ad
Deshabhimani

മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ച; സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിൽ

BIJENDHRA TET EXAM FRAUD

ബിഹാറിൽ നിന്ന് അറസ്റ്റിലായ മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരൻ ബിജേന്ദ്ര ഗുപ്ത | Photo Credit:India Today

വെബ് ഡെസ്ക്

Published on Jul 28, 2026, 08:01 PM | 1 min read

മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് താനെ സിറ്റി പൊലീസ്. ചില സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.


ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം. എന്നാൽ ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


ചോർന്ന ചോദ്യപേപ്പർ വാങ്ങി മറ്റ് ഉദ്യോഗാർഥികൾക്ക് വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തവരെയും പൊലീസ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബിജേന്ദ്ര ഗുപ്തയെ ബിഹാറിൽ നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങിയത്. മറ്റൊരു പ്രതിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.


ഗുപ്തയുടെ ഭാര്യ ഉൾപ്പെടെ നിരവധി പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുപ്ത ഒളിവിലായിരുന്നതിനാൽ അന്തർസംസ്ഥാന തലത്തിൽ വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്.


2024 ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയാണ് ബിജേന്ദ്ര ഗുപ്ത ദേശീയ ശ്രദ്ധ നേടിയത്. ചോദ്യപേപ്പർ ചോർച്ച സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


ജൂൺ 28ന് നടക്കാനിരുന്ന ടെറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോർന്ന ചോദ്യപേപ്പർ വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് തുടക്കമായത്. തുടർന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ ടെറ്റ് പരീക്ഷ മാറ്റിവെച്ചു. ഇതോടെ ഏകദേശം ആറു ലക്ഷം ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി.


പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ചോദ്യപേപ്പർ ചോർച്ച ശൃംഖലയിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home