ജർമനിയുടെ നാലാം കിരീടവും ഒരു കോസ്റ്ററിക്കൻ വീരഗാഥയും

ജ്യോതിസ് [email protected]
Published on Jun 05, 2026, 09:42 PM | 4 min read
ബ്രസീലിൽ അരങ്ങേറിയ 2014 ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരവും അവിസ്മരണീയവുമായ ടൂർണമെന്റുകളിലൊന്നായിരുന്നു. ഫൈനലിൽ അർജന്റീനയെ വീഴ്ത്തി നാലാം കിരീടം ചൂടിയ ജർമനി, തെക്കേ അമേരിക്കൻ മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്യൻ ടീമായി മാറി. ഗോൾ- ലൈൻ ടെക്നോളജിയുടെയും വാനിഷിംഗ് സ്പ്രേയുടെയും വരവിനും ബ്രസീലിന്റെ കനത്ത തോൽവിക്കും മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടയ്ക്കും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു

മറക്കില്ല ഈ ഉദ്ഘാടനം
2014 ബ്രസീൽ ലോകകപ്പ് വേദിയിൽ പന്ത് തട്ടി ഉദ്ഘാടനം ചെയ്തത് അരയ്ക്കു താഴെ തളർന്ന ജൂലിയാനോ പിന്റോ (Juliano Pinto) എന്ന 29കാരനാണ്. ന്യൂറോ സയന്റിസ്റ്റായ മിഗ്വൽ നിക്കോലെലിസിന്റെ (Miguel Nicolelis) നേതൃത്വത്തിലുള്ള വാക്ക് എഗെയ്ൻ (Walk Again) പ്രൊജക്റ്റിലൂടെ വികസിപ്പിച്ചെടുത്ത പ്രത്യേക റോബോട്ടിക് സ്യൂട്ടിന്റെ സഹായത്തോടെയാണ് അദ്ദേഹം ഈ ഉദ്ഘാടന കിക്ക് സാധ്യമാക്കിയത്.
ആരാധകർ പേരിട്ട പന്ത്
ഔദ്യോഗിക മത്സരപ്പന്തായ അഡിഡാസ് ബ്രസൂക്ക (Adidas Brazuca) എന്ന പേര് ബ്രസീലിലെ പൊതുജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ പേരിട്ടത്.

കാക്സിറോള (Caxirola)യും ഡയാബോളിക്ക (Diabolica)യും
ഇവ രണ്ടും ഈ ലോകകപ്പിനോടനുബന്ധിച്ച് ശ്രദ്ധ നേടിയ പ്രധാന സംഗീത ഉപകരണങ്ങളാണ്. ബ്രസീലിന്റെ ഔദ്യോഗിക 'കിലുക്കാംപെട്ടി'യായ കാക്സിറോള (രൂപകല്പന ചെയ്തത് ബ്രസീലിയൻ സംഗീതജ്ഞനായ കാർലിഞ്ഞോ ബ്രൗൺ ആണ്) സുരക്ഷാ കാരണങ്ങളാൽ (കാണികൾ ഇത് മൈതാനത്തേക്ക് വലിച്ചെറിഞ്ഞതിനാൽ) ഫിഫയ്ക്ക് നിരോധിക്കേണ്ടി വന്നു. ബെൽജിയം ആരാധകർ അവതരിപ്പിച്ച ചെറിയ പ്ലാസ്റ്റിക് ട്രംപറ്റായ ഡയാബോളിക്ക ലോകകപ്പിൽ വലിയ ജനപ്രീതി നേടുകയും ചെയ്തു.

വാനിഷിംഗ് സ്പ്രേ
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വാനിഷിംഗ് സ്പ്രേ (Vanishing Spray) ഉപയോഗിച്ചത് 2014ലെ ലോകകപ്പിലാണ്. ഫ്രീ കിക്കെടുക്കുമ്പോൾ പന്തും പ്രതിരോധ നിരയിലെ കളിക്കാരും തമ്മിലുള്ള കൃത്യമായ അകലം അടയാളപ്പെടുത്താൻ സഹായിക്കുന്ന ഈ വിദ്യ ആദ്യമായി പ്രയോഗിച്ചത് ജപ്പാൻകാരനായ യുയിചി നിഷിമുറ (Yuichi Nishimura) എന്ന റഫറിയാണ്. അർജന്റീനക്കാരനായ പാബ്ലോ സിൽവ (Pablo Silva), ബ്രസീലുകാരനായ ഹൈനെ അലെമാനെ (Heine Allemagne) എന്നിവർ ചേർന്നാണ് ഈ സ്പ്രേ വ്യാവസായികമായി വികസിപ്പിച്ചെടുത്തത്.

ഗോൾ- ലൈൻ സാങ്കേതികവിദ്യ
പന്ത് പൂർണ്ണമായും ഗോൾവര കടന്നോ എന്ന് കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഗോൾ ലൈൻ ടെക്നോളജിയും (Goal-line technology) ആദ്യമായി ഉപയോഗിച്ചത് ഇതേ ലോകകപ്പിലാണ്. ഫ്രാൻസിന്റെ കരിം ബെൻസെമ എടുത്ത ഷോട്ട് തടയുന്നതിനിടെ ഹോണ്ടുറാസ് ഗോൾകീപ്പർ നോയൽ വല്ലാഡെറസ് (Noel Valladares) വഴങ്ങിയ ഒരു സെൽഫ് ഗോൾ സ്ഥിരീകരിക്കാനാണ് ഈ സാങ്കേതികവിദ്യയുടെ സഹായം തേടിയത്. ജർമ്മൻ കമ്പനിയായ ഗോൾകൺട്രോൾ (GoalControl GmbH) ആണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ ഒരുക്കിയത്. ലോകകപ്പ് ചരിത്രത്തിൽ സെൽഫ് ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പർ എന്ന മോശം റെക്കോർഡും ഇതോടെ നോയൽ വല്ലാഡെറസിന്റെ പേരിലായി.
കൂളിംഗ് ബ്രേക്കുകൾ
ബ്രസീലിലെ കടുത്ത ചൂടും ഈർപ്പവും കണക്കിലെടുത്ത്, കളിക്കാർക്ക് മത്സരത്തിനിടയിൽ നിർബന്ധിതമായി വെള്ളം കുടിക്കാനുള്ള 'കൂളിംഗ് ബ്രേക്കുകൾ' റഫറിമാർ അനുവദിച്ചു.

അത്യപൂർവനേട്ടം
മെക്സിക്കൻ ഇതിഹാസ താരം റാഫേൽ മാർക്വേസ് (Rafael Márquez) ആണ് തുടർച്ചയായ നാല് ലോകകപ്പുകളിൽ (2002, 2006, 2010, 2014) ഒരു രാജ്യത്തെ നയിച്ച ആദ്യ ക്യാപ്റ്റൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

മിനെയ്റാസോ ദുരന്തം
സെമി ഫൈനലിൽ ജർമനി ആതിഥേയരായ ബ്രസീലിനെ 7-1 എന്ന സ്കോറിന് മിനെയ്റാസോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പരാജയപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ ഏറ്റവും വലിയ തോൽവിയാണിത്. ബ്രസീലിനെതിരായ മത്സരത്തിൽ വെറും 18 മിനിറ്റിനുള്ളിൽ (കളിയുടെ 11 മുതൽ 29 വരെയുള്ള മിനിറ്റുകളിൽ) ജർമനി അഞ്ചു ഗോളുകൾ അടിച്ചുകൂട്ടി. തിയാഗോ സിൽവയായിരുന്നു ബ്രസീലിനെ നയിച്ചത്.
സ്പെയിനിന്റെ തകർച്ച
2010-ലെ ലോകകപ്പ് ജേതാക്കളായ സ്പെയിൻ, നെതർലൻഡ്സിനോട് 5-1ന് കനത്ത പരാജയം ഏറ്റു വാങ്ങി. ചിലിയോടും (0-2) തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

സുവാരസിന്റെ വിവാദമായ പെരുമാറ്റം
ഇറ്റലിയുടെ ജോർജിയോ ചില്ലിനിയെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ കടിച്ചതിന് ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിന് നാല് മാസത്തേക്ക് ഫിഫ വിലക്കേർപ്പെടുത്തി.

മരണ ഗ്രൂപ്പിലെ കോസ്റ്ററിക്കൻ വീരഗാഥ
മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലി, ഉറുഗ്വേ, ഇംഗ്ലണ്ട് എന്നിവരുൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോസ്റ്റാറിക്ക (വിളിപ്പേര്- Los Ticos) ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ, ഇംഗ്ലണ്ടും ഇറ്റലിയും ആദ്യ റൗണ്ടിൽ പുറത്തായി.

എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ
ജർമനിയുടെ മിറോസ്ലാവ് ക്ലോസെ ലോകകപ്പിലെ തന്റെ 16-ാം ഗോൾ ബ്രസീലിനെതിരെ നേടി ബ്രസീലിന്റെ തന്നെ റൊണാൾഡോയുടെ റെക്കോർഡ് മറികടക്കുകയും ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറുകയും ചെയ്തു. ടൂർണമെന്റിനിടയിൽ തോമസ് മുള്ളർ നേടിയ ഒരു ഗോൾ, ജർമനിയുടെ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ 2000-ാമത്തെ ഗോളായി മാറി.

ഹാമസ് റോഡ്രിഗസും ഫ്ലയിംഗ് ഡച്ച്‌മാനും
കൊളംബിയയുടെ ഹാമസ് റോഡ്രിഗസ് ആകെ ആറു ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ്പ് സ്കോററാവുകയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു. അദ്ദേഹം ഉറുഗ്വേയ്ക്കെതിരെ നേടിയ സൂപ്പർ ഗോൾ ആണ് ടൂർണമെന്റിലെ ഏറ്റവും മനോഹര ഗോൾ ആയി ആരാധകർ തെരഞ്ഞെടുത്തത്. ബോക്‌സിന് 25 അടി പുറത്തുനിന്ന് നെഞ്ചിൽ നിയന്ത്രിച്ച പന്ത് തിരിഞ്ഞുനിന്ന് വോളിയുതിർത്ത് നേടിയ വിസ്മയ ഗോൾ ഏറെ ശ്രദ്ധേയമാണ്. ക്രോസ്ബാറിൽ തട്ടി വലയിൽ കയറിയ ഈ അവിസ്മരണീയ ഗോളാണ് ആ വർഷത്തെ 'ഫിഫ പുഷ്കാസ് അവാർഡും നേടിയത് .

സ്പെയിനെതിരെ റോബിൻ വാൻ പെർസി പറന്നുയർന്ന് നേടിയ ഡൈവിംഗ് ഹെഡർ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ലോങ് പാസായി വന്ന പന്ത് ഗോൾകീപ്പർക്ക് മുകളിലൂടെ വലയിലെത്തിച്ച ഈ പ്രകടനത്തോടെ വാൻ പെർസിക്ക് ഫ്ലയിംഗ് ഡച്ച്‌മാൻ എന്ന പേരും ലഭിച്ചു.

നെതർലൻഡ്‌സിനെതിരെ ഓസ്‌ട്രേലിയയുടെ ടിം കാഹിൽ നേടിയ സിംഗിൾ ടച്ച് വോളിയും മനോഹരമായിരുന്നു. തോളിന് മുകളിലൂടെ വന്ന പന്ത് ഒരൊറ്റ ടച്ചിൽ തന്നെ ഇടങ്കാലുകൊണ്ട് തൊടുത്തുവിട്ടപ്പോൾ, അത് ക്രോസ്ബാറിന്റെ അടിഭാഗത്ത് തട്ടി അതിവേഗം വലയിൽ പതിക്കുകയായിരുന്നു.

ഇറാനെതിരെ ലയണൽ മെസി ഇഞ്ചുറി ടൈമിൽ നേടിയ നാടകീയ ഗോളാണ് മറ്റൊന്ന്. മത്സരം സമനിലയിലേക്ക് നീങ്ങവെ, ബോക്‌സിന് പുറത്തുനിന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ച് മെസ്സി തൊടുത്ത മനോഹരമായ വളഞ്ഞ ഷോട്ട് ഇറാന്റെ വലയുടെ കോണിലേക്ക് തുളച്ചുകയറി.

ജർമനിക്ക് നാലാം ലോക കിരീടം
ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ മാരിയോ ഗ്യോട്‌സെ 113-ാം മിനിറ്റിൽ നേടിയത് ജർമനിയുടെ കിരീടഗോളാണ് (1-0). ആന്ദ്രെ ഷ്യൂർലെയുടെ ക്രോസ് ബോക്‌സിനുള്ളിൽ വെച്ച് നെഞ്ചിൽ നിയന്ത്രിച്ച്, താഴെ വീഴുന്നതിന് മുൻപ് ഗ്യോട്‌സെ ഉതിർത്ത വോളിയാണ് ജർമനിയെ ലോക ചാമ്പ്യന്മാരാക്കിയത്.

തെക്കേ അമേരിക്കൻ മണ്ണിൽ കിരീടം നേടുന്ന ആദ്യ യൂറോപ്യൻ ടീമായി ജർമനി മാറി. ഫിലിപ്പ് ലാം ആയിരുന്നു ജർമൻ നായകൻ. ജർമ്മനിയുടെ നാലാം കിരീടം. (ഏകീകൃത ജർമ്മനി ആയതിനു ശേഷമുള്ള ആദ്യ കിരീടം). ലൂസേഴ്സ് ഫൈനലിൽബ്രസീലിനെ 3 -0ത്തിന് പരാജയപ്പെടുത്തി ഹോളണ്ട് മൂന്നാം സ്ഥാനം നേടി.









0 comments