തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് യുവാവ് മരിച്ചു

സുജിത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. മൺവിള സ്വദേശി സുജിത്ത് (38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട് പൂർണമായും കത്തിനശിച്ചു. സിഗരറ്റ് കത്തിച്ചപ്പോൾ തീപ്പൊരി വീണാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധൻ ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് സംഭവം. ആദ്യം ഒരു മുറിയിലാണ് തീപിടിച്ചത്. തുടർന്ന് ജീവരക്ഷാർഥം സുജിത്ത് ശുചിമുറിയിലേയ്ക്ക് ഓടിക്കയറി. അപ്പോഴേയ്ക്കും തീ ആളിപടർന്നു.
കഴക്കൂട്ടത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ച് സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സിഗരറ്റിൽ നിന്നും തീപ്പൊരി വീണ് വീടൊന്നാകെ കത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും.








0 comments