ad
Deshabhimani

റാമ്പിന് അകത്തും പുറത്തും തിളങ്ങുന്ന 'മാലിന്യങ്ങൾ'; ഹാനയുടെ അപ്‌സൈക്ലിംഗ് ഫാഷനെ സ്വീകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷനും

fashion.
വെബ് ഡെസ്ക്

Published on Jan 01, 2026, 11:39 AM | 2 min read

കൊച്ചി: ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുകയോ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയോ ചെയ്യുന്നവരാണ് നമ്മൾ. നിറം മങ്ങിയതിന്റെയോ പിഞ്ചി തുടങ്ങിയതിന്റെയോ പേരിൽ അടുക്കളയിലേക്ക് വരെ ഒരിക്കൽ പ്രിയപ്പെട്ടതായിരുന്നവ ഓരോന്നായി എത്താം.


വലിച്ചെറിയപ്പെട്ട തുണികൾ ഉപയോഗിക്കപ്പെടുന്നിടത്താണ് അപ്‌സൈക്ലിംഗ് ഫാഷന്റെ സ്ഥാനം. മലയാളി അധികം കേൾക്കാത്ത വാക്കിനെയും മാറുന്ന കാലത്തെയും അടയാളപ്പെടുത്താനാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെയും ശ്രമം. കേരളത്തിലെ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കളമശ്ശേരിയിലുള്ള കേരള സ്റ്റാർട്ട് അപ്പ് മിഷൻ ക്യാമ്പസിൽ നടന്ന പരിപാടിയിലാണ് ഹാനയുടെ ഷോ ശ്രദ്ധ നേടിയത്.


സാധാരണ ഫാഷൻ ഷോകൾ റാംപിൽ തുടങ്ങി റാംപിൽ തന്നെ അവസാനിക്കുമ്പോൾ റാംപ് ഇല്ലാതെ കാണികളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഹാനയുടെ വസ്ത്രങ്ങൾ. ഉപേക്ഷിക്കപ്പെട്ടതും തള്ളിക്കളഞ്ഞതുമായ വസ്ത്രങ്ങളിൽ നിന്നും ഹാന രൂപകൽപന ചെയ്തെടുത്ത അഞ്ച് വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെയാണ് ദി വെയിറ്റ് വി കാരി കാണികളെ കൊണ്ട് പോവുന്നത്. അലമാരയിൽ തിങ്ങിനിറഞ്ഞ് പുറത്തേക്ക് ചാടുന്ന വസ്ത്രക്കൂമ്പാരങ്ങളെ ഓർമ്മിപ്പിക്കുന്ന വസ്ത്രമാണ് ആദ്യം കാണികളിലേക്കെത്തുന്നത്. ഷോ അവസാനിക്കുന്ന വസ്ത്രമെത്തുമ്പോൾ ഉപേക്ഷിക്കാറായ വസ്ത്രങ്ങളിൽ നിന്നും മറ്റൊരു തനതായ വസ്ത്രം തയ്യാറാക്കെപ്പെടുന്നു. ഉത്തരാധുനിക രൂപകല്പനകളിലൂടെ വളരെയധികം കാലികപ്രസക്തമായ വിഷയമാണ് ഹാന കാണികളോട് സംസാരിക്കുന്നത്.


fashion1.

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച 'എല്ലാം അണ്ടർ ദി സൺ' എന്ന ഇൻഡി ഫെസ്റ്റിവലിൽ നിന്ന്


ഫാസ്റ്റ് ഫാഷൻ കാലഘട്ടത്തിന് മുൻപ് കാലാവസ്ഥക്ക് അനുസരിച്ച് സീസണലായി മാത്രം മാറിക്കൊണ്ടിരുന്ന ഫാഷൻ ട്രെൻഡുകൾ ഇന്ന് മാസത്തിൽ പല തവണ മാറുന്നു. ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ വിൽക്കുന്നതിനായി ഉയർന്നു വന്ന ത്രിഫ്റ്റിങ് ഇപ്പോൾ കേരളത്തിൽ അടക്കം സജീവമാണ്. അത്രത്തോളം വസ്ത്രങ്ങളാണ് ട്രെൻഡ് തീരുന്നതിനൊപ്പം പുതുമോടിയോടെ തന്നെ തള്ളിക്കളയപ്പെടുന്നത്. വസ്ത്രങ്ങളുടെ ഗുണനിലവാരത്തെയും ഈ ട്രെൻഡ് വളരെയധികം ബാധിച്ചിരിക്കുന്നു. മുൻപ് കാലങ്ങളോളം കേടു കൂടാതെ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരുന്നു പതിവ്. അതുപോലെ തന്നെ ഗുണനിലവാരമുള്ള വസ്ത്രങ്ങളും ലഭ്യമായിരുന്നു. എന്നാൽ ഇന്ന് ട്രെൻഡ് മാറുന്നതോടൊപ്പം ഉപേക്ഷിക്കപ്പെടാൻ തയ്യാറായി ഗുണനിലവാരമില്ലാത്ത വസ്ത്രങ്ങളും വിപണിയിൽ നിറയുന്നു. വസ്ത്രങ്ങൾ മാത്രമല്ല, അതിനോടൊപ്പം വരുന്ന ആക്സസറികളും ഇതേ പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നത്.


മലിനീകരണം ഉണ്ടാക്കുന്ന ഇന്ഡസ്ട്രികളിൽ രണ്ടാം സ്ഥാനമാണ് ഇന്ന് ഫാഷൻ ഇൻഡസ്ട്രിക്ക് ഉള്ളത്. സ്പേസിൽ നിന്ന് നോക്കിയാൽ പർവ്വതനിരകൾ എന്ന് തോന്നുന്ന തരത്തിലുള്ള വസ്ത്രക്കൂമ്പാരങ്ങൾ ഇന്തോനേഷ്യ പോലെയുള്ള പല രാജ്യങ്ങളെയും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകജനസംഖ്യക്ക് മുഴുവൻ കലാകാലങ്ങളോളം ധരിക്കാനുള്ള വസ്ത്രങ്ങളേക്കാൾ എത്രയോ ഇരട്ടി ഇപ്പോൾ തന്നെ ഈ ലോകത്തുണ്ട്. എന്നാൽ ഈ മേഖലയിലുള്ള നിർമ്മാണവും ഉപഭോഗവും ദിനം പ്രതി കൂടുകയല്ലാതെ കുറയുന്നില്ല. ഈ സാഹചര്യം പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം അനിയന്ത്രിതമായിക്കഴിഞ്ഞു.


story.j

ഹാന


മാറുന്ന സീസണുകൾക്കനുസരിച്ച് ഫാഷനിലും സ്റ്റൈലിങ്ങിലും വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ മുന്നോട്ട് പോകാനുള്ള വലിയ ആശയമാണ് ഹാന മുന്നോട്ട് വക്കുന്നത്. എത്ര തന്നെ ശ്രമിച്ചാലും ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഒരാൾക്കും ഒരു പരിധിക്കപ്പുറം വേറിട്ട് നിൽക്കാൻ സാധ്യമല്ല. എന്നാൽ നിങ്ങളുടെ സ്വന്തം സങ്കല്പങ്ങൾക്കനുസരിച്ച് അപ്സൈക്കിൾ ചെയ്‌തെടുക്കുന്ന വസ്ത്രങ്ങൾ എല്ലാം കൊണ്ടും വേറിട്ടതായിരിക്കും. ഇത്തരത്തിൽ ഓരോരുത്തരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും പരമാവധി ഉയർത്തികൊണ്ട് വരാൻ കൂടിയാണ് ഹാന ശ്രമിക്കുന്നത്.


fashion2

ഹാന ആൻഡ് ടീം


വേണ്ട സാമ്പത്തിക പിന്തുണ ഇല്ലാതെയാണ് ഹാന ഇതിന് ഇറങ്ങിത്തിരിച്ചത്. എന്നാൽ ഒരുപോലെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിലൂടെ ഹാനയെ തേടിയെത്തി. രണ്ടാഴ്ച്ചയോളം ഇരുപതോളം പേർ രാവും പകലും ഒന്നിച്ച് അധ്വാനിച്ചതിന്റെ ഫലമാണ് ഹാനയുടെ ഷോ. ഇങ്ങനെയൊരു ടീമിനെ ലഭിച്ചില്ലായിരുന്നെങ്കിൽ ഈ സ്വപ്നം സ്വപ്നമായിത്തന്നെ തുടർന്നേനെ എന്നാണ് ഹാന പറയുന്നത്. ഒന്നും പ്രതീക്ഷിക്കാതെ ഇത്ര ദിവസങ്ങൾ ഹാനയോടൊപ്പം നിന്നവരിൽ കൊല്ലം മുതൽ കാസർഗോഡ് വരെ പല ജില്ലകളിൽ നിന്നുള്ളവരുമുണ്ട്. ഇതേ ടീമിനൊപ്പം ഇനിയും പലതും ചെയ്തെടുക്കാനാകും എന്ന പ്രതീക്ഷയിലാണ് ഹാന. ഇത്തരമൊരു അവസരം ഒരുക്കി തന്നതിന് കേരള സ്റ്റാർട്ട് അപ്പ് മിഷനോടും പരിപാടി സംഘടിപ്പിച്ച കൃതിക കൗളിനോടും ഹാന നന്ദി അറിച്ചാണ് ഹാന വേദി വിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home