ad
Deshabhimani

ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ലെൻസ്; രഘുറായ് എന്ന വിസ്മയം

raghurai

ചിത്രം കടപ്പാട്: raghurai.official/Instagram

avatar
കൃഷ്ണപ്രിയ സി വി

Published on Apr 26, 2026, 01:33 PM | 2 min read

തിരുവനന്തപുരം: വാക്കുകൾക്ക് അതീതമായ ഒരു ലോകം തന്റെ ലെൻസിനു പിന്നിലുണ്ടെന്ന് കാണിച്ചുതന്ന മാന്ത്രികൻ. രഘുറായിയുടെ ഓരോ ചിത്രവും ഇന്ത്യയുടെ ആത്മാവിലേക്കുള്ള തുറന്ന ജാലകങ്ങളായിരുന്നു. ഭോപ്പാലിലെ വിങ്ങുന്ന ഓർമ്മകൾ മുതൽ മദർ തെരേസയുടെ സ്നേഹസ്പർശം വരെ ആ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ പിറന്നത്, കാലത്തിന് മായ്ക്കാനാവാത്ത ചരിത്രരേഖകളാണ്. ഫോട്ടോഗ്രാഫി എന്നത് വിരലുകൾ കൊണ്ട് അമർത്തുന്ന ഒരു ക്ലിക്കല്ല, മറിച്ച് ആത്മാവ് കൊണ്ട് തൊട്ടറിയേണ്ട ഒന്നാണെന്ന് രഘുറായ് നമ്മെ പഠിപ്പിച്ചു.



ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച അദ്ദേഹത്തിന്റെ കറുപ്പും വെളുപ്പും ചിത്രങ്ങൾ ഇന്നും കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്നവയാണ്. മദർ തെരേസയിൽ തുടങ്ങി സാധാരണക്കാരുടെ നിത്യജീവിതം വരെ നീളുന്ന ഇന്ത്യയുടെ വൈവിധ്യം അദ്ദേഹം, തന്റെ ഫ്രെയിമുകളിൽ ഒളിപ്പിച്ചു. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന ബഹുമതിയും രഘുറായിക്കാണ്. മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും മുൻപേ 'സെയ്ന്റ് മദർ' എന്ന പുസ്തകം അദ്ദേഹം പുറത്തിറക്കി. ഭോപ്പാൽ വാതക ദുരന്ത പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് 'എക്‌സ്‌പോഷർ, എ കോർപറേറ്റ് ക്രൈം' എന്ന പേരിൽ പുസ്തകവും അദ്ദേഹം പുറത്തിറക്കി.


1965ൽ തന്റെ 23-ാം വയസിലാണ് രഘുറായ് ഫോട്ടോ​ഗ്രാഫിയുടെ വഴിയെ സഞ്ചരിച്ചു തുടങ്ങിയത്. 'ദി സ്റ്റേറ്റ്‌സ്‌മാൻ', 'സൺഡേ' മാസിക, 'ഇന്ത്യ ടുഡേ' തുടങ്ങിയ മാധ്യമങ്ങളിൽ പിക്ചർ എഡിറ്ററായും ഫോട്ടോഗ്രാഫറായും സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം ലെൻസിലാക്കിയ രഘുറായ് ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർക്ക് ഇന്നും വലിയ പ്രചോദനമാണ്. 1977ൽ ലോകപ്രശസ്ത ഫോട്ടോഗ്രഫിക് ഏജൻസിയായ 'മാഗ്നം ഫോട്ടോസി'ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തം.


ബംഗ്ലാദേശ് അഭയാർത്ഥികൾ, യുദ്ധം-കീഴടങ്ങൽ എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങൾക്ക് 1972ൽ രാജ്യം 'പത്മശ്രീ' പുരസ്കാരം നൽകി ആദരിച്ചു. നാഷണൽ ജിയോഗ്രഫിക്കിൽ പ്രസിദ്ധീകരിച്ച "ഹ്യൂമൻ മാനേജ്‌മെന്റ് ഓഫ് വൈൽഡ് ലൈഫ് ഇൻ ഇന്ത്യ" എന്ന സ്റ്റോറിക്ക് 1992ൽ അമേരിക്കയിൽ "ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ" ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് 'ഓഫീസർ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ്' (Officier des Arts et des Lettres) ബഹുമതി നൽകി ആദരിച്ചു. നിരവധി തവണ രഘുറായ് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ ശബരിമല സന്നിധാനത്തെത്തുകയും തീർഥാടനപാതയിലെ കാഴ്ചകൾ തന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു. 2023 മാര്‍ച്ച് 24ന് കേരള മീഡിയ അക്കാദമി ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.



ടൈം, ലൈഫ്, ജിയോ, ലെ ഫിഗാരോ, ലെ മോണ്ടെ, ഡൈ വെൽറ്റ്, ദി ന്യൂയോർക്ക് ടൈംസ്, സൺഡേ ദി ടൈംസ്-ലണ്ടൻ, ന്യൂസ്‌വീക്ക്, വോഗ്, ജിക്യു, ഡി മാഗസിൻ, മേരി ക്ലെയർ, ദി ഇൻഡിപെൻഡന്റ്, ദി ന്യൂയോർക്കർ തുടങ്ങി ലോകത്തിലെ പ്രമുഖ മാസികകളിലും പത്രങ്ങളിലും തയാറാക്കിയ ഫോട്ടോ എസ്സേകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആംസ്റ്റർഡാമിലെ വേൾഡ് പ്രസ് ഫോട്ടോ മത്സരത്തിലും യുനെസ്കോയുടെ അന്താരാഷ്ട്ര ഫോട്ടോ മത്സരത്തിലും രഘുറായ് പലതവണ ജൂറി അംഗമായിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



2010 ൽ അദ്ദേഹം സ്ഥാപിച്ച 'ദി റഘു റായ് ഫൗണ്ടേഷൻ ഫോർ ആർട്സ് ആൻഡ് ഫോട്ടോഗ്രാഫി' യിൽ 50,000ത്തിലധികം ചിത്രങ്ങളുടെ ശേഖരം ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്ത് നടന്ന സുപ്രധാന സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ ഈ ശേഖരത്തിലുണ്ട്. ഇന്ത്യയുടെ ഹൃദയമിടിപ്പറിഞ്ഞ ആ ലെൻസ് ഇനി നിശബ്ദമാണ്. എങ്കിലും അദ്ദേഹം പകർത്തിയ ഓരോ ഫ്രെയിമും ചരിത്രത്തിന്റെ സാക്ഷ്യപത്രങ്ങളായി വരും കാലത്തെ പാഠപുസ്തകമാവും എന്ന് തീര്‍ച്ച.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home