കേരളം മറക്കില്ല ആരോഗ്യമേഖല വെന്റിലേറ്ററിലായ യുഡിഎഫ് കാലം


റഷീദ് ആനപ്പുറം
Published on Feb 21, 2026, 07:47 PM | 5 min read
തിരുവനന്തപുരം : കേരളം ഐസിയുവിൽ എന്നൊരു വാർത്ത നിങ്ങൾ ഓർക്കുന്നുണ്ടോ? പത്ത് വർഷം മുമ്പ്. കൃത്യമായി പറഞ്ഞാൽ 2015ൽ. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോഗ്യ മന്ത്രി വി എസ് ശിവകുമാർ. അന്നത്തെ പ്രധാന വാർത്തയായിരുന്നു അത്. രോഗികൾ ആശുപത്രി വരാന്തയിൽ, സർക്കാർ ആശുപത്രിയിൽ മരുന്നില്ല, കൊച്ചി കാൻസർ സെന്റർ ജലരേഖയായി.... അങ്ങനെ പോകുന്നു യുഡിഎഫ് കാലത്തെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ. എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കുമെന്ന് പറഞ്ഞ ഒരു മഹാമന്ത്രിയും നമുക്കുണ്ടായിരുന്നു. പേര് അടൂർ പ്രകാശ്. ഉമ്മൻചാണ്ടി സർക്കാരിൽ കുറച്ചു കാലം ആരോഗ്യ മന്ത്രിയായിരുന്നു. കുറ്റം പറയരുതല്ലൊ, ഇൗ പ്രഖ്യാപനം നടത്തി തൊട്ടടുത്ത ദിവസം മറ്റൊരു വാർത്ത നമ്മൾ വായിച്ചു. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാൻ മന്ത്രിക്ക് കോഴ നൽകാനായി ആയിരത്തോളം ഡോക്ടർമാരിൽനിന്ന് 10 കോടി രൂപ പിരിവെടുത്തതായ വാർത്ത.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലായിരുന്നു. സ്വകാര്യ ആശുപത്രി ലോബിയുമായി ആരോഗ്യ മന്ത്രിക്കുള്ള അവിഹിത ബന്ധമായിരുന്നു സർക്കാർ ആരോഗ്യ മേഖലയുടെ തകർച്ചക്ക് പ്രധാന കാരണം. അങ്ങനെ യുഡിഎഫ് തകർത്ത ഇൗജിയൻ തൊഴുത്തിനെ ശരിയാക്കി, ഇന്ന് ലോകത്തിന് മാതൃകയായ ആരോഗ്യമേഖലയാക്കി എൽഡിഎഫ് സർക്കാർ. കോവിഡും നിപയും അതിജീവിച്ച നമ്മുടെ ആരോഗ്യ മേഖല ഇന്ന് ലോകോത്തര നിലവാരമുള്ളതാണ്. ലോകം അത്ഭുതത്തോടെ നോക്കികണ്ട കേരള മോഡൽ വികസനത്തതിന്റെ പ്രധാന സൂചിക പൊതുജനാരോഗ്യ മേഖലയിൽ, വിശേഷിച്ച് മാതൃ–ശിശു മരണ നിരക്കിൽ നമ്മൾ കൈവരിച്ച കുറവ് അനുപാതമാണ്. ഇൗ മേഖലയിൽ ഉൾപ്പെടെ കേരളം ഇന്നും നേട്ടം നിലനിർത്തുന്നു.
അഞ്ച് വർഷം, ആശ്രയിച്ചത് 50 ലക്ഷം പേർ
കേരളത്തിലെ സർക്കാർ ആശുപത്രിയിൽ അഞ്ച് വർഷത്തിനിടെ 50 ലക്ഷം പേർ ചികിത്സ തേടിയ നാടിന്റെ പേരാണ് കേരളം. ഇതിൽ 24.78 ലക്ഷം പേർക്ക് 8425 കോടിയുടെ സൗജന്യ ചികിത്സയും നൽകി. മെഡിസെപ്, കാരുണ്യ തുടങ്ങിയ പദ്ധതി വഴിയാണ് ഇത്. കഴിഞ്ഞ 4 വർഷവും ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരവും തുടർച്ചയായി കേരളത്തിനാണ്. അഞ്ച് വർഷത്തിനിടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ തേടിയെത്തിയത് 50 ലേറെ അംഗീകാരങ്ങളാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരും ആരോഗ്യ വകുപ്പും മുഖ്യമന്ത്രിയും മന്ത്രിയും നടത്തിയ ജനകീയ ഇടപെടലിന്റെയും കരുതലിന്റേയും ഭാഗമാണ് ഇൗ നേട്ടം.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തെ തേടി ഒന്നാം സ്ഥാനം എത്തി. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനമാണ് നമ്മുടേത്. അമേരിക്കയേക്കാളും കുറഞ്ഞ ശിശുമരണ നിരക്കിൽ കേരളമെത്തി. പാലിയേറ്റീവ് കെയർ രംഗത്ത് വിജയകരമായ മാതൃകയാണ് കേരളത്തിന്റേതെന്ന് ലോകാരോഗ്യ സംഘടന തന്നെ അഭിനന്ദിച്ചു. ദേശീയ നീതി ആയോഗ് സുസ്ഥിര വികസന സൂചിക പൊതുജനാരോഗ്യരംഗത്ത് കേരളം ഒന്നാമതായി തുടരുകയാണ്. അടിസ്ഥാന സൂചികകളായ ഏറ്റവും കുറവ് മാതൃ, ശിശുമരണനിരക്കുള്ള ഇടമായി തുടരുന്നു എന്ന് മാത്രമല്ല ദേശീയ കുടുംബാരോഗ്യ സർവേകളിൽ നമ്മുടെ നിരക്കുകൾ നാം തുടർച്ചയായി മെച്ചപ്പെടുത്തുന്നുണ്ട്.
യുഡിഎഫിന്റെ 2011–2016 കാലത്തെ ആരോഗ്യ മേഖലയെ പോലെയല്ല ഇന്ന്. നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോട് കൂടി കൂടുതൽ മികവുറ്റതും ജനകീയമാക്കി ഇന്ന് ചികിത്സ. റോബോട്ടിക് സർജറി, പൂർണമായി ചലന ശേഷി നഷ്ടപ്പെട്ടവർക്ക് ചലന ശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജി ഗൈറ്റർ, ബ്ലഡ് ബാഗ് ട്രീസബിലിറ്റി എന്നിവ ഇതിൽ ചിലത് മാത്രം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അപൂർവ രോഗങ്ങൾക്കുള്ള സൗജന്യ മരുന്ന് വിതരണം, കാൻസർ മരുന്നുകൾ ഏറ്റവും വിലകുറച്ച് നൽകുന്ന കാരുണ്യ സ്പർശം കൗണ്ടറുകൾ തുടങ്ങിയവയും കേരളത്തിന്റെ മേന്മയാണ്.
മറക്കുമോ ബോർഡ് തൂക്കിയ കാലം
യുഡിഎഫ് സർക്കാർ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുമ്പിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് തൂക്കി ജനങ്ങളെ പച്ചക്ക് പറ്റിച്ച കാലം ഓർമയില്ലേ. മഞ്ചേരിയിൽ ഗവ. മെഡിക്കൽ കോളേജ് ഒരു സൗകര്യവും ഒരുക്കാതെ ആരംഭിച്ച കാലവും. അന്ന് മെഡിക്കൽ കൗൺസിലിന്റെ പരിശോധന സമയത്ത് മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്ന് ഡോക്ടർമാരെ എത്തിച്ചായിരുന്നു ഗിമ്മിക്ക് കളിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ വന്നതോടെ ആവശ്യത്തിന് തസ്‌തിക അനുവദിച്ചു.

ഇന്ന് കേരളത്തിലെ മികച്ച സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് മഞ്ചേരിയിലേത്. യുഡിഎഫ് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ചപ്പോൾ എൽഡിഎഫ് സർക്കാർ നാല് മെഡിക്കൽ കോളേജുകൾക്കാണ് അനുമതി വാങ്ങി ആരംഭിച്ചത്. കോന്നി, കാസർകോട്, വയനാട്, ഇടുക്കി മെഡിക്കൽ കോളേജുകൾക്ക്. 21 നഴ്‌സിംഗ് കോളേജുകൾ ആരംഭിച്ചു. ഇന്ന്‌എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്‌സിംഗ് കോളേജുമുള്ള ഏക സംസ്ഥാനമാണ് കേരളം.
മാതൃകയായി ഏകാരോഗ്യ പദ്ധതി
പകർച്ചവ്യാധി പ്രതിരോധത്തിനായി ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി, മൃഗാരോഗ്യം, പൊതുജനാരോഗ്യം എന്നിവയെ കൂട്ടിയിണക്കി ഏകാരോഗ്യം പദ്ധതി നടപ്പിലാക്കിയത് കേരളമാണ്. ലോകം ഇന്ന് നേരിടുന്ന രോഗാണുക്കളുടെ ആന്റിബയോട്ടിക് അതിജീവനം (എഎംആർ) എന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടുന്നതിനുള്ള മാതൃകയായി കേരളത്തിലെ പ്രവർത്തനങ്ങൾ മാറിക്കഴിഞ്ഞു. അതീവ പ്രഹരശേഷിയുള്ള നിപ രോഗത്തെപ്പറ്റി പഠിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ആൻഡ് റസീലിയൻസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിന് അമേരിക്കൻ ഐക്യനാടുകളിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ (കെസിഡിസി) മാതൃകയിൽ രൂപീകരിച്ച കേരള സിഡിസി നമ്മുടെ അഭിമാനമാണ്. ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഏകീകൃത പൊതുജനരോഗ്യ നിയമം നിലവിൽ വന്നതും 2023 ലാണ്. രാജ്യത്ത് ആദ്യമായി അവയവ മാറ്റ ശസ്‌ത്രക്രിയക്കായി കോഴിക്കോട് പ്രത്യേക കേന്ദ്രം ആരംഭിച്ചു.

സ്വകാര്യ മേഖലയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്നതാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇന്ന് നമ്മുടെ സർക്കാർ മെഡിക്കൽ കോളേജിൽ ഇവ സൗജന്യമായോ ഏറ്റവും മിതമായ നിരക്കിലോ ആണ് ഇത് ചെയ്യുന്നു. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരംഭിച്ച ഇൗ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലും നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ താമസിയാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കും.
രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാൻ എറണാകുളം ജനറൽ ആശുപത്രി മാറി. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ കാത്ത്‍ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റും ഇന്റർവെൻഷൻ ന്യൂറോളജിയും സജ്ജമാക്കി. ഇവിടെ സ്‌കിൻ ബാങ്കും സ്ഥാപിച്ചു. ഇവിടത്തെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. സർക്കാർ മേഖലയിൽ ആദ്യമായി എസ്എംഎ ക്ലിനികും ഇവിടെ സ്ഥാപിച്ചു. ക്രിട്ടിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, ഫീറ്റൽ മെഡിസിൻ എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങൾ ആരംഭിച്ചു.

അപൂർവരോഗ പരിചരണം വലിയ സാമ്പത്തിക ബാധ്യയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കാനായി ആരോഗ്യ വകുപ്പ് കെയർ (KARe: Kerala United Against Rare Diseases) പദ്ധതി നടപ്പിലാക്കി. അപൂർവരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിർണായക ചുവടുവയ്പ്പാണിത്. അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ വിദേശത്ത് നിന്നും ഉൾപ്പെടെ എത്തിക്കാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ്, ഗ്രോത്ത് ഹോർമോൺ തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതി എന്നിവയും നടപ്പിലാക്കുന്നു. അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്എടി. ആശുപത്രിയെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവർഷം കോടികൾ ചെലവു വരുന്ന എസ്എംഎ തുടങ്ങിയ അപൂവ രോഗങ്ങൾക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂർവമാണെങ്കിലും ചികിത്സ അപൂർണമാകരുത് എന്നതാണ് ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8800ലധികം കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകി. കുഞ്ഞുങ്ങളിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രതീക്ഷ പദ്ധതി ആരംഭിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം (ബ്രെയിൻ തീനി അമീബയിൽ നിന്നുണ്ടാകുന്നത്) മൂലം ആഗോളതലത്തിൽ മരണനിരക്ക് 97 ശതമാനം ആകുമ്പോൾ കേരളത്തിൽ അത് 25 ശതമാനം മാത്രമാണ്. കാരണം ഏർലി ഡിറ്റക്ഷൻ: രോഗം ആദ്യം കണ്ടുപിടിക്കുന്നു. ചികിത്സിക്കുന്നു. വിദഗ്ധ കമ്മറ്റി രൂപീകരിച്ച് രോഗനിർണയത്തിന് ഗൈഡ് ലൈൻ ഇറക്കി. ചികിത്സയ്ക്ക് പ്രോട്ടോക്കോളും. മരുന്ന് ലഭ്യത ഉറപ്പാക്കി. ചികിത്സ സൗകര്യം കേരളത്തിൽ ഒരുക്കി.

നിപ രോഗബാധയിൽ മരണനിരക്ക് ലോകത്ത് ആദ്യമായി 33 ശതമാനമായി കുറച്ച് കേരളം. 2023ൽ ആഗോള നിപ മരണനിരക്ക് 70നും 90 നും ഇടയിൽ. സർക്കാർ ചെയ്തത് പരിശോധന സൗകര്യം കേരളത്തിൽ ഒരുക്കുകയും പരിശീലനം നൽകുകയും ചെയ്തു. പരിശോധന ലാബ് സൗകര്യം വികേന്ദ്രീകരിച്ചു. രോഗം കണ്ടുപിടിക്കാൻ പ്രത്യേകം ഗൈഡ് ലൈൻ ഇറക്കി. ആന്റി വൈറൽ മരുന്ന് ലഭ്യത ഉറപ്പാക്കി. ഏറ്റവും അധികം ഭീഷണിയായ കോവിഡ് രണ്ടാം തരംഗത്തെയും മൂന്നാം തരംഗത്തെയും ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനായി. ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കാതെ ലോക്ക് ഡൗൺ ഒഴിവാക്കിയുള്ള സ്ട്രാറ്റജിയാണ് സംസ്ഥാനം ആവിഷ്‌കരിച്ചത്. ഫലപ്രദമായ സൗജന്യ വാക്‌സിനേഷൻ രാജ്യത്തിന് തന്നെ മാതൃകയായി. ഏറ്റവും അവസാനം കോവിഡ് മരണനിരക്ക് കൃത്യമായി കേരളം രേഖപ്പെടുത്തി എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തി സർക്കാർ ആശുപത്രികളെ സാധാരണക്കാരന്റെ ആശ്രയകേന്ദ്രം ആക്കുന്നതിനൊപ്പം ഭാവിയെ മുന്നിൽക്കണ്ട് ആരോഗ്യ മേഖലയെ വികസിപ്പിക്കാനും സർക്കാർ ഉൗന്നൽ നൽകി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കൊണ്ടുവരാൻ ഈ കാലയളവിൽ നമുക്ക് സാധിച്ചു. മികച്ച സംവിധാനങ്ങൾ ഒരുക്കിയതിന്റെ ഫലമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു.











0 comments