കുട്ടികളെ പക്വതയുള്ളവരായി വളർത്താം

PHOTO credit: wikihow
വളർച്ചയുടെ കാലമാണ് കൗമാരം. ശരീരത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകുന്ന കാലം. പ്രായപൂർത്തിയാകുന്നതിന്റെ ഭാഗമായ ഹോർമോൺ വ്യതിയാനങ്ങൾ അവരിൽ പ്രകടമാകുന്നു. ഹോർമോൺ വ്യതിയാനം വളർച്ചയെ സഹായിക്കുന്നതിനൊപ്പം പെരുമാറ്റത്തിലും മാറ്റമുണ്ടാക്കുന്നു. പെട്ടെന്നുള്ള ദേഷ്യവും എടുത്തുചാട്ടവുമെല്ലാം കടന്നുവരുന്നു. കുറച്ച് അനുസരണക്കേടും മുൻശുണ്‌ഠിയുമെല്ലാം ഇതുകൊണ്ടാണുണ്ടാകുന്നത്.
തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർടക്‌സ് പൂർണമായി വളർന്നുകഴിഞ്ഞിട്ടില്ലാത്തതിനാൽ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും കുറയും. ആൾക്കൂട്ട മനഃശാസ്‌ത്രത്തിന്റെ (മോബ് സൈക്കോളജി) ഭാഗമായുള്ള പ്രശ്നങ്ങളും ഏറെയാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ളതുപോലെയല്ല രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ. ഗ്രൂപ്പായി മാറുമ്പോൾ വ്യക്തിഗത ഉത്തരവാദിത്വവും കുറ്റബോധവും കുറയുന്നു. അക്രമ സ്വഭാവമുള്ളവരുണ്ടെങ്കിൽ അത്തരം ഇടപെടലുകളുടെ സ്വാധീനമേറുന്നു. ഹിംസ നിറഞ്ഞ ഗെയിമുകളും സിനിമകളും നിരന്തരം കാണുന്നവരിൽ അക്രമങ്ങളോടുള്ള വൈകാരിക അസ്വസ്ഥത കുറയുമെന്നും പഠനങ്ങളുണ്ട്. ലഹരിയും പെരുമാറ്റത്തെ മോശമായി സ്വാധീനിക്കും.
മോശം കാര്യങ്ങളിലേക്ക് എടുത്തുചാടാതിരിക്കാൻ കുട്ടികളിൽ ചെറുപ്പംമുതൽ ആധുനിക സമൂഹത്തിന്റേതായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടത്. പ്രതിസന്ധികളോട് പക്വതയോടെ പ്രതികരിക്കാൻ അതുവഴി കഴിയും. അനിഷ്‌ടമുണ്ടായാൽ അക്രമത്തിലൂടെയല്ലാതെ അത്തരം സാഹചര്യങ്ങൾ എങ്ങനെ തരണംചെയ്യണമെന്ന് പഠിപ്പിക്കണം. മറ്റ് വഴികൾ തിരിച്ചറിയാൻ സഹായിക്കണം. സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള പ്രോത്സാഹനവും നൽകണം. ഇതിലൂടെ ഗ്രൂപ്പ് മാനസികാവസ്ഥയുടെ സ്വാധീനം കുറയ്‌ക്കാനാകും. അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകണം. തെറ്റുകളുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കണം. ഗ്രൂപ്പിന്റെ വൈകാരിക തീരുമാനങ്ങളിൽനിന്ന് മാറിനിൽക്കാനും തീരുമാനം ശരിയല്ലെന്ന് ധൈര്യത്തോടെ പറയാനുമുള്ള ആത്മവിശ്വാസം ഇതിലൂടെ ലഭിക്കും. ആരോഗ്യപരമായ കൂട്ടായ്‌മകൾ വളർത്തിയെടുക്കലും പ്രധാനമാണ്. കൗമാരക്കാരിലെ വൈകാരികതയും ഊർജവും ശരിയായി ഗതിമാറ്റുകയാണ് ചെയ്യേണ്ടത്. കായികവും കലാപരവുമായ പ്രവർത്തനങ്ങളും സംഘടനാ പ്രവർത്തനവും ഉൾപ്പെടെയുള്ളവ ഇതിന് സഹായിക്കും.
0 comments