പ്രവാസികൾക്ക് തിരിച്ചടി: നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി

പ്രതീകാത്മക ചിത്രം
റിയാദ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടി. 8200 രൂപ മുതലാണ് വർധിച്ചത്. നിലവിൽ പ്രതിവർഷം 13,450 രൂപ പ്രീമിയം അടച്ചാൽ അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാപരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 വിഭാഗത്തിൽ 28,326 രൂപയും 71–80 വിഭാഗത്തിൽ 48,279 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇതേ തുകയുടെ കുടുംബ ചികിത്സാപരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപയും 44,718 രൂപയും 77,773 രൂപയും നൽകണം. കുറഞ്ഞ വരുമാനവും വിരമിച്ചവരും ഉൾപ്പടെയുള്ള പ്രവാസികൾക്ക് നിരക്ക് വർധന വലിയ തിരിച്ചടിയാകും. നിരക്ക് വര്‍ധനക്കെതിരെ പ്രവാസി സംഘടനകളും പ്രവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രവാസികളുടെ ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാർ ആരംഭിച്ച ക്ഷേമപദ്ധതിയാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ചികിത്സാച്ചെലവിന് ആശ്വാസം നൽകുകയും സാധാരണക്കാരായ പ്രവാസികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ നോർക്ക കെയർ അവതരിപ്പിച്ചത്. ഉയർന്ന ചികിത്സാച്ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന സാഹചര്യത്തിൽ, താങ്ങാവുന്ന പ്രീമിയത്തിൽ ചികിത്സാപരിരക്ഷ ലഭ്യമാക്കിയത് പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. നിരവധി പ്രവാസികൾ സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉപേക്ഷിച്ച് നോർക്ക കെയറിന്റെ ഭാഗമാകുകയും ചെയ്തു. കേരളത്തിലും ഇന്ത്യയിലെ മറ്റ് ആശുപത്രികളിലും ചികിത്സ ലഭിക്കുന്ന പദ്ധതിയാണ്. ഇന്ത്യയിലെ 24,000ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കുമായിരുന്നു.
അന്യായമായ പ്രീമിയം വർധന പിൻവലിക്കുക, പദ്ധതിയുടെ പ്രവാസിക്ഷേമ സ്വഭാവം സംരക്ഷിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കുക എന്നതിനൊപ്പം നിലവിലെ അംഗങ്ങളുടെ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. പ്രവാസ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപവും ശക്തമാവുകയാണ്.









0 comments