‘മട്ടാഞ്ചേരി മമ്മദി’ലൂടെ തെങ്കാശി പട്ടണത്തിലേക്ക്

സലിം കുമാർ തെങ്കാശിപ്പട്ടണം സിനിമയിൽ (ഇടത്), സത്യമേവ ജയതേ സിനിമയിൽ നിന്ന് (വലത്)
കൊച്ചി: അധോലോക നായകന്റെ ലാപ്‌ടോപ് മോഷ്ടിക്കുന്ന കള്ളൻ ‘മട്ടാഞ്ചേരി മമ്മദ്’. വിജി തമ്പി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ "സത്യമേവ ജയതേ' എന്ന സിനിമയിലെ ഇൗ കള്ളന്റെ വേഷമാണ് സലിം കുമാറിന് ‘തെങ്കാശി പട്ടണം’ എന്ന ചിത്രത്തിൽ അവസരമൊരുക്കിയത്. റാഫി-–മെക്കാർട്ടിൻ ടീമിന്റെ തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിംകുമാർ തിരക്കിലായി.
മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാൻ, തിളക്കത്തിലെ ഓമനക്കുട്ടൻ എന്നിവ അതിൽ ചിലതുമാത്രം.
2004ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകർ കണ്ടത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ സ്വഭാവനടന്റെ വേഷത്തിൽ സലിംകുമാർ അതിൽ തിളങ്ങി.
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ ആദ്യം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ദീപു കരുണാകരന്റെ ഫയർമാനിലെ നരേന്ദ്രൻ ആചാരിയാകട്ടെ അല്പം ദുരൂഹതനിറഞ്ഞ കഥാപാത്രവുമായി. ഇതിനിടെ ധനുഷിനൊപ്പം തമിഴിൽ മരിയാനിലും വേഷമിട്ടു.
കലാഭവൻ മണിക്കൊപ്പം സലിംകുമാർ
2005ൽ ബാബു ജനാർദനന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലെ സാമുവലിന്റെ വേദന അതേ തീവ്രതയോടെ പ്രേക്ഷകരും അനുഭവിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ലഭിച്ചു.
2010ൽ പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കാനാവുമെന്ന് വീണ്ടും സലിംകുമാർ തെളിയിച്ചു. സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിന് ലഭിച്ചു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന് സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജ് കർമം നിർവഹിക്കാനുണ്ടായ മോഹവും അതിനെ തുടർന്നുണ്ടാവുന്ന വൈകാരിക നിമിഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. 2012-ൽ ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.









0 comments