സൂറത്തിൽ ലോക്കർ മോഷണം; 2.67 കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സേഫ് ഡെപ്പോസിറ്റ് ലോക്കർ സ്ഥാപനം നടത്തിയിരുന്ന കുടുംബത്തിലെ മൂന്ന് പേരെ 2.67 കോടി രൂപയുടെ സ്വർണം മോഷ്ടിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഓഹരി വിപണിയിലെ വൻ നഷ്ടമാണ് പ്രതികളെ മോഷണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
നക്ഷത്ര സേഫ് ഹൗസ് നടത്തിയിരുന്ന മഹേഷ് ദിയോറ, മക്കളായ ഹർഷ്, ഹരികൃഷ്ണ ദിയോറ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ മണിലാൽ ഒളിവിലാണ്. പ്രാദേശിക താക്കോൽ നിർമാതാവിന്റെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉണ്ടാക്കി കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് ഉപഭോക്താക്കളുടെ ലോക്കറുകൾ തുറന്ന് സ്വർണം കവർന്നതായാണ് പൊലീസ് കണ്ടെത്തിയത്.
സ്വർണം നഷ്ടമായതായി ഒരു ഉപഭോക്താവ് പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് അഞ്ച് ലോക്കറുകളിലും മോഷണം നടന്നതായി കണ്ടെത്തിയത്. ഓഹരി വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപ നഷ്ടപ്പെട്ട ഹർഷ് ദിയോറയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിച്ച സ്വർണം പ്രാദേശിക ജ്വല്ലറിക്ക് വിറ്റതായും പ്രതികളിൽ നിന്ന് 15 ലക്ഷം രൂപ പണമായി പിടിച്ചെടുത്തതായും അന്വേഷണ സംഘം അറിയിച്ചു. സൂറത്തിലെ നക്ഷത്ര സേഫ് ഹൗസിന്റെ മറ്റ് ശാഖകളിൽ നിന്ന് ഇതുവരെ സമാന പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.










0 comments