കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാൻ സിഐടിയു; ഡിസംബർ 1ന് പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ സിഐടിയു. ഇതിന്റെ ഭാഗമായി ഡിസംബർ 1ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായി മാറുമെന്ന് സിഐടിയു വ്യക്തമാക്കി.
ഹരിയാനയിൽ 40000ത്തിലധികം വരുന്ന വൈദ്യുതി ജീവനക്കാരും എഞ്ചിനീയർമാരും, സ്വകാര്യ കമ്പനിക്ക് സമാന്തര വിതരണ ലൈസൻസ് നൽകാനുള്ള നീക്കത്തിനെതിരെ നടത്തിയ 48 മണിക്കൂർ പണിമുടക്ക് വൻ വിജയമായിരുന്നു. പവർ സിസ്റ്റം പൂർണമായും സ്തംഭിപ്പിച്ച സമരം സർക്കാരിനെ പിന്നോട്ടടിപ്പിച്ചു. സ്വകാര്യ ലൈസൻസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നു. കുടിവെള്ളവും വൈദ്യുതിയും മുടങ്ങിയ സാഹചര്യത്തിലും കർഷക സംഘടനകളും പൊതുജനങ്ങളും തൊഴിലാളികൾക്ക് പൂർണ പിന്തുണ നൽകി.
തമിഴ്‌നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന കേന്ദ്ര ആവശ്യമുയർത്തി സിഐടിയുവിന്റെ നേതൃത്വത്തിൽ വൻ ബഹുജന റാലികളും പ്രതിഷേധങ്ങളും നടന്നു. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള സ്‌കീം വർക്കർമാർ ശക്തമായ സമരപാതയിലാണ്. അവരെ തൊഴിലാളികളായി അംഗീകരിക്കുക, കുറഞ്ഞ വേതനവും നിയമപരമായ ആനുകൂല്യങ്ങളും ഉറപ്പാക്കുക എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
ലേബർ കോഡുകൾ പിൻവലിക്കണം, മിനിമം വേതനം ഉറപ്പാക്കണം, സ്കീം വർക്കേഴ്‌സിനെ , തൊഴിലാളികൾ ആയി അംഗീകരിക്കണം, മിനിമം വേതനം 42,000 രൂപയായി നിശ്ചയിക്കണം, മിനിമം പെൻഷൻ 21,000 രൂപയായി നിശ്ചയിക്കണം, ഫാക്ടറികളിൽ ഒഴിവുകൾ നികത്തണം, ഫാക്ടറികളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം, വനമേഖല കോർപറേറ്റുകൾക്ക് തീറെഴുതി നൽകുന്നതിൽ നിന്ന് സർക്കാർ പിൻമാറണം എസ്ഐആർ പിൻവലിക്കണം, അർഹരായ എല്ലാവരെയും വോട്ടർ ലിറ്റിൽ ഉൾപ്പെടുത്തണം തുടങ്ങിയവയാണ് സിഐടിയുവിന്റെ ആവശ്യങ്ങൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുകയാണ്. വോട്ടവകാശത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ജനങ്ങൾ ജനാധിപത്യപരമായി പ്രതികരിക്കാൻ തുടങ്ങിയതോടെ ഭരണകൂടം കൂടുതൽ ഒറ്റപ്പെടുകയാണ്. ഈ പോരാട്ടങ്ങൾക്കെല്ലാം കാരണം കോർപ്പറേറ്റുകളെ സഹായിക്കുന്ന സർക്കാരിന്റെ നയങ്ങളാണ്. ഇതെല്ലാം ഏകോപിപ്പിച്ചാണ് ഡിസംബർ 1ന് പാർലമെന്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കാൻ ദില്ലിയിലെത്തും. ഫാക്ടറികൾ, പ്ലാന്റേഷനുകൾ, ട്രാൻസ്പോർട്ട് ഡിപ്പോകൾ, തൊഴിലാളി കോളനികൾ എന്നിവിടങ്ങളിൽ ഗേറ്റ് മീറ്റിംഗുകൾ, പദയാത്രകൾ, വാഹന ജാഥകൾ, ലഘുലേഖ വിതരണം, തെരുവ് നാടകങ്ങൾ എന്നിവ നടന്നുവരുന്നു. കർഷക സംഘടനകളായ എഐകെഎസ്, എഐഎഡബ്ല്യുയു എന്നിവരും പങ്കാളികളാകുന്നുണ്ട്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.









0 comments