | 3 min read
ദേശഭാഷകളുടെ അതിരില്ലാത്ത കഥാപാത്ര പകർന്നാട്ടങ്ങളിലൂടെ കേരളീയരുടെ സാംസ്കാരിക പ്രതീകമായി മാറിയ പത്മഭൂഷൺ മമ്മൂട്ടിക്കിന്ന് പിറന്നാൾ. അഞ്ചര പതിറ്റാണ്ടായി അഭിനയ കലയുടെ ആഴപെരുക്കങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ അകംപുറം നിറയുന്ന അഭിനേതാവിനെ കുറിച്ച്, വിഖ്യാത ചലച്ചിത്രകാരൻ അടൂർ സാറിന്റെ വീട്ടിലെ ഒരു സർഗ്ഗാത്മക സംഭാഷണത്തിൽ ചോദിച്ചു. 'മതിലുകളും വിധേയനും പിന്നിട്ട് പദയാത്രയിലെത്തുന്നേരം മമ്മൂട്ടി എന്ന അഭിനേതാവിലേക്കുള്ള ദൂരമെത്ര?
'കാലവും പ്രായവും അഭിനയ രസതന്ത്രവും ഊതിക്കാച്ചിയെടുത്ത് മിനുക്കിക്കൊണ്ടേയിരിക്കുന്ന നടനാണ് മമ്മൂട്ടി'. നാലുകെട്ടിലെ നടുത്തളത്തിലൂടെ വെയിൽ കുളിച്ചുവന്ന കാറ്റ് വെള്ളിനൂൽ മുടിയിഴകൾ പറത്തിയ ഉണർച്ചയോടെ അടൂർ തുടർന്നു. 'ഞാൻ മുൻകൂട്ടി സ്ക്രിപ്റ്റ് വായിക്കുവാൻ നൽകുന്ന അപൂർവ്വം അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. പദയാത്രയിൽ മാനവ സ്നേഹത്തിന്റെ ആൾരൂപമായ ഡോക്ടർ കഥാപാത്രത്തെ അതീവഹൃദ്യതയോടെയാണ് അദ്ദേഹം സ്വാംശീകരിച്ചത്. കഥാപാത്രപഠനാർത്ഥം പദയാത്രയുടെയും തിരക്കഥ നൽകി. നടുത്തളത്തിൽ നിന്നും പിന്നെയും വിരുന്നെത്തിയ കാറ്റിന്റെ വിടർച്ചയിൽ, പുതിയസാക്ഷാത്ക്കാരത്തിന്റെ ആനന്ദം കൺചിരിത്തിളക്കമായ് നിറഞ്ഞു.അദ്ദേ ഹം തുടർന്നു. 'സത്യം പറഞ്ഞാൽ കൂടുതൽ ഒന്നും എനിക്കദ്ദേഹത്തോട് പറയേണ്ടി വന്നിട്ടില്ല. കഥാപാത്രത്തെ സ്വരൂപത്തിലേക്ക് ആവാഹിച്ച് അത്രയേറെ നിറയുന്നുണ്ട് അദ്ദേഹം പദയാത്രയിൽ.
എംടിയ്ക്കൊപ്പം മമ്മൂട്ടി
ചില നക്ഷത്രങ്ങൾ ഇങ്ങനെയാണ് രാപ്പകലുകളുടെ നിറഭേദങ്ങളിലും വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്നപോലെ പ്രകാശിച്ചു കൊണ്ടേയിരിക്കും. വരാനിരിക്കുന്ന ചലച്ചിത്ര പാഠപുസ്തകങ്ങളിലേക്ക് അഭിനയരസന്ത്ര ങ്ങൾ എഴുതി ചേർത്താണ് ഓരോ പിറന്നാൾ കാലത്തിനൊപ്പവും മമ്മൂട്ടി സർഗ്ഗയാത്ര തുടരുന്നത്. 1951 സെപ്റ്റംബർ 7 വൈക്കത്തിനരികിലെ ചെമ്പിൽ പിറന്ന പാണ പ്പറമ്പിൽ ഇസ്മായിൽ മുഹമ്മദ് കുട്ടി അഭിഭാഷകന്റെ ജാക്കറ്റിൽ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തി പൂവണിയിച്ചത് ലോക മാനവരാശിയുടെ ജീവിത ഋതുഭേദങ്ങളുടെ നേര വസ്ഥകളെയാണ്. അനുഭവങ്ങൾ പാളിച്ചകളിൽ തുടക്കം. യവനികയിലൂടെ നായകൻ. ഈ നാട്, മൃഗയ, 1921, ന്യൂഡൽഹി, ഒരു വടക്കൻ വീരഗാഥ യാത്ര,മതിലുകൾ വിധേയൻ, നിറക്കൂട്ട്, തനിയാവർത്തനം, പൊന്തൻമാട,ഡാനി, അംബേദ്കർ, ഭൂതക്കണ്ണാടി, സുകൃതം, ബാല്യകാലസഖി, നൻ പകൽ നേരത്ത് മയക്കം, കളങ്കാവൽ, ഭ്രമയുഗം തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സർഗ്ഗ പ്രയാണം. തമിഴ്, തെലുങ്ക്,കന്നട,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 400 ലധികം ചലച്ചിത്രങ്ങൾ. അഭിനയത്തിന്റെ അപൂർവതയ്ക്ക് നാലുതവണ തേടി എത്തിയ ദേശീയ പുരസ്കാരങ്ങൾ. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ, പത്മഭൂഷൺ ഇതിനെല്ലാമപ്പുറം ജനമനസ്സുകളിൽ ആഴത്തിൽ കൊത്തിവെച്ച ഒറ്റവിഗ്രഹ തിളക്കം. മമ്മൂട്ടി എന്ന നടൻ തിരക്കുതിപ്പിന്റെ സർഗ്ഗയാത്ര തുടരുകയാണ്.
കേരള, എംജി, കലിക്കറ്റ് സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകി ഈ അഭിനയ മികവിനെ ആദരിച്ചു. കൊട്ടിഘോഷിക്കാത്ത കാരുണ്യപ്രവർത്തനമുള്ള മനുഷ്യസ്നേഹി കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ടമമ്മൂക്ക. പാലിയേറ്റീവ് കെയർ സൊസൈറ്റി, പാവപ്പെട്ടവർക്ക് സൗജന്യ കണ്ണ് ചികിത്സ നൽകുന്ന 'കാഴ്ച' പദ്ധതി തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, ജനകീയ ചാനലായ കൈരളിയുടെ ചെയർമാൻ,'മമ്മൂട്ടി കമ്പനി' എന്ന പേരിൽ സ്വന്തമായ ചലച്ചിത്ര നിർമ്മാണം, ജനനന്മ ലക്ഷ്യമിട്ട ഒട്ടേറെ സർക്കാർ പദ്ധതികളുടെ ഗുഡ്‌വിൽ അംബാസിഡർ- എന്നിങ്ങനെ ഒരു ജന്മത്തിന്റെ ബഹുമുഖ സാന്നിധ്യങ്ങൾ.
ഇങ്ങനെ ഒരാൾ ലോകസിനിമയുടെ ചരിത്രത്തിലേക്ക് നടന്നുകയറുമ്പോൾ നമ്മളീ അപൂർവ്വതയെ തിരിച്ചറിയുന്നത് വർഷാന്തരങ്ങൾക്കപ്പുറത്താകാം.
അഭിനയശൈലിയിൽ ആഴത്തിലുള്ള ജീവിതനിരീക്ഷണവും ഓർമ്മകളും വികാരവിചാരങ്ങളും ഉള്ളറകളിലേക്ക് സ്വാംശീകരിക്കുന്ന മെത്തേഡ് ആക്ടിംഗ് ആണ് മമ്മൂക്കയ്ക്ക് പ്രിയം. ലോക ചലച്ചിത്രത്തിലെ വിഖ്യാത അഭിനേതാക്കളായ റോബർട്ട് ഡി നീറോ, അൽ പാച്ചീനോ, ആന്റണി ഹോപ്കിൻസ്, ഡാനിയേൽ ലേ ലീ വിസ് എന്നീ വിഖ്യാത അഭിനേതാക്കൾക്കൊപ്പം മലയാളത്തിന്റെ മമ്മൂക്കയും ഇടംനേടുന്ന കാലം വിദൂരമല്ല.
ഓരോരോ ചലച്ചിത്രങ്ങളിലും കഥാപാത്രാവിഷ്കാര ശൈലിക്ക് അർത്ഥയുക്തമായ മാനങ്ങൾ നൽകി സ്വയം പുതുക്കി മുന്നേറുന്ന സെൽഫ് മേഡ് ആക്ടിംഗിന്റെ പാഠപുസ്തകമാണ് മമ്മൂട്ടി എന്ന് പല വേളകളിൽ നമ്മൾ കണ്ടറിഞ്ഞു. കഥാപാത്രത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുവാനും വ്യത്യസ്ത പ്രായത്തിലും സ്വഭാവത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുമുള്ള റോബർട്ട് ഡിനേറോ, ശക്തമായ സംഭാഷണാവതരണവതരണത്തിലൂടെയും,മുഖഭാവങ്ങളിലൂടെയും വികാരങ്ങൾ പ്രകാശിപ്പിക്കുന്ന അൽപാച്ചിനോ,
കഥാപാത്രമായി പൂർണ്ണമായി മാറുന്ന സവിശേഷ അഭിനയശൈലിയുള്ള ഡാനിയൽ ഡേ ലീവിസ്, നിയന്ത്രിതവും സൂക്ഷ്മവുമായ നടനശൈലിയിലൂടെ സങ്കീർണ്ണമായ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന ആന്റണി ഹോപ്കിൻസ് എന്നീ അഭിനേതാക്കളുടെ സവിശേഷവും അപൂർവ്വവുമായ അഭിനയക്കരുത്ത് മമ്മൂട്ടി എന്ന നടന ഹെറിബ്രിയത്തിലുണ്ടെന്ന് കാലം തിരിച്ചറിഞ്ഞിട്ടുണ്ട്.
മമ്മൂട്ടി എന്ന നടൻ ഉന്നതലോകരാഷ്ട്രങ്ങളൊന്നിൽപിറന്നിരുന്നുവെങ്കിൽ അന്താരാഷ്ട്ര ചലച്ചിത്രമേഖലയിലെ പ്രഥമസ്ഥാനീയരിലൊരാളായി ലോകം അദ്ദേഹത്തെ വാഴ്ത്തുമായിരുന്നു അല്ലേ? എന്ന ചോദ്യത്തിന് മലയാളത്തിന്റെ പ്രിയനടൻ മധുസാർ പറഞ്ഞ മറുപടിയുണ്ട്; "ഭാഗ്യം മറ്റൊന്നാണ്, രാജ്യത്തിന്റെ അതിരുകളിൽ ഒതുക്കേണ്ടതല്ല അദ്ദേഹത്തിന്റെ പ്രതിഭ. ജീവിതം പോലെ അഭിനയത്തിലും സീരിയസ്അപ്രോച്ചുള്ളയാളാണ് മമ്മൂട്ടി. കഥാപാത്രത്തെ മനസ്സിലാക്കി,അഭിനയം ആസ്വദിച്ചു ചെയ്യുന്ന പ്രാതഭാശാലിയായ ഒരാൾ. ഇതിനാൽ തന്നെ ഭാഗ്യം സിദ്ധിച്ചത് നമ്മൾക്കാണ്.കാരണം ഇങ്ങനെ ഒരു ആർട്ടിസ്റ്റിനെ മലയാളത്തിന് കിട്ടിയതിൽ."
എംടിയുടെ രണ്ടാംമൂഴത്തെ അവലംബിച്ച് ഒരുക്കിയ ‘ഭീമത്തിന്റെ’ അരങ്ങ് ഭാഷയിൽനിന്ന്
അതെ, ലോക സിനിമയുടെ സിലബസിൽ മെയ്യഴകും മൊഴിയഴകും കൊണ്ട് കഥാപാത്രങ്ങളിലേക്ക് അർത്ഥപൂർണ്ണതയോടെ രൂപാന്തരം പ്രാപിച്ച് സിനിമയായ് മാറിയ ഒരാൾ. ഒറ്റ ഭാഷയും ഒറ്റ ശബ്ദവുമുള്ളവർക്കിടയിൽ, ബഹുസ്വരതകളും ദേശഭാഷകളും തന്റേതാക്കി മാറ്റുന്ന ഒരാൾ. മലയാളത്തിന്റെ പ്രാദേശിക വാമൊഴിവഴക്കങ്ങളെ ഇത്രയേറെ തനിമയോടെ വെള്ളിത്തിരയിലെത്തിച്ച അഭിനേതാക്കളും, പുതുമുഖ സംവിധായകരുടെ കൈപിടിച്ചുയർത്തി യവരും അപൂർവമാണ്. മെഗാസ്റ്റാർ എന്നതിനൊപ്പം മനുഷ്യസ്നേഹി എന്ന നിലയിലും മമ്മൂട്ടി എന്ന മനുഷ്യൻ ഇന്നും തെളിഞ്ഞു കത്തുന്നു.
അനശ്വരനായ എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ മൾട്ടിമീഡിയ അവതരണമായ 'ഭീമ'-ത്തിന്റെ അവതരണം കഴിഞ്ഞ്, ഭീമന്റെ വേഷത്തിൽ എം.ടിയുടെ അരികിലെത്തിയ മമ്മൂട്ടി എന്ന നടനേ തിഹാസത്തിന്റെ ശിരസ്സിൽ വെച്ചനുഗ്ര ഹിച്ച്, ഗുരുതുല്യനായ എം.ടി. പറഞ്ഞ വാക്കുകൾ ഈ പിറന്നാൾ ദിനത്തിൽ പ്രതിദ്ധ്വനി പോലെ ഓർമ്മയിലെത്തുന്നു: "എന്നും തെളിഞ്ഞു കത്തണം, കുന്നത്തുവെച്ച വിളക്കുപോലെ...









0 comments