തേനി ജയിൽചാട്ടം: രണ്ട് പ്രതികൾ കൂടി പിടിയിൽ; ഇതോടെ ചാടിയ 17 പേരും അകത്ത്

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്നും ചാടിപ്പോയ 17 തടവുകാരെയും രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് പൊലീസ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. അതിനു മുൻപ് റെജിൻ, പൊൻമുത്തു സെൽവം എന്നിവരുൾപ്പെടെയുള്ളവരെ പൊലീസ് പിടിയിലാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻമാരെ ആക്രമിച്ചാണ് പ്രതികൾ ജയിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചു പേരെയും തുടർന്ന് പകൽ സമയത്ത് എട്ടു പേരെയും പൊലീസ് പിടികൂടിയിരുന്നു. ഏറ്റവും ഒടുവിലത്തെ അറസ്റ്റോടെ ഒളിവിലായിരുന്ന മുഴുവൻ പ്രതികളെയും പിടികൂടി പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചു.
അതിനിടെ, ജയിൽ ചാടിയ ശേഷം തടവുകാർ ഏത് വഴിയാണ് രക്ഷപ്പെട്ടതെന്നും എവിടെയൊക്കെയാണ് ഒളിവിൽ കഴിഞ്ഞതെന്നും കണ്ടെത്തുന്നതിനായി പിടികൂടിയ പ്രതികളെ പൊലീസ് സംഭവസ്ഥലത്തും മലയോര മേഖലകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രത്യേക സംഘങ്ങളും ക്രൈംബ്രാഞ്ചും ഉൾപ്പെടെ മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് തിരച്ചിലിൽ പങ്കെടുത്തത്. മലയോര മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി മൂന്ന് ഡ്രോണുകളും ഉപയോഗിച്ചിരുന്നു. അറസ്റ്റിലായ തടവുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ള പ്രതികളെ പൊലീസ് വലയിലാക്കിയത്.








0 comments