മുളപൊട്ടുന്ന നന്മ

വി ജെ വർഗീസ്
Published on Oct 15, 2026, 07:53 AM | 2 min read
കാത്തുവച്ച വിത്തുകളേതെന്ന് ചോദിച്ചാൽ ചെറുവയൽ രാമന്റെ ഉത്തരം നീളും. പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം, കുന്നുംകുളമ്പൻ... കേട്ടുകേൾവിപോലുമില്ലാത്ത നെല്ലിനങ്ങളുടെ പേരുകൾ ഒന്നൊന്നായി ഒഴുകും. വെറുതെ പറയുക മാത്രമല്ല, പുല്ലുമേഞ്ഞ് ചാണകം മെഴുകിയ വീട്ടിലെ വിത്തുപാത്രങ്ങൾ ഓരോന്നായി തുറക്കും. മുളപൊട്ടാൻ വെന്പുന്ന നെൽമണികൾ കൈവെള്ളയിലെടുത്തുകാണിക്കും. തിരികെ പാത്രത്തിലിടും. പിന്നെ നടത്തം പാടത്തേക്കാണ്. വിത്തുകൾ നാന്പിട്ട വയലുകൾ കാണാം. വരന്പിൽ ഇരുന്നും നടന്നും ചെളിയലിറങ്ങിയുമെല്ലാം അവയെ പുൽകും. കൃഷിപാഠങ്ങൾ പകരും. ഇതായിരുന്നു ചെറുവയൽ രാമനെന്ന പൈതൃക വിത്തിന്റെ ജീവിതം. മഴയെന്നോ, വെയിലെന്നോയില്ല. ഒറ്റമുണ്ടുടുത്ത്, തലയിൽ കെട്ടുമായി ചെളിപുരണ്ട് എപ്പോഴും പാടത്തുണ്ടാകും. ആരെത്തിയാലും ഇൗ വയലിൽനിന്നാണ് വീട്ടിലേക്ക് എത്തുക.
വിദ്യാർഥികൾ, കാർഷിക വിദഗ്‌ധർ, ഇന്ത്യയിലെയും വിദേശ സർവകലാശാലകളിലെയും പ്രൊഫസർമാർ... എല്ലാവർക്കും രാമേട്ടൻ പ്രിയപ്പെട്ട അധ്യാപകനാകും. കൃഷിയറിവുകൾ കൈമാറും. ഒരുപാഠപുസ്‌തകത്തിലും ഇല്ലാത്ത, സർവകലാശാലകളിലെ സിലബസലില്ലാത്ത അനുഭവപാഠങ്ങൾ അഞ്ചാംതരംവരെ മാത്രം പഠിച്ച രാമേട്ടൻ പങ്കിടും. എല്ലാചോദ്യങ്ങൾക്കും ഉത്തരമുണ്ടാകും.
അംഗീകാരങ്ങൾ തേടിയെത്തിയപ്പോഴും രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോഴും മണ്ണിനെയും മനുഷ്യനെയും മറന്നില്ല. ‘പുരസ്‌കാരങ്ങൾ അന്നമാകില്ലെന്നായിരുന്നു’–ഓരോ നേട്ടങ്ങളിലും ഇൗ ജൈവകർഷകൻ ആവർത്തിച്ചത്. വേദികളിലെല്ലാം കൃഷിക്കും കൃഷിക്കാർക്കുമായി സംസാരിച്ചു. മണ്ണിന്റെ മണമുള്ള വാക്കുകളായിരുന്നു ഓരോന്നും. കുട്ടികളോട് സംസാരിക്കാനായിരുന്നു ഇഷ്ടം. ‘വിത്തിന്റെ മഹത്വം അറിയട്ടെ, ഇവർ കൃഷിയുടെ സംരക്ഷകരാവാതിരിക്കില്ലെ’ന്നായിരുന്നു ഓരോതവണയും വിദ്യാർഥികൾ വന്നുപോകുന്പോൾ പറയുക. പുതിയ തലമുറ വിത്തിന്റെ പ്രചാരകരാവണമെന്ന് അഭിലഷിച്ചു.
വയനാട്ടിൽനിന്ന് അന്യമായി പോയ ഇരുനൂറോളം നെൽവിത്തിനങ്ങളിൽ അന്പതോളം കൊല്ലംതോറും കൃഷിയിറക്കി സംരക്ഷിച്ചു. വിത്തുകൾ കൈമാറി. ഒന്നിനും പണം വാങ്ങിയില്ല. നൽകുന്ന വിത്തുകൾ ഇരട്ടിയായി തിരിച്ചുതരണമെന്ന നിബന്ധനമാത്രമായിരുന്നു. മണ്ണിൽ വേരാഴ്‌ത്തിനിന്ന ജീവിതം അവസാനിക്കുന്പോഴും ആ വിത്തുകൾ ഇനിയും മുളപൊട്ടും.
മക്കളെ പോറ്റുന്നതും ധിക്കാരം
ദാരിദ്ര്യം കൊടികുത്തിവാഴുന്ന കാലത്താണ് എന്റെ ജനനം. ചില ദിവസങ്ങളിൽ ഒന്നും കഴിക്കാനുണ്ടാകില്ല. ചേന്പോ താളോ കാട്ടുകിഴങ്ങുകളോ അമ്മ സംഘടിപ്പിച്ച് പുഴുങ്ങിത്തരും എന്നല്ലാതെ അരിഭക്ഷണം കിട്ടിയിരുന്നില്ല. ഞങ്ങളുടെ അച്ഛൻ എന്തെങ്കിലും തൊഴിൽ കിട്ടുന്പോൾ അതിന് പോയി കിട്ടുന്നത് കൊണ്ടുവന്ന് ഞങ്ങൾക്ക് തരുമായിരുന്നു.
കാർന്നോന്മാരുടെ നോട്ടത്തിൽ ഇതും ധിക്കാരമാണ്. അവരോട് ചോദിക്കാതെ എവിടെയെങ്കിലും പോയി പണിയെടുക്കുകയും ഞങ്ങളെ പോറ്റുകയും ചെയ്യുന്നത് നാട്ടിലെ (മരുമക്കത്തായത്തിന്റെ) നടപ്പുരീതിക്ക് ചേർന്നതല്ലല്ലോ. ആചാരമര്യാദകൾ എന്തുതന്നെയായാലും പട്ടിണികിടക്കുന്ന മക്കളെ പോറ്റാതിരിക്കാൻ അച്ഛനെക്കൊണ്ട് ആകില്ലായിരുന്നു. എന്നാൽ, തങ്ങളെ ധിക്കരിക്കുന്നവന്റെ ഭാര്യയെ തിരികെ കൊണ്ടുവിടുക എന്ന തീരുമാനമാണ് കാർന്നോന്മാർ കൈക്കൊണ്ടത്. അങ്ങനെ അമ്മയെയും ഞങ്ങൾ ആറുമക്കളെയും അമ്മയുടെ തറവാട്ടിൽ കൊണ്ടുവിട്ടു. അന്നെനിക്ക് രണ്ടുവയസ്സ്.
അവിടെ അമ്മയുടെ മൂത്ത സഹോദരൻ ചന്തുവമ്മാവൻ ആയിരുന്നു കൊടുമയിൽ കുടുംബത്തിലെ അന്ത്രോർ. അന്ത്രോർ എന്നാൽ കാർന്നോർ കഴിഞ്ഞുള്ള രണ്ടാംസ്ഥാനക്കാരൻ. അമ്മാവന്റെ വീട്ടിലെ സ്ഥിതിയും കഷ്ടമായിരുന്നു. ഉണ്ണാനും ഉടുക്കാനും ഒന്നുമില്ലാത്ത അവസ്ഥ.
ഒന്നുരണ്ടുവർഷം കഴിഞ്ഞപ്പോൾ അച്ഛൻ പതിയെ അമ്മയുടെ വീട്ടിലേക്ക് വന്നു. ഭാര്യയെയും കുട്ടികളെയും കാണാതെ ജീവിക്കാൻപറ്റില്ലെന്ന് അച്ഛൻ അമ്മാവന്റെ വീട്ടിൽവന്ന് സാഷ്ടാംഗം വീണ് പറഞ്ഞപ്പോഴാണ് അതിന് അനുവാദം ലഭിച്ചത്. അച്ഛൻ കാർന്നോന്മാരെ ധിക്കരിച്ചതല്ലെന്നും മക്കളെ പോറ്റാനാണ് ജോലിക്ക് പോയതെന്നും ബോധ്യമായതോടെ അച്ഛന്റെ വീട്ടുകാർ തെറ്റ് മനസ്സിലാക്കി. എനിക്ക് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴേക്ക് അച്ഛന്റെ ബന്ധുക്കൾ അച്ഛനെയും അമ്മയെയും തിരികെ കൊണ്ടുപോകുകയും ചെയ്‌തു.
എന്നാൽ, മക്കളെ എല്ലാവരെയും കൊണ്ടുപോകേണ്ടെന്ന് അമ്മവീട്ടുകാർ നിർദേശിച്ചതനുസരിച്ച് ഞാനും രണ്ട് ഏട്ടന്മാരും അമ്മയുടെ വീട്ടിൽത്തന്നെ താമസമാക്കി. അച്ചപ്പൻ, അമ്മിണി, അണ്ണൻ, ചന്തു, ഞാൻ, കോപ്പി എന്നിങ്ങനെ ഞങ്ങൾ അഞ്ചാണും ഒരു പെണ്ണും. ഇതിൽ ചന്തുവും കോപ്പിയും അച്ഛനും അമ്മയ്‌ക്കും ഒപ്പംപോയി. പെങ്ങളുടെ സംരക്ഷണം അമ്മാവന്മാർ ഏറ്റെടുക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്‌തു. രാമനമ്മാവനായിരുന്നു അന്ന് തറവാട്ടിലെ കാരണവർ. ഇദ്ദേഹം അമ്മയുടെ ബന്ധത്തിലെ ആങ്ങളയാണ്. നേരാങ്ങളയല്ല. ഒരുതരത്തിൽ അനാഥത്വവും അനിശ്ചിതത്വവും ബാല്യം മുതൽക്കേ എന്നെ പിന്തുടരുന്നുണ്ടായിരുന്നു എന്നുപറയാം.
(ചെറുവയൽ രാമന്റെ ആത്മകഥയിൽനിന്ന്)









0 comments