നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം നടന്ന വഴികൾ

കേരളത്തിലെ മുഖ്യമന്ത്രിമാർ

റഷീദ് ആനപ്പുറം
Published on Mar 16, 2026, 06:25 PM | 6 min read
തിരുവനന്തപുരം : കേരളം രൂപീകൃതമായ ശേഷം നടന്നത് 16 നിയമസഭാ തെരഞ്ഞെടുപ്പുകൾ. ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11വരെ. അവസാന തെരഞ്ഞെടുപ്പ് നടന്നത് 2021 ഏപ്രിൽ ആറിനും. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് 2026 ഏപ്രിൽ ഒന്പതിനാണ്. 1965 ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാൽ നിയമസഭ രൂപീകരിക്കാതെ പിരിച്ചുവിട്ടു. അതിനാൽ ഇതുവരെ 15 നിയമസഭകളാണ് രൂപീകരിച്ചത്.
കേരള ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലഭിച്ചത് നിലവിലെ സർക്കാരിനാണ്. അതിനാൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ തുടർച്ചയായി മുഖ്യമന്ത്രി എന്ന പദവി സ്വന്തമാക്കിയത് പിണറായി വിജയനാണ്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തിയും പിണറായി വിജയനാണ്. 3583 ദിവസം. മൂന്ന് തവണ മുഖ്യമന്ത്രിയായ ഇ കെ നായനാരാണ് ഒന്നാമത്. 4009 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്. 54 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന സി എച്ച് മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലം ആ പദവിയിൽ ഇരുന്നത്.
കെ കരുണാകരനാണ് ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത്. നാല് ടേം. ഇ കെ നയനാർ, എ കെ ആന്റണി എന്നിവർ മൂന്ന് ടേമും ഇ എം എസും പിണറായി വിജയനും ഉമ്മൻചാണ്ടിയും രണ്ട് ടേമും മുഖ്യമന്ത്രിമരായി. പട്ടം താണുപിള്ള, ആർ ശങ്കർ, സി അച്യുത മേനോൻ, വി കെ വാസുദേവൻ നായർ എന്നിവരും കേരളത്തിൽ മുഖ്യമന്ത്രിപദം അലങ്കരിച്ചു. വിമോചനസമരത്തിന്റെ മറവിൽ കേ ന്ദ്ര സർക്കാർ ഇടപെട്ട് ഭരണ ഘടനയുടെ 356-ാം വകുപ്പ് പ്രകാരം ഇ എം എസ് സർക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടത് കേരള ചരിത്രത്തിൽ കറുത്ത പൊട്ടാണ്.
മുഖ്യമന്ത്രിമാർ
ഇഎംഎസ് നമ്പൂതിരിപ്പാട്
പട്ടം താണുപിള്ള
ആർ ശങ്കർ
സി അച്യുത മേനോൻ
കെ കരുണാകരൻ
എ കെ ആന്റണി
പി കെ വാസുദേവൻ
സി എച്ച് മുഹമ്മദ് കോയ
ഇ കെ നായനാർ
ഉമ്മൻചാണ്ടി
വി എസ് അച്യുതാനന്ദൻ
പിണറായിഎ വിജയൻ
ആദ്യ തെരഞ്ഞെടുപ്പ് 1957
1956 നവംബർ ഒന്നിനാണ് ഐക്യ കേരളം രൂപീകൃതമായത്. ആ സമയം രാഷ്ട്രപതിഭരണമായിരുന്നു. 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ വിവിധ ഘട്ടങ്ങ ളായാണ് ഒന്നാം കേരള നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 126 നിയമഭാ മണ്ഡലമായിരുന്നു അന്ന്. അതിൽ 60 സീറ്റ് കമ്യൂണിസ്റ്റ് പാർടി സ്വന്തമായും അഞ്ച് സീറ്റിൽ പാർടി പിന്തുണച്ച സ്വതന്ത്രരും ജയിച്ചു. ഏപ്രിൽ അഞ്ചിന് ഇഎംഎസിന്റെ നേതൃത്വ ത്തിൽ 11 അംഗ മന്ത്രിസഭ അധികാരമേറ്റു. കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സർക്കാർ വിപ്ലവകരമായ നടപടികൾ സ്വീകരിച്ചതോടെ പ്രതിപക്ഷവുമ ചില മത സാമുദായിക ശക്തികളും ചേർന്ന് വിമോചന സമരം നടത്തി. അതിന്റെ മറവിൽ കേന്ദ്ര സർക്കാർ ഭരണ ഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് കമ്യൂണിസ്റ്റ് സർക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു. തുടർന്ന് വീണ്ടും രാഷ്ട്രപതിഭരണം.
1960 ൽ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭരണം
1960 ഫെബ്രുവരി ഒന്നിന് രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പ്. പിഎസ്പി, കോൺഗ്രസ്, മുസ്ലിംലീഗ് എന്നീ പാർടികൾ യോജിച്ച് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. ഈ സഖ്യം 94 സീ റ്റ് നേടി. കമ്യൂണിസ്റ്റ് പാർടിക്ക് 29 സീറ്റ് ലഭിച്ചു. പിഎസ്‌പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. പട്ടത്ത പഞ്ചാബിലെ ഗവർണറായി നിയമിച്ചു. തുടർന്ന് കോൺഗ്രസ് നേതാവ് ആർ ശങ്കർ 1962 സെപ്തംബർ 26ന് മുഖ്യമന്ത്രിയായി. എന്നാൽ മുന്നണിയിൽ ആഭ്യന്തര കലാപം രൂക്ഷമായി. ആഭ്യന്തര മന്ത്രി പി ടി ചാക്കോ രാജിവച്ചു. കോൺഗ്രസ് ഭിന്നിച്ചു. 15 കോൺഗ്രസ് എംഎൽഎമാർ പ്രത്യേക ബ്ലോക്കായി. മുഖ്യമന്ത്രി ആർ ശങ്കറിനെതിരെ അവർ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ശങ്കർ രാജിവച്ചു. വീണ്ടും രാഷ്ട്രപതിഭരണം.
1965 –സിപിഐ എം രൂപീകരണത്തിന് ശേഷം ആദ്യ തെരഞ്ഞെടുപ്പ്
1964ലാണ് കമ്യൂണിസ്റ്റ് പാർടി പിളർന്നു സിപിഐ എം രൂപീകരിച്ചത്. തുടർന്ന് നടന്നത് നാലാം നിയമസഭാ തെരഞ്ഞെടുപ്പ്. 1965 മാർച്ച് നാലിന്. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. എസ്എസ് പിയുമായും മുസ്ലിംലീഗുമായും നീക്കുപോക്കുണ്ടാക്കിയാണ് സിപിഐ എം മത്സരിച്ചത്. ചൈനാ ചാരന്മാരെന്ന് ആരോപിച്ച് സിപിഐ എമ്മിന്റെ പ്രമുഖ നേതാക്കളെ ജയിലിലടച്ച കാലമായിരുന്നു അത്. അവർ ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. സിപിഐ എം 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോൺഗ്രസിന് 36 സീറ്റ് ലഭിച്ചു. സിപിഐക്ക് നാല്, എഎസ്‌പി 13, മുസ്ലിംലീഗ് ആറ്, കേരള കോൺഗ്രസ് 23 എന്നിങ്ങനെയാണ് മറ്റു പാർടികൾക്ക് കിട്ടിയ സീറ്റ്. 12 സ്വതന്ത്രരും വിജയിച്ചു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. അതോടെ നിയമസഭ രൂപീകരിക്കാനായില്ല. വീണ്ടും രാഷ്ട്രപതിഭരണം.
1967 ൽ സപ്‌തകക്ഷി മുന്നണി
1967ൽ നടന്ന അഞ്ചാം കേരള നിയമസഭ തെരഞ്ഞൈടുപ്പിൽ സപ്‌തമുന്നണി രൂപീകരിച്ചാണ് സിപിഐ എം കോൺഗ്രസിനെ നേരിട്ടത്. 1967ൽ സിപിഐ എം, സിപി ഐ, മുസ്ലിംലീഗ്, ആർഎസ്‌പി, എഎസ്‌പി, കെഎസ്‌പി, കെടിപി എന്നീ പാർടികളടങ്ങുന്നതായിരുന്നു സപ്തകക്ഷി മുന്നണി. 1967 മാർച്ചിൽ നടന്ന തെര ഞെഞ്ഞെടുപ്പിൽ 59 സീറ്റിൽ മത്സരിച്ച സിപിഐ എം 52 സീറ്റിൽ വിജയിച്ചു. സിപിഐ 22 സീറ്റിൽ മത്സരിച്ച് 19ൽ വിജയിച്ചു. കോൺഗ്രസ് 133 സീറ്റിലും മത്സരിച്ചെങ്കിലും ഒമ്പത് സീറ്റിലേ വിജയിച്ചുള്ളൂ. എസ്എസ്‌പി 19 സീറ്റിലും മുസ്ലിംലീഗ് 14 സീറ്റിലും ജയിച്ചു. 15 സീറ്റിൽ സ്വതന്ത്രരാണ് ജയിച്ചത്. ഇഎംഎസിന്റെ നേതൃത്വത്തിൽ സപ്തകക്ഷിമുന്നണി മന്ത്രിസഭ 1967 മാർച്ച് ആറിന് അധികാരമേറ്റു. 1969 ഒക്ടോബറിൽ സിപിഐഎമ്മിനെ ഒറ്റപ്പെടുത്തി കുറുമുന്നണി രൂപീകരി ച്ച് അട്ടിമറിശ്രമം നടത്തിയപ്പോൾ 1969 ഒക്ടോബർ 24ന് ഇഎംഎസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നവംബർ ഒന്നിന് സിപിഐ നേതാവ് സി അച്യുതമേനോന്റെ നേ തൃത്വത്തിൽ കോൺഗ്രസിന്റെ പിന്തുണയോടെ പുതിയ മന്ത്രിസഭ അധികാരമേറ്റു. ജനവിധി തേടാനായി 1970 ആഗസ്ത് ഒന്നിന് അച്യുതമേനോൻ മന്ത്രിസഭ രാജിവച്ചു.
1970 സെപ്‌തംബറിൽ വീണ്ടും തെരഞ്ഞെടുപ്പ്
1970 സെപ്തംബർ 17ന് നടന്ന അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, സിപിഐ, ആർഎസ്‌പി, മുസ്ലിംലീഗ്, പിഎസ്‌പി എന്നിവ ചേർന്ന് മുന്നണിയായി മത്സരിച്ചു. 79 സീറ്റ് നേടി ആ മുന്നണി അധികാരത്തിലെത്തി. സി അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു. കോൺഗ്രസും കേരള കോൺഗ്രസും പിന്നീട് മന്ത്രിസഭയിൽ ചേർന്നു. അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ നിയമസഭയുടെ കാലാവധി മൂന്നു ഘട്ടങ്ങളിലായി 18 മാസം കൂടി നീട്ടി.
1977– വീണ്ടും തെരഞ്ഞെടുപ്പ് : 5 മുഖ്യമന്ത്രിമാർ
1977 മാർച്ചിലായിരുന്നു ആറാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സിപിഐ എം വിരുദ്ധമുന്നണി 111 സീറ്റ് നേടി. കെ കരുണാകരന്റെ നേതൃ ത്വത്തിൽ മന്ത്രിസഭ 1977 മാർച്ച് 25-ന് അധികാരമേറ്റു. അടിയന്തരാവസ്ഥയിൽ രാജനെ ഉരുട്ടിക്കൊന്ന കേസിൽ കോടതിയിൽ കള്ളം പറഞ്ഞുവെന്ന പരാമർശത്തെ തുടർന്ന് കരുണാകരൻ ഏപ്രിൽ 25ന് രാജിവച്ചു. തുടർന്ന് എ കെ ആന്റണി, പി കെ വാസുദേവൻ നായർ, സി എച്ച് മുഹമ്മദുകോയ എന്നിവർ വിവിധ കാലയളവുകളിൽ മുഖ്യമന്ത്രിമാരായി. കോൺഗ്രസിലുണ്ടായ പിളർപ്പിനെതുടർന്നും സിപിഐയുടെ ഭട്ടിൻഡ കോൺഗ്രസിലെ തീരുമാ നത്തെതുടർന്നും കേരളത്തിൽ പുതിയൊരു ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകൃതമായി.
1980 –ഇ കെ നായനാർ മുഖ്യമന്ത്രി പദവിയിലേക്ക്
1980 ജനുവരി 3, 6 തീയതികളിൽ ഏഴാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇടതുപക്ഷ ജനാധിപത്യമുന്നണി 93 സീറ്റ് നേടി അധി കാരത്തിലെത്തി. ഇ കെ നായനാരു ടെ നേതൃത്വത്തിൽ മന്ത്രിസഭ 1980 ജനുവരി 25ന് അധികാരമേറ്റു. 1981 ഒക്ടോബർ 21ന് മുഖ്യമന്ത്രി രാജിവച്ചു. ആന്റണി കോൺഗ്രസും കേരള കോൺഗ്രസ് എമ്മും പിന്തുണ പിൻവലിച്ചതിനെതുടർന്നായിരുന്നു രാജി. പിന്നീട് കെ കരുണാകരൻ മുഖ്യ മന്ത്രിയായെങ്കിലും ആന്റണി കോൺഗ്രസിലും ജനതാ പാർടിയിലുമുണ്ടായ പിളർപ്പുമൂലം മന്ത്രിസഭ തുലാസിലായി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൂങ്ങിനിന്ന മന്ത്രിസഭയെ കേരള കോൺഗ്രസ് അംഗമായ ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ച് താഴെയിറക്കി. 1982 മാർച്ച് 17ന് കെ കരുണാകരൻ മന്ത്രിസഭ രാജിവച്ചു.
1982 എൽഡിഎഫും യുഡിഎഫും നേർക്കുനേർ
കേരളത്തിൽ എൽഡിഎഫും യുഡിഎഫും മുന്നണിയായി നേരിട്ട് മത്സരിക്കുന്നത് 1982ലാണ്. 1982 മാർച്ച് 19നാണ് എട്ടാം നിയമസഭാ തെരഞ്ഞെടുപ്പ്. സിപിഐ എം, സിപിഐ, കോൺഗ്രസ് എസ്, അഖിലേന്ത്യാ മുസ്ലിംലീഗ്, കോൺഗ്രസ് ആന്റണി വിഭാഗം, ലോനപ്പൻ നമ്പാടന്റെ കേരള കോൺഗ്രസ് എസ് എന്നിവയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികൾ. കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ജെ, എൻഡിപി, എസ്ആർപി, ജനത (ജി), ആർഎസ്‌പി എസ്, എൻആർഎസ്‌പി എന്നിവയായിരുന്നു യുഡി എഫ് ഘടകകക്ഷികൾ. യുഡിഎഫ് 77 സീറ്റിൽ വിജയിച്ചു. കെ കരുണാകരന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു. അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി.
1987– വീണ്ടും നായനാർ
ഒമ്പതാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 1987ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ എമ്മിൽ നിന്ന് വിട്ടുപോയ എം വി രാഘവനെ യുഡിഎഫ് പിന്തുണച്ചു. എൽഡിഎഫ് 78 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാർ മുഖ്യമന്ത്രിയായി മന്ത്രിസഭ 1987 മാർച്ച് 26ന് നിലവിൽ വന്നു. കാലാവധി ഒരുവർഷം ബാ ക്കിനിൽക്കെ മന്ത്രിസഭയുടെ ശുപാർശ പ്രകാരം 1991 ഏപ്രിൽ അഞ്ചിന് നിയമസഭ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.
1991– കരുണാകരന്റെ രാജി, ആന്റണിയുടെ വരവ്
പത്താം നിയമസഭാ തെരഞ്ഞെടുപ്പ് 1991 ജൂൺ 12ന് നടന്നു. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് എല്ലാം മാറ്റിമറിച്ചു. കോൺഗ്രസിന് അനുകൂലമായ സഹതാപ തരംഗമുണ്ടായി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് 91 സീറ്റ് നേടി വിജയിച്ചു. 1991 ജൂൺ 24ന് മുഖ്യ മന്ത്രിയായി അധികാരമേറ്റ കെ കരുണാകരൻ കോൺഗ്രസിലെ ഗ്രൂപ്പും വഴക്കിനെതുടർന്ന് 1995 മാർച്ച് 16ന് രാജിവച്ചു. 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
1996– വീണ്ടും നായനാർ
1996 മേയിൽ നടന്ന 11–-ാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1996 മെയ് 20ന് അധികാ രമേറ്റു.
2001- ആന്റണിയെ കെട്ടുകെട്ടിച്ച് ഉമ്മൻചാണ്ടി
2001 മെയ് പത്തിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 99 സീറ്റും എൽഡി എഫിന് 40 സീറ്റും ലഭിച്ചു. എകെ ആന്റണി മുഖ്യമന്ത്രിയായി 2001 മെയ് 17ന് അധികാരമേറ്റു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയെ തുടർന്ന് എ കെ ആന്റണി 2004 ആഗസ്ത് 29ന് രാജിവച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി ആഗസ്ത് 31ന് അധികാരമേറ്റു.
2006–വി എസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്
2006 ഏപ്രിൽ, മെയ് മാസങ്ങളിലായി മൂന്നു ഘട്ടമായാണ് 13-ാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 99 സീറ്റ് നേടി എൽഡിഎഫ് ഉജ്വലവി ജയം നേടി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2006 മെയ് 18ന് അധികാരമേറ്റു. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യമന്ത്രിയായിരുന്നു. അഞ്ചുവർഷം കാലാവധി തികച്ചു.
2011– അവസാന യുഡിഎഫ് സർക്കാർ
2011 ഏപ്രിൽ- മേയിൽ നടന്ന 14-ാമത്തെ തെരഞ്ഞെടുപ്പിൽ ചെറിയ വ്യത്യാസത്തിനാണ് യുഡിഎഫ് ജയിച്ച ത്. 72 സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫി ന് 68 സീറ്റ് ലഭിച്ചു. ഏറ്റവും കൂടുതൽ സീറ്റിൽ വിജയിച്ചത് സിപിഐ എമ്മിനാണ് 45 സീറ്റ്. 2011 മെയ് 18ന് ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരമേറ്റു. സോളാർ പോലുള്ള വൻ ആരോപണം ഉയർന്നത് ആ കാലത്താണ്.
2016– ആദ്യ പിണറായി സർക്കാർ
2016 മെയ് 16ന് നടന്ന 15–ാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ ഭൂരിപക്ഷം നേടി. പിണറായി വിജയൻ മുഖ്യമന്ത്രിയായി. എൽഡിഎഫ് 91 സീറ്റും യുഡിഎഫ് 47 സീറ്റും നേടി. ബിജെപിയും സ്വതന്ത്രരും ഓരോ സീറ്റും നേടി.
2021– ചരിത്രം കുറിച്ച തുടർഭരണം
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി തുടർഭരണത്തിന് അവസരം ഒരുക്കിയ തെരഞ്ഞെടുപ്പ്. 2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 99 സീറ്റും യുഡിഎഫ് 41 സീറ്റും നേടി. തുടർന്ന് പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി. അതിദരിദ്രരില്ലാത്ത കേരളം പദ്ധതി ഉൾപ്പെടെ ഒട്ടേറെ ചരിത്രപരമായ നടപടികൾ സ്വീകരിച്ച സർക്കാരാണിത്.











0 comments